കാസര്‍കോട്: സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15ന് രാവിലെ ഒന്‍പതിന് കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. മന്ത്രി ഇ.ചന്ദ്രശേഖരന് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. ഇത്തവത്തെ സ്വാതന്ത്ര്യ ദിന പരേഡില്‍. പോലീസ് മൂന്ന് ട്രൂപ്പും എക്സൈസ് ഒരു ട്രൂപ്പും ഉള്‍പ്പടെ നാലു ട്രൂപ്പുകള്‍ മാത്രമാണ് അണിനിരക്കുക. മാര്‍ച്ച് പാസ്റ്റ് ഉണ്ടാവില്ല.
ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, എന്നിവര്‍ അഭിവാദ്യം സ്വീകരിക്കും. എംപി, എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ക്ഷണിക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ചടങ്ങില്‍ മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് നഴ്സ്, രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫ,് രണ്ട് ശുചീകരണ തൊഴിലാളികള്‍, മൂന്ന് കോവിഡ് രോഗമുക്തി നേടിയവര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.
പരമാവധി നൂറു പേരാണ് ക്ഷണിതാക്കളായി പങ്കെടുക്കുക. സംസ്ഥാന പൊതു ഭരണ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണിത്. സ്റ്റുഡന്റ് പോലീസ്, സ്കൗട്ട്, ഗൈഡ്സ്, എന്‍സിസി ജൂനിയര്‍ ഡിവിഷന് എന്നി വിഭാഗങ്ങള്‍ക്ക് ഇത്തവണ പരേഡില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കില്ല. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരേഡില്‍ ദേശഭക്തി ഗാനം ആലപിക്കുന്നതിനായി പോലും പങ്കെടുക്കരുത്.
65 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാരും പത്തു വയസില്‍ താഴെയുള്ള കുട്ടികളും പരേഡ് വീക്ഷിക്കുന്നതിനായി പങ്കെടുക്കാന്‍ അനുവദിക്കില്ല. സാംസ്ക്കാരിക പരിപാടികള്‍ അവതരിപ്പിക്കില്ല. ആഘോഷ ചടങ്ങില്‍ മെഡലുകളോ മറ്റുപുരസ്ക്കാരങ്ങളോ വിതരണം ചെയ്യുന്നതല്ല. ലഘുഭക്ഷണ വിതരണവും ഉണ്ടാവില്ല. ചടങ്ങില്‍ ഉടനീളം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം സാനിറ്റെസര്‍, തെര്‍മല്‍ സ്കാനിങ് എന്നിവയും ഉറപ്പു വരുത്തും.
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം എന്‍.ദേവീദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഡിവൈഎസ്പി (എസ്എംഎസ്) ബി.ഹരിശ്ചന്ദ്രനായക്, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: