കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തില്‍ രാത്രി പകല്‍ ഭേദമില്ലാതെ വന്യമൃഗശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ പനവല്ലിയില്‍ വരകില്‍ ഗിരിഷ് ആനയുടെ പിടിയില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പിറകെ ഒടിവന്ന കാട്ടു കൊമ്പന് ഗിരിഷിന്റെ ബൈക്ക് തട്ടിത്തെറിപ്പിച്ചു. ബൈക്ക് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.
പനവല്ലി കാല്‍വരി ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള കാപ്പിതോട്ടത്തിലാണ് ആനയുടെ വിഹാരം. കാപ്പിയുടെ ഇടക്കുള്ള വാഴ തിന്നുവാനാണ് ആന ഇവിടെ എത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാപ്പി തോട്ടത്തിനും വന്‍ നാശമാണ് സംഭവിച്ചത്. ഫോറസ്റ്റുകാര് വന്നെങ്കിലും പതിവ് സന്ദര്ശനത്തിലൊതുക്കുകയല്ലാതെ മറ്റൊരു നടപടിയും ഫോറസ്റ്റ് ഡിപാര്‍ട്ട്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതിനടുത്ത സ്ഥലത്ത് വെച്ചാണ് കാടുപോത്തിന്റെ കുത്തേറ്റ് കൊച്ചു കുന്നേല്‍ രവിയുടെ ഭാര്യ ശ്യാമളയുടെ ഒരു കണ്ണ് നഷ്ടപെട്ടത്.
കാട്ടിക്കുളത്ത് നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം മാറി വെള്ളാംചേരി എന്ന സ്ഥലത്ത് വെച്ച് കുഞ്ഞേലന് എന്നയാള്‍ കാട്ടുകൊമ്പന്റെ ആക്രമണത്താല്‍ കൊല്ലപ്പെട്ടിരുന്നു. ബേഗൂര്‍ കോളനിയിലെ ബൊമ്മന് ഡ്യൂട്ടിക്കിടെയാണ് ആനയുടെ ആക്രമത്താല്‍ കൊല്ലപ്പെട്ടത്. എകദേശം ഒരു വര്‍ഷം മുമ്പാണ് അപ്പപ്പാറ മണി എന്നയാള്‍ തോട്ടത്തില്‍ കാവല്‍ കഴിഞ്ഞ് വരുമ്പോള്‍ അനയുടെ കുത്തേറ്റ് മരിക്കുന്നത്. തോല്‍പ്പെട്ടി പമ്പിന് താഴെ നടത്തിയിരുന്ന മെസ്സ് ഹൗസ് ആന തകര്‍ത്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടു പോലും തിരുനെല്ലി പഞ്ചായത്തിന്റെ വന്യമൃഗശല്യത്തിന് ശാശ്വതമായൊരു പരിഹാരം കാണുന്നതിന് വേണ്ടി ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ നിന്നോ ജനപ്രധിനിതികളില്‍ നിന്നോ യാതൊരു വിധ ഇടപെടലും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: