അടുത്ത 4 ശ്ലോകങ്ങളിലായി ബ്രഹ്മസ്വരൂപത്തെ വിവരിക്കുന്നു.
ശ്ലോകം 237
അതഃ പരം ബ്രഹ്മ സദദ്വിതീയം
വിശുദ്ധവിജ്ഞാനഘനം നിരഞ്ജനം
പ്രശാന്തമാദ്യന്തവിഹീനമക്രിയം
നിരന്തരാനന്ദരസസ്വരൂപം
ശ്ലോകം 238
നിരസ്തമായാകൃത സര്വഭേദം
നിത്യം സുഖം നിഷ്കലമപ്രമേയം
അരൂപമവ്യക്തമനാഖ്യമവ്യയം
ജ്യോതിഃ സ്വയം കിഞ്ചിദിദം ചകാസ്തി
അതിനാല്‍ ഇക്കാണുന്നതെല്ലാം പരവും സത്യവും അദ്വിതീയവും വിശുദ്ധവും വിജ്ഞാന ഘനവും നിരഞ്ജനവും പ്രശാന്തവും ആദ്യന്തഹീനവും അക്രിയവും നിരന്തരാനന്ദസ്വരൂപവും നിരസ്തമയാകൃത സര്വഭേദവും നിത്യവും സുഖവും നിഷ്കലവും അപ്രമേയവും അരൂപവും അവ്യക്തവും അനാഖ്യവും അവ്യയവും സ്വയം ജ്യോതിയുമായ ബ്രഹ്മം തന്നെയാണ്.
20 വിശേഷണങ്ങളിലൂടെ ഈ രണ്ട് ശ്ലോകങ്ങളിലായി ബ്രഹ്മത്തിന്റെ സ്വരൂപത്തെ വിവരിക്കുകയാണ്. ഇങ്ങനെയൊക്കെയാണ് ബ്രഹ്മം എന്ന് പറയാനുള്ള പ്രയത്നമാണ്. ബ്രഹ്മം വാക്കുകള്‍ക്കും വിവരണത്തിനും അതീതമെങ്കിലും ഒരു പരിചയപ്പെടുത്തലാണിത്. നമ്മള് അനുഭവിക്കുന്ന ജഗത്ത് വാസ്തവത്തില്‍ ബ്രഹ്മം തന്നെയാണെങ്കിലും വിഭ്രാന്തി മൂലം അതറിയാനാകുന്നില്ല.
പരം എന്നാല്‍ അതീതം. ശരീരം, മനസ്സ,് ബുദ്ധി എന്നിവയ്ക്കും അതിലൊക്കെ അഭിമാനിക്കുന്ന ജീവനും അതീതമാണത്. ജീവിന്റെ അനുഭവമണ്ഡലമായ വിഷയ – വികാര- വിചാരങ്ങള്‍ക്കും അപ്പുറമാണ്. എല്ലാറ്റിലും മേലെ എല്ലാം പ്രകാശിപ്പിച്ചിരിക്കുന്നതാണ് ബ്രഹ്മംസത് എന്നാല്‍ സത്യം തന്നെ. മൂന്ന് കാലത്തും മാറാതെ നില്‍ക്കുന്നത്. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയിലെല്ലാം ഒന്നുപോലെ നില്‍ക്കുന്നത്. ഒരുതരത്തിലും മാറ്റമുണ്ടാകുകയില്ല.
അദ്വിതീയം – രണ്ടാമതൊന്ന് ഇല്ലാത്തതാണ്. അത് മാത്രമേയുള്ളൂ. ഏക വസ്തുവായ ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ല.അതില്‍ നിന്ന് വേറിട്ട് മറ്റൊന്നുമില്ല തന്നെ. സ്വഗതഭേദമാണത്.
വിശുദ്ധം – വളരെ ശുദ്ധമായിരിക്കുന്നത്. രണ്ടാമതൊന്നില്ലാത്തതിനാല്‍ അതില്‍ കലരാനോ അതിനെ കളങ്കപ്പെടുത്താനോ ആകില്ല. ഇതര വസ്തു ഇല്ലാത്തതിനാല്‍ ഒരു തരത്തിലുള്ള മാലിന്യവും ബ്രഹ്മത്തിലില്ല.
വിജ്ഞാനഘനം – തിങ്ങിനിറഞ്ഞ വിജ്ഞാനമാണത്. പൂര്‍ണബോധം അഥവാ ശുദ്ധ ബോധം തന്നെ. അത് അപരിമേയവും നിര്‍വിഷയവുമായ ശുദ്ധ ജ്ഞാനം തന്നെയാണ്. എല്ലാ അറിവിനും ആധാരമായ അറിവ് തന്നെ ബ്രഹ്മം. ആ അറിവിന് പരിമിതികളൊന്നുമില്ല. അത് മറ്റുള്ള അറിവുകളെപ്പോലെ വിഷയമാക്കാവുന്ന ഒന്നല്ല.
നിരഞ്ജനം – മാലിന്യമേല്ക്കാത്തത്, കറയില്ലാത്തത്. വാസനാ മാലിന്യങ്ങള്‍ ഒട്ടും തന്നെ അതിലില്ല. എല്ലാ വാസനകള്‍ക്കും അതീതമാണ്. ബ്രഹ്മത്തെ മലിനമാക്കാന്‍ രണ്ടാമതൊരു വസ്തുവില്ല.
നിരഞ്ജനം എന്നതിന് നിശ്ശേഷണ രഞ്ജിപ്പിക്കുന്നത് എന്നും അര്‍ത്ഥം പറയാറുണ്ട്. ഈ ലോകത്തെ എല്ലാ ആനന്ദത്തിന്റെയും ചേര്‍ച്ചയുടേയും ആധാരമായിരിക്കുന്നതും ബ്രഹ്മാണ്. മറ്റു വര്‍ണനകള്‍ തുടര്‍ന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: