ഇരിട്ടി : പായം അളപ്രയിലെ സാമൂഹിക പെന്‍ഷന്‍ തട്ടിപ്പില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്ത പ്രതി സ്വപ്നാ അശോകനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചു കളിക്കുകയാണെന്ന് ബി ജെ പി പേരാവൂര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
തലശ്ശേരി സെഷന്‍സ് കോടതി ഇവരുടെ ജാമ്യം തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് നീതിന്യായ വ്യവസ്ഥയുടെ ലംഘനമായേ കാണാനാവുകയുള്ളൂ. സിപിഎം മഹിളാസംഘടയുടെ നേതാവും പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും സംസ്ഥാന സർക്കാരിലെ ഉന്നതയായ ഒരു മന്ത്രിയുടെ അടുത്ത കുടുംബാംഗവുമാണ് പ്രതി എന്നതുകൊണ്ടാണോ ഇവരെ അറസ്റ്റു ചെയ്യാന്‍ പോലീസ് മടിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്. കേസില്‍ വ്യക്തമായ തെളിവുണ്ടെന്നതുകൊണ്ടാണ് ഇവര്‍ തൊഴിലെടുത്ത ബാങ്ക് പോലും ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.
പോലീസ് സമഗ്രമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ മേഖലയില്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. ഇതില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനായിരുന്നു അടുത്ത ദിവസം തന്നെ ഇവര്‍ക്കെതിരെ പ്രതികരിച്ച അളപ്രയിലെ ബി ജെ പി പ്രാദേശിക നേതാവിന്റെ വീടിനു മുന്നില്‍ ബോംബെറിഞ്ഞ് ഭീഷണി പെടുത്തിയത്. ഈ ബോംബേറ് കേസിലെ പ്രതികളേയും കണ്ടെത്താനോ നിയമ നടപടി സ്വീകരിക്കാനോ പോലീസ് കൂട്ടാക്കുന്നില്ല.
പ്രതി യാതൊരു കൂസലുമില്ലാതെ ഇപ്പോഴും ടൗണില്‍ വിലസി നടക്കുന്ന അവസ്ഥയുമുണ്ട്. മാധ്യമങ്ങളെപ്പോലും വിരട്ടി തന്റെ വഴിക്കു നയിക്കാന്‍ ശ്രമിക്കുന്ന ഒരു ആഭ്യന്തര മന്ത്രിയുടെ കീഴില്‍ കുത്തഴിഞ്ഞുപോയ പോലീസ് സംവിധാനത്തില്‍ ഇത്രമാത്രമേ ജനങ്ങള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണോ അനുമാനിക്കേണ്ടത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയാത്തതും സി പി എമ്മും പോലീസും മുതലെടുക്കുകയാണ്. ഇത് ബി ജെ പിയുടെ കഴിവുകേടായി പോലീസും സി പി എമ്മും കരുതരുത്. കേസെടുത്ത് ഒന്നര മാസം പിടുമ്പോഴും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ടൗണില്‍ പൊലീസിന് മുന്നില്‍ വിലസി നടക്കുന്ന പ്രതി സ്വപ്നാ അശോകനെ എത്രയും പെട്ടെന്ന് പിടികൂടി ജയിലിലടക്കണം. ബി ജെ പി പ്രാദേശിക നേതാവ് സരീഷിന്റെ വീടിനുമുന്നില്‍ ബോംബ് സ്‌ഫോടനം നടത്തി പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചവരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം . ഇല്ലെങ്കില്‍ നിയമവ്യവസ്ഥ ലംഘിക്കാതുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുമെന്നും ബി ജെ പി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷ്, സത്യന്‍ കൊമ്മേരി, എന്‍. വി. ഗിരീഷ്, സി. ബാബു കീഴൂര്‍കുന്ന് , പി.വി. അജയകുമാര്‍, പ്രിജേഷ് അളോറ , പി.ജി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: