വാഷിങ്ടണ്‍ : വിസാ ചട്ടങ്ങള്‍ ഇളവുകള്‍ വരുത്തി യുഎസ് ഭരണകൂടം. ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ എത്തുന്നവര്‍ക്ക് അവരുടെ കുടുംബത്തേയും ഒപ്പം കൂട്ടാന്‍ സാധിക്കുന്നതാണ്.
ഇതുപ്രകാരം സാധുവായ എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്നാണ് പുതിയതായി മാറ്റം വരുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്ന നിബന്ധന പ്രകാരമാണ് പുതിയ ഇളവ് നല്‍കിയിരുക്കുന്നത്.
എച്ച്-1ബി വിസ കൈവശമുള്ള സാങ്കേതിക വിദഗ്ധര്‍, സീനിയര്‍ ലെവല്‍ മാനേജര്‍മാര്‍ തുടങ്ങിയ ജോലിക്കാര്‍ക്കും തിരികെ വരാം. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇവര്‍ തിരിച്ചെത്തുന്നത് രാജ്യത്തെ പ്രതിസന്ധിയില്‍ ആക്കാനും സാധ്യതയുണ്ട്. അതിനാല്‍ എച്ച്1 ബി വിസയുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ ആ കമ്പനിക്ക് ഇവര്‍ ഒഴിച്ചു കൂടാന്‍ ആവാത്തവര്‍ എന്ന് തെളിയിച്ചിരിക്കണം.
പുതിയതായി എച്ച്-1ബി വിസ അനുവദിക്കുന്നത് ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെച്ച് ട്രംപ് ഭരണകൂടം ജൂണ്‍ 22ന് ഉത്തരവിറക്കിയിരുന്നു. മാത്രമല്ല പല മേഖലകളിലും നിലവിലുള്ള എച്ച്-1ബി വിസക്കാരെ ജോലിക്ക് പ്രവേശിപ്പിക്കുന്നതിലും വിലക്ക് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ സാധുവായ വിസയുള്ളവര്‍ക്ക് യാത്രാ വിലക്ക് ഉണ്ടാകില്ലെന്നും യുഎസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: