മൂന്നാര്‍: രാജമല പെട്ടിമുടിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ആറാം ദിവസം നടത്തിയ തെരച്ചിലില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ഇന്നലെ പുഴയില്‍ നടത്തിയ തിരച്ചിലില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കിട്ടി. സുമതി(55), നദിയ(10), ലക്ഷണശ്രീ(10) എന്നിവരെയാണ് കണ്ടെടുത്തത്. ഇവരുടെ സംസ്ക്കാര ചടങ്ങുകളും പൂര്‍ത്തീകരിച്ചു.
ദുരന്തത്തില്‍ അകപ്പെട്ട 15 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇതില്‍ ഏഴ് പേരും കുട്ടികളാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഉരുള്‍പൊട്ടിയതെങ്കിലും അപകടം പുറംലോകമറിഞ്ഞത് വെള്ളിയാഴ്ച രാവിലെയാണ്.
സുമതിയുടെ മൃതദേഹമാണ് ഇന്നലെ ആദ്യം കണ്ടെത്തിയതെങ്കിലും ഇവരെ തിരിച്ചറിയാന്‍ താമസം നേരിട്ടു. ഇന്നലെ പകല്‍ മഴമാറി നിന്നത് തിരച്ചില്‍ ജോലികള്‍ക്ക് സഹായകരമായി. ദുരന്തഭൂമിക്ക് സമീപത്തുകൂടി ഒഴുകുന്ന പുഴ കേന്ദ്രീകരിച്ചായിരുന്നു തെരച്ചില്‍ നടന്നത്. ദുരന്തമുണ്ടായ പെട്ടിമുടിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഗ്രാവല്‍ ബങ്കില്‍ വീടുകളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങളും വലിയ അളവില്‍ മണ്ണും മണലും വന്നടിഞ്ഞിട്ടുണ്ട്. ഇവിടേക്ക് കൂടുതല്‍ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ച് മണല്‍ നീക്കിയും അവശിഷ്ടങ്ങള്‍ നീക്കിയും തെരച്ചില്‍ നടത്തി.
പുഴയുടെ ഇരുകരകളിലും മണ്ണ് മാന്തി യന്ത്രങ്ങളുടെ സഹായത്താല്‍ തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഗ്രാവല്‍ ബങ്കിന് താഴ് ഭാഗത്തേക്കുള്ള പുഴയോരത്തും തെരച്ചില്‍ നടത്തുന്നുണ്ട്. ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന ദുരന്തഭൂമിയിലും ഇന്നലെ തെരച്ചില്‍ തുടര്‍ന്നു. മണ്ണ് മാന്തിയന്ത്രങ്ങളുടെ സഹായത്താല്‍ ഇവിടെ ഏറെക്കുറെ എല്ലായിടത്തും പലതവണ മണ്ണ് നീക്കി പരിശോധന നടത്തി കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയില്‍ നിന്ന് ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഘാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് മൂന്നാര്‍ ആനച്ചാല്‍ ഹെലിപ്പാടില്‍ എത്തും. രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന ഹെലികോപ്റ്റര്‍ ആനച്ചാലിലെത്തി സന്ദര്‍ശനം പൂര്‍ത്തിയാക്കി രണ്ടിന് മടങ്ങും. ബിജെപി ഉള്‍പ്പെടെ നടത്തിയ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവിലാണ് മുഖ്യമന്ത്രി ദുരന്തഭൂമിയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: