ആര്യനാട്: ആര്യനാട് ഗവണ്മെന്റ് ഐടിഐ ഹോസ്റ്റല്‍ നിര്‍മാണം ആരംഭഘട്ടത്തില്‍ തന്നെ നിലച്ചു. കെട്ടിടത്തിന്റെ പില്ലറും ബീമും പണിഞ്ഞെന്നല്ലാതെ യാതൊന്നും നടന്നില്ല. പണി നിലച്ചതോടെ ഇവിടം മുഴുവന്‍ കാടുകയറിയ നിലയിലാണ്. ഇവിടമിപ്പോള്‍ ഇഴജന്തുക്കളുടെ താവളമാണ്.
2009ല്‍ ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 1.3 കോടി രൂപയാണ് അനുവദിച്ചത്. അതേ വര്‍ഷം തന്നെ ഐടിഐയുടെ പിന്‍ഭാഗത്തായി 15 സെന്റില്‍ 15 ലക്ഷം രൂപ ചെലവിട്ട് കെട്ടിടത്തിന്റെ പ്രാരംഭ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും പാര്‍ട്ട് ബില്ല് മാറുന്നതിനെച്ചൊല്ലി കരാറുകാരനും പൊതുമരാമത്ത് വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായി തര്‍ക്കം ഉടലെടുത്തതോടെ പണി നിലച്ചു. പിന്നീടത് കോടതി വ്യവഹാരത്തില്‍വരെ എത്തി. ഇതിനിടയില്‍ തര്‍ക്കങ്ങള്‍ തീര്‍ത്ത് റീ ടെണ്ടര്‍ ചെയ്യാനുള്ള നടപടികള്‍ നടന്നെങ്കിലും അതും പാതിവഴിയിലായി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി മാത്രം 74 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്ന കേരളത്തിലെ രണ്ട് ഐടിഐകളിലൊന്നാണിത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 600ലധികം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
1990 ല്‍ ആര്യനാട് ഉണ്ടപ്പാറയില്‍ മൂന്നു ട്രേഡുകളുമായാണ് ഐടിഐ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 2001 ല്‍ പള്ളിവേട്ടയിലേക്ക് പ്രവര്‍ത്തനം മാറ്റി. ഐടിഐക്ക് അടുത്തായി ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ വാടകയ്ക്കാണ് ഇപ്പോള്‍ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം. പ്രതിമാസം 17000 രൂപയാണ് വാടകയിനത്തില്‍ നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളാണ് ഹോസ്റ്റല്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നവരില്‍ ഏറെയും. ഇവര്‍ക്ക് ഭക്ഷണത്തിനും മറ്റുമുള്ള തുക സ്വന്തമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ മെസ്സ് ഉള്‍പ്പെടെയുള്ള സൗകര്യം ലഭ്യമാകുമായിരുന്നു.
വസ്തുവിന്റെ ഭൂരിഭാഗവും ഐടിഐ കെട്ടിടം പണിഞ്ഞതോടെ തീര്‍ന്നു. ബാക്കിയുള്ള സ്ഥലമാണ് ഹോസ്റ്റല്‍ നിര്‍മാണം നടത്താനായി മാറ്റിയിട്ടത്. എന്നാല്‍ നിര്‍മാണം നിലച്ചതോടെ സ്ഥലവും ഉപയോഗയോഗ്യമല്ലാതായി. പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്കായുള്ള ഐടിഐ ആയതിനാല്‍ നിരവധി ഫണ്ടുകളാണ് കെട്ടിടങ്ങള്‍ക്കും മറ്റുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്നത്. എന്നാല്‍ സ്ഥലപരിമിതി കാരണം ഫണ്ടുകള്‍ നഷ്ടപ്പെടുകയാണ് പതിവ്
ഹോസ്റ്റല്‍ കെട്ടിടം പണിതീര്‍ന്നാല്‍ അന്യജില്ലകളില്‍ നിന്നും ജില്ലയിലെ ആദിവാസി ഊരുകളില്നിന്നുമൊക്കെ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും. ക്ലാസ്സുകള്‍ ഷിഫ്റ്റ് ആയിട്ടാണ് നടത്തുന്നത്. അത് കാരണം അതിരാവിലെ തന്നെ കുട്ടികള്‍ക്ക് ക്ലാസ്സിനെത്തണം. യാത്രാസൗകര്യം കുറഞ്ഞ പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് സമയത്തിന് എത്താനാകാതെ പലപ്പോഴും ക്ലാസ്സുകള്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഹോസ്റ്റല്‍ കെട്ടിടം പണിതീരുന്നതോടെ ഇതിനൊക്കെ പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: