തൊടുപുഴ: സ്ഥലത്തിന്റെ പേരിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് താലൂക്ക് സര്‍വെയര്‍ നോക്കി നില്‍ക്കെ പട്ടികജാതിക്കാരിയായ വിധവയേയും മകളെയും കൈയും കാലും വെട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി പരാതി. ഇടവെട്ടി മണ്ണാര്‍മറ്റത്തില്‍ ഗീത എം.കെയും 9 വയസുള്ള മകളുമാണ് തങ്ങള്‍ നിര്‍മ്മിക്കുന്ന വീട്ടിലേക്കുള്ള റോഡ് സമീപവാസി കൈയേറിയതായി കാട്ടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
പരാതിയില്‍ പറയുന്നതിങ്ങനെ: പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലെ വെള്ളിലാംതൊട്ടിയില് പട്ടികജാതി പുനരിധിവാസ പദ്ധതിപ്രകാരമാണ് 3 സെന്റ് സ്ഥലവും വീടും ലഭിച്ചത്. വീട് പണി ഭാഗീകമായി പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ബാക്കി പണിക്കായി എത്തിയ സമയത്താണ് തൊട്ടുടുത്ത വീട്ടുകാരാനായ തൊട്ടിപ്പറമ്പില്‍ ലിജോ രാജന് വീട്ടിലേക്കുള്ള വഴി (5 അടി വീതിയുള്ളത്) കൈയേറി മതില്‍കെട്ടാന്‍ ശ്രമിക്കുന്നത് കാണുന്നത്. ഇത് ചോദ്യം ചെയ്തപ്പോള്‍ വില്ലേജില്‍ നിന്ന് തനിക്ക് കുറ്റിവെച്ച് തന്നതായാണ് ഇയാള്‍ ഗീതയോട് പറഞ്ഞത്. ഈ വിഷയം വില്ലേജില്‍ നേരിട്ടെത്തി അറിയിച്ചപ്പോള്‍ ആരും അവിടെ പോയിട്ടില്ലെന്നാണ് വില്ലേജ് ഓഫീസര്‍ പറഞ്ഞത്.
ഉടനെ തന്നെ ആധാരത്തിന്റെ കോപ്പിയടക്കം ഇവിടെ പരാതി നല്കി. തുടര്‍ നടപടിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധിക്കുകയും, സംഭവം ബോധ്യപ്പെടുകയും ചെയ്തു. താലൂക്കില്‍ പരാതി നല്കി അവരെത്തി അളന്ന ശേഷം പണി നടത്തിയാല്‍ മതിയെന്ന് സംഘം നിര്‍ദേശിക്കുകയായിരുന്നു.
ചൊവ്വാഴ്ച സര്‍വെയര്‍ സ്ഥലം അളക്കുകയും ആധാരത്തിലുള്ളത് പോലെ വഴിയുണ്ടെന്ന് സ്ഥാപിക്കുകയും ചെയ്തു. പിന്നാലെയാണ് സര്‍വെയര്‍ നോക്കി നില്‍ക്കെ ഇയാള്‍ ഗീതയേയും കുട്ടിയേയും ഭീഷണപ്പെടുത്തിയത്, വഴി ഞാന്‍ കെട്ടുമെന്നും പറഞ്ഞു. ഈ വഴിയുമായി ബന്ധപ്പെട്ട് നിലവില്‍ പട്ടികജാതി വികസ വകുപ്പ് മന്ത്രിക്കും, മനുഷ്യാവകാശ കമ്മീഷനും കളക്ടര്‍ക്കും അടക്കം പരാതി നല്‍കിയിട്ടുള്ളതാണെന്നും ഗീത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: