ആലപ്പുഴ: സംസ്ഥാന കാര്‍ഷിക വികസന ക്ഷേമവകുപ്പില്‍ സര്‍വീസ് ബുക്കില്‍ ജനനതീയതി തിരുത്തി ജോലി ചെയ്യുന്നവര്‍ നിരവധി. വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ പ്രാഥമിക അന്വേഷണത്തില്‍ ജനനതീയതി തിരുത്തി സര്‍വീസില്‍ തുടരുന്ന 15 പേരെ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താരതമ്യേന താഴെത്തട്ടില്‍ ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
വന്‍ ശമ്പളം വാങ്ങുന്ന ഗസറ്റഡ് റാങ്ക് മുതലുള്ള ഉന്നത തസ്തികയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ തയ്യാറാകുന്നില്ല. ഇപ്രകാരം ജനനത്തീയതി തിരുത്തി സര്‍വീസില്‍ ഉദ്യോഗസ്ഥര്‍ തുടരുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നു എന്ന് മാത്രമല്ല, ശമ്പളമിനത്തില്‍ കോടികള്‍ സര്‍ക്കാരിന് അധികബാദ്ധ്യതയും വരുത്തുന്നു. രാഷ്ട്രീയ, യൂണിയന് ഇടപെടലുകളെ തുടര്‍ന്നാണ് സര്‍വീസ് ബുക്കില്‍ ജീവനക്കാരുടെ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കുന്നത്. കാലങ്ങളായി കൃഷി വകുപ്പില്‍ ജീവനക്കാര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശി ധനേഷ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
ജനനത്തീയതി തിരുത്തി സര്‍വീസില്‍ തുടരുന്നവരുടെ വിവരങ്ങള്‍ 2016 മുതല്‍ അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ വ്യക്തമാക്കുന്നു. നാലു വര്‍ഷമായിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് വന്‍ ശമ്പളം പറ്റുന്ന ഉന്നതരെ സംരക്ഷിക്കാനാണെന്ന് ആക്ഷേപമുണ്ട്. നിലവില്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട ജനനത്തീയതി തിരുത്തിയവരുടെ പട്ടികയില്‍ ഒരാളൊഴികെ എല്ലാവരും സ്വീപ്പര്‍മാരും, തൊഴിലാളികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: