ഒടുവില്‍ തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജ് രാമായണപ്രഭാഷണം നടത്തി. തായ്ലന്റിലെ രാമനോടാണ് തനിക്ക് പ്രിയമെന്നും രാമായണം പലതരത്തില്‍ പല ഭാഷയിലുണ്ടെന്നും കരുണയാണ് രാമന്റെ ദര്ശനമെന്നുമൊക്കെയായിരുന്നു പറഞ്ഞത്. പൂര്‍ണത്രയീശ ക്ഷേത്രം ഭരിക്കുന്ന ഫാന്‍സ് അസോസിയേഷന്റെ ‘നിര്‍ബന്ധം’ സഹിക്കാതെ വന്നപ്പോഴാണ് സ്വരാജ് ഈ കടുംകൈ കാണിക്കാന്‍ പുറപ്പെട്ടത്.
അയ്യപ്പനെയും രാമനെയും ശ്രീകൃഷ്ണനെയുമൊക്കെ അധിക്ഷേപിച്ച് അടിക്കാമ്പ് ചീഞ്ഞുപോയ ഒരു പാര്‍ട്ടിയുടെ പടുമുളകളിലൊന്നാണ് തൃപ്പൂണിത്തുറ എംഎല്‍എ. ആ നിലയ്ക്ക് പിടിച്ചുനില്‍ക്കാനാണെങ്കിലും രാമനെ അഭയം പ്രാപിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നിയതാവാനും മതി. പാര്‍ട്ടിയുടെ ആസ്ഥാനമഹാകവി രാമായണം വായിച്ച് മാതൃകാ ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന് രാവണവംശകുലോത്ഭവന്മാരായ താനടക്കമുള്ള സകല വാമ(ഇടത്)ചാരികളെയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് സ്വരാജ് ചെയ്തതില്‍ വലിയ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
ശംബൂകനെ കൊന്ന രാമന്, താടകയെന്ന ‘ദ്രാവിഡരാജകുമാരി’യെ കൊന്ന രാമന്, ബ്രാഹ്മണിക്കല്‍ സര്വാധിപത്യത്തിന് മുന്നില്‍ മുട്ടിലിഴഞ്ഞ രാമന്…. എങ്ങനെയാണ് അതേ രാമന് പൊടുന്നനെ സ്വരാജിന് കരുണാമയനായ രാമനായതെന്ന സന്ദേഹമാണ് ഇത്രകാലം സഖാവിന്റെ നാവാടിത്തരത്തിന് ഇരകളായിത്തീര്‍ന്ന അണികള്‍ക്ക് ഉള്ളത്. ആര്എസ്എസുകാരന് ജനകീയമാക്കിയ രാമായണമാസാചരണത്തിന്റെ ഭാഗമായി സിപിഎം എംഎല്‍എ മാറുന്നതില്‍ മാനസാന്തരത്തിന്റെ യുക്തിവിചാരം ലവലേശമുണ്ടാകാനിടയില്ല. ഇത് എല്ലാം കൈവിട്ടവന്റെ നിലവിളിയാണ്.
കണ്ണൂരില്‍ പി. ജയരാജന് തുടക്കമിട്ട ശ്രീകൃഷ്ണജയന്തി ആഘോഷവും അയ്യപ്പസദ്യയും പാര്‍ട്ടി നേതാക്കന്മാര് നടത്തുന്ന പൂമൂടലും ഏലസ് കെട്ടലുമൊക്കെ പാപപരിഹാരകര്മ്മങ്ങളുടെ ഭാഗമാണ്. കന്നി അയ്യപ്പന്മാര് ചെല്ലാത്തതുകൊണ്ട് അയ്യപ്പസ്വാമി മാളികപ്പുറത്തെ വിവാഹം ചെയ്തിട്ടുണ്ടാകുമെന്ന് പൊതുനിരത്തില്‍ നിന്ന് ആകാവുന്നത്ര പുച്ഛം മുഖത്ത് വാരിയിട്ട് ഛര്‍ദ്ദിച്ച പാര്‍ട്ടിയുടെ പുത്തന്‍കൂറ്റ് പ്രസംഗ പ്രമാണിയാണ് സ്വരാജ്. വാരിയന്‍കുന്നനെ ബ്രിട്ടീഷ് പട്ടാളം തല്ലിച്ചതച്ച് ‘പരിണതപ്രജ്ഞനാക്കിക്കളഞ്ഞു’ എന്ന് അക്ഷരം തെറ്റാതെ നിയമസഭയില്‍ നിലവിളിച്ച ഭാഷാ പണ്ഡിതന്…..
രാജ്യം രാമതരംഗത്തിലാണ് എന്ന് മണ്ണില്‍ ജീവന് തുടിക്കുന്ന ഏത് പുല്ലിനും ബോധ്യമുള്ള കാലത്താണ് സിപിഎം എംഎല്‍എമാര്‍ രാമായണം വായിക്കാന്‍ തുടങ്ങുന്നത്. കോവിഡ് നിയന്ത്രണത്തില്‍ പോലും മതം നോക്കി സൗജന്യവും ഇളവും നിശ്ചയിക്കുന്ന പ്രീണനക്കൊതിയന്മാരുടെ പാര്‍ട്ടിയാണതെന്ന് ഓര്‍ക്കണം. അവരാണ് ‘ഹിന്ദുരാഷ്ട്രത്തിലേക്ക് ശിലയിട്ടു’ എന്ന് ആഗസ്ത് 6 ന്റെ ദേശാഭിമാനിപത്രത്തില്‍ തലവാചകം നല്‍കിയത്. രാമരാജ്യത്തിന് ശിലാന്യാസം എന്ന് തൊട്ടുതലേ ദിവസം ജന്മഭൂമി വിവക്ഷിച്ച അതേ സംഗതിക്ക,് കേരളത്തിലെ സിപിഎം കണ്ടെത്തിയ വ്യാഖ്യാനമാണ് ‘ഹിന്ദുരാഷ്ട്രത്തിലേക്ക്’ എന്നത്. ഹിന്ദുരാഷ്ട്രം ഒരു സനാതന സത്യമാണെന്നും ഹിന്ദുത്വം എന്നാല്‍ ദേശീയതയാണെന്നും പിറന്ന കാലം മുതല്‍ പ്രഖ്യാപിക്കുകയും ഹിന്ദുത്വത്തില്‍ ജീവിക്കുകയും ചെയ്യുന്ന ഒരു സംഘടനയുടെ ദൗത്യമാണ് ആഗസ്ത് 5ന്റെ ശില പാകല്‍ ചടങ്ങിലൂടെ യാഥാര്‍ത്ഥ്യമായതെന്ന് ഇപ്പോള്‍ സിപിഎമ്മുകാരന് സമ്മതിക്കാതെ തരമില്ല. അപ്പോള്‍പിന്നെ പാടിയും പറഞ്ഞും രാമകഥ പ്രചരിപ്പിക്കുകയാണ് മോക്ഷമാര്‍ഗം.
രാമനാല്‍ ഇല്ലാതാക്കപ്പെട്ട എല്ലാവരും രാമനെ പാടിപ്പുകഴ്ത്തിയാണ് മടക്കയാത്ര. വിരാധനും കബന്ധനും ഖരനും ദൂഷണനുമൊക്കെ, ചെയ്ത പാപം തീര്‍ക്കാന്‍ അനുവര്‍ത്തിച്ചത് ശ്രീരാമസ്തുതിയാണ്. സാക്ഷാല്‍ മഹാദേവന് ശ്രീരാമസ്തുതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വണ്ണം പറയുന്നുമുണ്ട്. സ്വര്ണസ്തേയിമാര്ക്കും ദുഷ്ടന്മാര്ക്കുമൊക്കെ കേള്‍ക്കാന്‍ വണ്ണം വ്യക്തമാക്കിത്തന്നെ പറയുന്നുണ്ട്. അപ്പോള്‍പ്പിന്നെ ശ്രീരാമനെ അഭയം പ്രാപിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ കാര്യം പറയാനില്ലല്ലോ,
ജാതിനിന്ദിതന്‍ പരസ്ത്രീധനഹാരി
പാപിമാതൃഘാതകന് പിതൃഘാതകന്‍
ബ്രഹ്മഹന്തായോഗി വൃന്ദാപകാരി
സുവര്ണസ്തേയി ദുഷ്ടന്
ലോകനിന്ദിതനേറ്റമെങ്കിലുമവന്‍ ഭക്ത്യാ
രാമനാമത്തെജ്ജപിച്ചീടുകില്‍ ദേവകളാ-
ലാമോദപൂര്‍വ്വം പൂജ്യനായി വരുമത്രയല്ല
യോഗീന്ദ്രന്മാരാല്‍പ്പോലുമലഭ്യമായ വിഷ്ണു-
ലോകത്തെ പ്രാപീച്ചീടുമില്ല സംശയമേതും”……
ഒറ്റ ഡിമാന്‍ഡിലാണ് മുക്തിയെന്നതോര്മ്മിക്കണം, ‘ഭക്ത്യാ രാമനാമത്തെജ്ജപിച്ചീടില്…. ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: