Categories: Vasthu

വാസ്തുസൂത്രങ്ങള്‍

വാസ്തു ശാസ്ത്രപ്രകാരമുള്ള ഗൃഹനിര്‍മ്മാണത്തിന് ചതുരാകൃതിയാണ് നല്ലത്. നിര്‍മ്മാണ ഭൂമിയെ വാസ്തുപുരുഷ മണ്ഡല പ്രകാരമുള്ള ചതുരമാക്കി ക്രമീകരിക്കണം. ഇതിനെ നാല് ഭാഗങ്ങളായി തിരിക്കുമ്പോള്‍  വടക്ക്- കിഴക്ക്, തെക്ക് -കിഴക്ക്, തെക്ക്- പടിഞ്ഞാറ്, വടക്ക് -പടിഞ്ഞാറ് ദിശകളിലായി ക്രമേണ ഈശ -അഗ്‌നി -നിരൃതി-വായു ഖണ്ഡങ്ങള്‍ ഉണ്ടാകുന്നു. ഇങ്ങനെ ഖണ്ഡ നിര്‍ണയം ചെയ്യുന്ന ഈ സാങ്കല്‍പ്പിക രേഖകള്‍ മധ്യ സൂത്രങ്ങള്‍ ആകുന്നു. ഇവയില്‍ കിഴക്ക് പടിഞ്ഞാറ് രേഖയാണ് ബ്രഹ്മസൂത്രം. ഇതിന്റെ അഗ്രം കിഴക്കും, ചുവട് പടിഞ്ഞാറുമാണ്. തെക്കു വടക്ക് ദിശകളിലുള്ള  രേഖ യമസൂത്രം. അതിന്റ അഗ്രം വടക്കും, ചുവടു തെക്കുമാകുന്നു. ഈ സൂത്രങ്ങള്‍ നിര്‍മാണഭൂമിയിലും ഗൃഹാദി നിര്‍മാണങ്ങളിലും  പ്രാധാന്യമേറിയതാകുന്നു.

ഇതുകൂടാതെ കോണുകള്‍ കൂടിയും ഓരോ സൂത്രങ്ങള്‍ ഉണ്ട്. വടക്കുകിഴക്കേ കോണില്‍ അഗ്രവും  തെക്കുപടിഞ്ഞാറേ കോണില്‍ ചുവടുമായുള്ളതിന് കര്‍ണ്ണസൂത്രം അഥവാ ജീവസൂത്രം എന്നും തെക്കു കിഴക്കേ കോണില്‍ അഗ്രവും വടക്കുപടിഞ്ഞാറ് കോണില്‍ ചുവടുമായി വരുന്ന രേഖ മൃത്യു സൂത്രം എന്നും വിളിക്കുന്നു. വസ്തുവിന്റെ സൂത്രങ്ങളുടെയും അഗ്രമൂലകളെ കൊണ്ട് ഗൃഹാദികളായ വാസ്തുവിന്റെയും മധ്യസൂത്രാദികള്‍ വേധിക്കുന്നത് അശുഭകരമായതിനാല്‍ വീട് മനുഷ്യ ഖണ്ഡത്തിലേക്കോ ദേവഖണ്ഡത്തിലേക്കോ ഇറക്കി സ്ഥാനം കാണുന്നത് ഉചിതമാണ്. ഇപ്രകാരം വസ്തുവിന്റെയും വാസ്തുവിന്റെയും കര്‍ണ, മൃത്യു, മധ്യ സൂത്രങ്ങളാല്‍ തൊഴുത്ത്, മറ്റു ഉപാലയങ്ങള്‍, നടുമുറ്റം, കിണര്‍, കുഴികള്‍ മുതലായവകളുടെ  സൂത്രങ്ങളെ കൊണ്ടു വേധിക്കുന്നത് ദോഷമാകുന്നു.

സൂത്രങ്ങള്‍, രജ്ജുക്കള്‍ എന്നിവ കിഴക്ക് തുടങ്ങി എട്ട് ദിക്കുകളില്‍ വേധിക്കുന്നുണ്ടെങ്കില്‍ യഥാക്രമം ഭര്‍തൃവിയോഗം, മാരകരോഗം,  ശത്രുപീഡ, സന്താനഹാനി, ധനഹാനി, വാതരോഗം, കുലനാശം,  ധാന്യനാശം എന്നിങ്ങനെ അനിഷ്ടഫലങ്ങള്‍ക്ക് കാരണമാകുന്നു. ഇപ്രകാരം തന്നെ നാലുകെട്ട് ഗൃഹങ്ങളില്‍ ശാലകള്‍ തമ്മിലും പരസ്പരം സൂത്ര വേധങ്ങള്‍ വരാന്‍ പാടില്ലാത്തതാകുന്നു.

സൂത്ര-രജ്ജുക്കളുടെ വിസ്താരം

വാസ്തുശാസ്ത്രാനുസാരിയായ നിര്‍മാണത്തിന് ശാസ്ത്രം വാസ്തുപുരുഷ മണ്ഡലപ്രധാന്യം  പ്രസ്താവിക്കുന്നു. വാസ്തുപുരുഷമണ്ഡലത്തെ കുറിച്ച് വ്യക്തമായ ധാരണകള്‍ ഉള്ളവര്‍ക്കേ ശാസ്ത്രത്തിന് അനുസരിച്ചുള്ള ഗൃഹങ്ങള്‍ രൂപകല്പന ചെയ്യാനാകൂ.  നിര്‍മാണങ്ങളുടെ  ഭേദമനുസരിച്ച് മണ്ഡലങ്ങള്‍ക്കും വ്യത്യാസമുണ്ട്. ഗൃഹനിര്‍മ്മാണത്തിനായി സാധാരണ  ഉപയോഗിക്കുന്നത് 9ഃ9 81 പദങ്ങളുള്ള പരമസായിക മണ്ഡലമാണ്. ഇപ്രകാരമായുള്ള  മണ്ഡലത്തിലെ ഒരു പദത്തിന്റെ  പന്ത്രണ്ടില്‍ ഒരു ഭാഗമായിരിക്കും ആ ഗൃഹത്തിന്റ സൂത്ര രജ്ജുക്കളുടെ വിസ്താരം. മനുഷ്യാലയവിധി എന്ന കേരളീയ ഗ്രന്ഥം ഇതിനെ സൂത്രവണ്ണം എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്.

ഒരിക്കലും ഇത്തരത്തിലുള്ള വേധം  സംഭവിക്കാതിരിക്കാനാണ് ആചാര്യന്മാര്‍ നിര്‍മ്മാണത്തില്‍ ഗമനത്തിന്റ ആവശ്യകതയെപ്പറ്റി പറഞ്ഞിട്ടുള്ളത്. ക്ഷേത്ര നിര്‍മാണത്തിലെ ഗമനം നമുക്ക് അനുഭവവേദ്യമാണല്ലോ. ദേവപ്രതിഷ്ഠയില്‍ തുടങ്ങി വാതില്‍, നമസ്‌കാരമണ്ഡപം, വിളക്കുകള്‍, വലിയ ബലിക്കല്ല്, കൊടിമരം,  ഗോപുരം എന്നിങ്ങനെ എല്ലാ അവയവങ്ങളും ഗമനത്താല്‍ സ്ഥാപിക്കപെടുന്നവയാണ്.  ഇത്തരത്തില്‍ ഗമനം കൊടുത്ത് വേണം ഗൃഹങ്ങളില്‍ ശാല, നടുമുറ്റം, പ്രധാന വാതില്‍, തുളസിത്തറ, പടിപ്പുര അല്ലെങ്കില്‍ ഗേറ്റ് എന്നിവ സ്ഥാപിക്കാന്‍.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക