കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികളില്‍ ഒന്നായ സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കൊച്ചിയിലെ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസിലെ മറ്റൊരു പ്രതിയായ സെയ്തലവിയുടെ ജാമ്യാപേക്ഷയും ഇതോടൊപ്പം തള്ളിയിട്ടുണ്ട്. കൂടാതെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 17ലേക്ക് മാറ്റി. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മൂവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.
അന്വേഷണ സംഘത്തിന് മുമ്പാകെയുള്ള സ്വപ്നയുടെ കുറ്റസമ്മതമൊഴിക്കൊപ്പം മറ്റു തെളിവുകള്‍ കൂടി ലഭിച്ചതായി കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. . ബാഗില്‍ സ്വര്‍ണ്ണമുണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് സ്വപ്ന ബാഗ് തിരിച്ചയക്കാന്‍ ശ്രമിച്ചതെന്നും ഉന്നത സ്വാധീനമുപയോഗിച്ചാണ് സ്വപ്ന കേരളത്തില്‍ നിന്ന് കടന്നതെന്നും കസ്റ്റംസ് സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.
കൂടാതെ കേസുമായി ബന്ധമുള്ള വിദേശത്തുള്ള പ്രതികളെ കൂടി ഇനിയും പിടികൂടാനുണ്ട്. സ്വപ്നയ്ക്ക് ഇപ്പോള്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. ഇത് കൂടി പരിഗണിച്ചാണ് പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.
ഇതോടൊപ്പം കേസിലെ പ്രതികളായ സെയ്തലവി, സംജു, മുഹമ്മദ് അബ്ദു ഷമീം, അബ്ദു പി.ടി., മുഹമ്മദ് അന്‍വര്‍, അബ്ദുള്‍ ഹമീദ്, അബൂബക്കര്‍ പഴേടത്ത്, ജിഫ്സല് സി.വി. തുടങ്ങി എട്ട് പേരുടെ റിമാന്‍ഡ് കാലാവധി ഈ മാസം 25 വരെ നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: