സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക സമുദായങ്ങള്‍ക്ക്, കേന്ദ്രം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയിട്ട് നാളുകളായി. എന്നാല്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഇത് നടപ്പാക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു, ഇടത് സര്‍ക്കാര്‍. വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് വിദ്യാഭ്യാസ രംഗത്ത് സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നടപ്പാക്കിയ നടപടി സ്വാഗതാര്‍ഹം. എന്നാല്‍ അതിലുമുണ്ട് ഇരട്ടത്താപ്പ്. സംവരണം ജാതിയുടേയോ, മതത്തിന്റേയോ അടിസ്ഥാനത്തിലല്ല, സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലാവണം എന്നതാണ് നീതിയുക്തം എന്ന് ആഴത്തില്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ശുഭസൂചന നല്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്കക്കാര്‍ക്ക് അത് എന്തുകൊണ്ടും ആശ്വാസം പകരുന്നതാണ്. എന്നിരുന്നാലും, ഈ ഉത്തരവിലും സ്പഷ്ടമായ ഒരു വിവേചനമുണ്ട് എന്ന് പറയാതെ വയ്യ. സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കണമെന്നായിരുന്നു ജസ്റ്റിസ് കെ. ശ്രീധരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഈ വേര്‍തിരിവ് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ല. കാരണം, മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ന്യൂ
നപക്ഷങ്ങളും സാമ്പത്തികമായി മേല്‍ഗതിയില്‍ നില്‍ക്കുന്നവരും മാത്രമല്ല പ്രവേശനം തേടുന്നത്. അവിടേയും സാമ്പത്തിക ശേഷി തീരെയില്ലാത്ത, മുന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരും പഠിക്കുന്നുണ്ട്. ഇപ്പോഴത്തെ ഉത്തരവ് പ്രകാരം ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ബാധകമാവില്ല.
വിദ്യാഭ്യാസം എന്നത് അനുദിനം ചിലവേറിക്കൊണ്ടിരിക്കുന്ന മേഖലയാണിന്ന്. കാശുള്ളവര്‍ പഠിച്ചാല്‍ മതിയെന്ന വീക്ഷണമാണ് സമൂഹത്തില്‍ ഒരു വിഭാഗത്തിന് ഇപ്പോഴുമുള്ളത്. പിന്നാക്ക വിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ സംവരണം നല്കി, ആ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ പണ്ടത്തെ സാമൂഹ്യ, സാമ്പത്തിക, ജീവിത ചുറ്റുപാടുകളില്‍ ഇപ്പോള്‍ കാതലായ മാറ്റം സംഭവിച്ചു. ആ മാറ്റം കൂടി ഉള്‍ക്കൊണ്ടുകൊണ്ടാവണം സംവരണം നിശ്ചയിക്കേണ്ടത്. സാമ്പത്തികമായി പിന്നില്‍ നില്ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഇത്തരം സംവരണങ്ങളുടെ പ്രയോജനം ലഭിച്ചിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മുന്നാക്ക വിഭാഗത്തില്‍ ജനിച്ചു എന്ന സാങ്കേതിക കാരണത്താല്‍, ജീവിക്കാന്‍ വേണ്ടത്ര ചുറ്റുപാടില്ലാതെ, ജീവിതം വഴിമുട്ടിയ നിരവധി പേരുണ്ട്. സാമ്പത്തിക പരാധീനതയാല്‍ വിദ്യാഭ്യാസം പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്നവരും ഇതിലുണ്ട്. അതുകൊണ്ടൊക്കെ തന്നെ, സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഇപ്പോഴത്തെ ഉത്തരവ് ഒരു പരിധിവരെ ആശ്വാസകരമാണ്. എങ്കിലും അവിടെയും ഒരു വിവേചനം നിലനില്ക്കുന്നു എന്നത് കാണാതെ പോവരുത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിന് കീഴില്‍ ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുമില്ല. സമൂഹത്തില്‍ സംവരണം നടപ്പാക്കേണ്ടത് ഇപ്പോഴത്തെ സാമൂഹിക പരിതസ്ഥികള്‍ എല്ലാം പരിഗണിച്ചുകൊണ്ടാവണം. ഉള്ളവനെന്നും ഇല്ലാത്തവനെന്നുമുള്ള അന്തരം കുറയ്ക്കുന്നതിന് സാമ്പത്തിക സംവരണമാണ് അനിവാര്യം. അതിലേക്കുള്ള ചുവടുവയ്പ്പുകളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നതും. കേരളം ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനവും അതിന് സഹായകമാണ്.
വിദ്യാഭ്യാസം എന്നത് അതാത് സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമായതുകൊണ്ട് സംസ്ഥാനത്തിന് അത്തരം വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളാനുള്ള അധികാരമുണ്ട്. എന്നിരുന്നാലും ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം ബാധകമല്ലാത്തത് വിവേചനപരമാണ്. ആ തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കാന്‍ തയ്യാറാവണം. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഇതേ ആവശ്യം ഉയരുന്നുണ്ട് എന്നതും പരിഗണിക്കണം. എന്‍എസ്എസ് ഉള്‍പ്പടെയുള്ള സാമുദായിക സംഘടനകളും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. പൗരന്മാരെ രണ്ട് തട്ടില്‍ നിര്‍ത്തുന്ന, രണ്ട് ചിന്തകളിലേക്കും രണ്ട് അഭിപ്രായങ്ങളിലേക്കും വഴിവയ്ക്കുന്ന ഏതൊരു തീരുമാനവും പുനപരിശോധിക്കേണ്ടതു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: