വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമൊക്രറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിനെ പ്രഖ്യാപിച്ചു. ഈ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണു കമല. ബൈഡന്‍ കമലയെ തെരഞ്ഞെടുക്കുമെന്ന് നേരത്തേ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അതേസമയം, കമലയെ തെരഞ്ഞെടുത്ത് തീരുമാനത്തെ അധമവും നീചവുമായാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.
പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഡെമൊക്രറ്റിക് നാഷണല്‍ കണ്‍വന്‍ഷന് ഒരാഴ്ച ബാക്കിനില്‍ക്കെയാണ് എഴുപത്തേഴുകാരനായ ബൈഡന്‍ വൈസ്പ്രസിഡന്റ് നോമിനിയെ പ്രഖ്യാപിക്കുന്നത്. നവംബറിലെ തെരഞ്ഞെടുപ്പില്‍ യുഎസ് പ്രസിഡന്റായി ബൈഡന്‍ തെരഞ്ഞെടുക്കപ്പെടുന്നുവെങ്കില്‍ രണ്ടാം വട്ടം അദ്ദേഹം മത്സരിച്ചേക്കില്ല. അങ്ങനെ വരുമ്പോള്‍ അടുത്ത തവണ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനും കമലയ്‌ക്ക് അവസരം ലഭിക്കുമെന്നാണു കരുതുന്നത്.
”കമല ഹാരിസിനെ തെരഞ്ഞെടുക്കുന്നു, ഞങ്ങള്‍ ഒന്നിച്ച് ട്രംപിനെ തോല്‍പ്പിക്കാന്‍ പോവുകയാണ്. അമെരിക്കയെ തിരിച്ചുകൊണ്ടുവരുന്നതിന് എനിക്കു ലഭിക്കുന്ന മികച്ച ടീം അംഗമാണ് കമല ഹാരിസ്”- ബൈഡന്‍ പ്രഖ്യാപിച്ചു. അമെരിക്കക്കാരെ ഒന്നിപ്പിക്കാന്‍ ജോ ബൈഡനു കഴിയും. കാരണം ഞങ്ങള്‍ക്കുവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന ജീവിതമാണ് അദ്ദേഹത്തിന്റേതെന്ന് കമലയും പ്രതികരിച്ചു.
നമ്മുടെയെല്ലാം മനസിലുള്ള ആശയങ്ങള്‍ക്കൊത്ത അമെരിക്ക കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിനു കഴിയും. വൈസ് പ്രസിഡന്റ് നോമിനിയായി എന്നെ തെരഞ്ഞെടുത്തതിലൂടെ ഞാന്‍ ആദരിക്കപ്പെട്ടു- കമല പ്രതികരിച്ചു. പ്രത്യേക ചാര്‍ട്ടേഡ് വിമാനം അയച്ചാണ് കാലിഫോര്‍ണിയയില്‍ നിന്ന് കമലയെയും കുടുംബത്തെയും ബൈഡന്‍ വാഷിങ്ടണിലേക്കു കൊണ്ടുവന്നത്.
അമ്പത്തഞ്ചുകാരിയായ കമല ഹാരിസിന്റെ പിതാവ് ജമൈക്കയില്‍ നിന്നുള്ള ആഫ്രിക്കനാണ്; സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് പ്രൊഫസറായിരുന്ന ഡൊണാള്‍ഡ് ഹാരിസ്. അമ്മ ഇന്ത്യന്‍. 1938 ഏപ്രില്‍ ഏഴിന് ചെന്നൈയില്‍ ജനിച്ച് 2009 ഫെബ്രുവരി 11ന് അന്തരിച്ച ശ്യാമള ഗോപാലന്‍ ഹാരിസ്. ഇന്ത്യന്‍- അമെരിക്കന്‍ ക്യാന്‍സര്‍ ഗവേഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായിരുന്നു ശ്യാമള. അഭിഭാഷകയും രാഷ്‌ട്രീയ നിരീക്ഷകയുമായ മായാ ലക്ഷ്മി ഹാരിസ് കമലയുടെ സഹോദരി.
കമല കുട്ടിയായിരിക്കുമ്പോഴേ ഡൊണാള്‍ഡും ശ്യാമളയും വിവാഹമോചനം നേടി. അമ്മയുടെ പരിപൂര്‍ണ സംരക്ഷണയിലായിരുന്നു കമല വളര്‍ന്നത്. ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന വഴികാട്ടിയാണു കമലയെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പലകുറി വിശേഷിപ്പിച്ചിട്ടുണ്ട് കാലിഫോര്‍ണിയ നിന്നുള്ള സെനറ്റര്‍ കൂടിയായ കമല പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ ബൈഡനോട് ഏറ്റവും ശക്തമായി മത്സരിച്ച ഡെമൊക്രറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: