ശ്രാവണ മാസത്തിലെ പുണ്യമുഹൂര്‍ത്തത്തിലാണ് ആ ഉത്സവം നടക്കുക. പിപ്പിലാന്ത്രിയിലെ പെണ്‍കരുത്തിന്റെ ഉത്സവം. അന്ന് ഗ്രാമവാസികളാകെ ഉത്സവലഹരിയിലായിരിക്കും. എങ്ങും വാദ്യമേളങ്ങള്‍. വൃക്ഷങ്ങളില്‍ കൊടിക്കൂറകള്‍. ഒരു ഘോഷയാത്രയോടെയാണ് ഉത്സവത്തുടക്കം. ചെമ്പട്ടുവിരിച്ചൊരുക്കിയ ചൂരല്‍ക്കുട്ടകളില്‍ നവജാതശിശുക്കളെയുമേന്തി അമ്മമാര്‍ നയിക്കുന്ന ഘോഷയാത്ര. അവര്‍ക്കൊപ്പം ഗ്രാമം മുഴുവനും ഉണ്ടാവും. അന്ന് ഗ്രാമവാസികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്ലാക്കാര്‍ഡുകളില്‍ ഇത്തരമൊരു സന്ദേശവും നമുക്ക് കാണാം- ജീവന്റെ കാതലാണ് പെണ്‍കുഞ്ഞുങ്ങള്‍; അവരെ സംരക്ഷിക്കുക; ഭൂമിയുടെ ജീവനാണ് വൃക്ഷങ്ങള്‍, അവയെ സംരക്ഷിക്കുക.
കഴിഞ്ഞ വര്‍ഷം പിറന്നുവീണ പെണ്‍കുരുന്നുകളാണ് അലങ്കരിച്ച ആ കൂടകളില്‍. കിളച്ചൊരുക്കിയ മണ്ണില്‍ അവ ഇറക്കി വച്ചാലുടന്‍ പൂജ ആരംഭിക്കും. ശംഖ നാദം മുഴങ്ങും. പുരോഹിതന്‍ ആരതിയുഴിഞ്ഞ് പെണ്‍കുരുന്നുകളെ തിലകമണിയിക്കും. ഇനിയാണ് ഭൂമി പൂജ. ഒരു കയ്യില്‍ പൊന്നോമനയും മറുകയ്യില്‍ വൃക്ഷതൈകളുമായി അച്ഛനുമമ്മയും എണീക്കും. കുഞ്ഞിന്റെ നാമം എഴുതിയ ഫലകത്തിനോട് ചേര്‍ന്നുള്ള കുഴിയില്‍ അവര്‍ ആ തൈ നടും. ആകെ 111 മരങ്ങളാണല്ലോ നടേണ്ടത്. ആദ്യ സസ്യം അച്ഛനമ്മമാര്‍ നട്ടു കഴിഞ്ഞാലുടന്‍ ബാക്കി 110 മരങ്ങള്‍ നാട്ടുകാര്‍ കൂട്ടമായിനിന്ന് നട്ടു തീര്‍ക്കും. അങ്ങനെ പോയ വര്‍ഷം ജനിച്ച ഓരോ കുരുന്നിന്റെയും പേരില്‍ 111 പെണ്‍മരങ്ങള്‍ വീതം.
തുടര്‍ന്നാണ് രക്ഷാബന്ധന്‍. തങ്ങളുടെ പേരില്‍ പണ്ട് നട്ട് വളര്‍ന്ന മരങ്ങളില്‍ പെണ്‍കുട്ടികള്‍ രാഖി കെട്ടുന്ന ചടങ്ങ്. അതു വലിയൊരാഘോഷം. പിന്നെ വിഭവ സമൃദ്ധമായ സദ്യയും. ഇക്കോളജിയും ഫെമിനിസവും സംസ്‌കാരവും ഭാരതീയവുമൊക്കെ ഒത്തുചേരുന്ന അത്യപൂര്‍വമായ ആഘോഷം. ശാസ്ത്രാവബോധത്തിന് ഉത്തമോദാഹരണം.
രാജസ്ഥാനില്‍ മണല്‍കാടുകള്‍ അതിരിടുന്ന രാജ് സമദ് ജില്ലയിലാണ് പിപ്പിലാന്ത്രി എന്ന കൊച്ചു ഗ്രാമം. മഴ നിഴല്‍ പ്രദേശം. മാര്‍ബിള്‍ ഖനനമാണ് നാട്ടുകാരുടെ ഏക ജോലി. കുഴിച്ചു കുഴിച്ച് ഒടുവില്‍ ഗ്രാമത്തില്‍ കുടിവെള്ളം പോലും വറ്റി. മൊട്ടക്കുന്നുകളിലെ പച്ചപ്പു മുഴുവന്‍ കരിഞ്ഞുണങ്ങി. ജീവിതം ദുഃസഹമായ ആ ഗ്രാമത്തില്‍ പെണ്‍ഭ്രൂണഹത്യയും ശൈശവ വിവാഹവും വ്യാപകമായി. വീടുകളില്‍ കണി കാണാന്‍പോലും പെണ്‍കുരുന്നുകള്‍ ഇല്ലായെന്ന സ്ഥിതി.
അങ്ങനെയിരിക്കെയാണ് ശ്യാം സുന്ദര്‍ പാലിവാല്‍ അവിടെ ഗ്രാമമുഖ്യനായി തെരഞ്ഞെടുക്കപ്പെടുന്നത്. ഗ്രാമത്തിന്റെ ദുരവസ്ഥയില്‍ ദുഃഖിതനായ ആ ഗ്രാമമുഖ്യന് പിപ്പിലാന്ത്രിയെ നന്മയുടെ ഉയരങ്ങളിലെത്തിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അതിനിടയില്‍ സംഭവിച്ച ഒരു അത്യാഹിതം പിപ്പിലാന്ത്രിയുടെ ജാതകം മാറ്റിമറിച്ചു. ശ്യാം സുന്ദറിന്റെ മകള്‍ ‘കിരണ്‍’ അന്തരിച്ചു. പതിനേഴ് വയസ്സുള്ള തന്റെ ഏക മകളുടെ മരണം ആ പിതാവിനെ പിടിച്ചുലച്ചു. പ്രകൃതിക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ജീവിതം മാറ്റിവയ്‌ക്കാന്‍ ആ പിതാവ് തീരുമാനിച്ചുറച്ചു.
അതിന്റെ തുടക്കം ഇങ്ങനെ. കിരണിന്റെ ഓര്‍മക്കായി അദ്ദേഹം ഒരു കദംബമരം നട്ടു. എല്ലാ ദിവസവും ആ മരത്തെ താലോലിച്ചു. വെള്ളം കോരി. പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞ ഗ്രാമത്തില്‍ ഐശ്വര്യം ഉണ്ടാവില്ലെന്ന് അദ്ദേഹം നാട്ടുകാരെ പഠിപ്പിച്ചു. ഭ്രൂണഹത്യ ഒന്നിനും പരിഹാരമല്ല. ശൈശവ വിവാഹം പാപമാണ്. ഗ്രാമത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂവെന്ന് ശ്യാം സുന്ദര്‍ പറഞ്ഞു. പ്രകൃതിയെ തിരികെ കൊണ്ടുവരിക. പ്രകൃതി പുനര്‍ജനിക്കുമ്പോള്‍ വെള്ളവും വരും. തൊഴിലും വരും. അതിന് ഗ്രാമ മുഖ്യന്‍ കണ്ടെത്തിയ മാര്‍ഗമാണ് പെണ്‍മക്കളുടെ ജനനം ആഘോഷമാക്കി മാറ്റുകയെന്നത്. ഓരോ കുഞ്ഞിന്റെ ജനനവും 111 മരങ്ങള്‍ നട്ട് ആഘോഷിക്കണം. അവര്‍ വലുതാവുമ്പോള്‍ ആ മരങ്ങളില്‍ രാഖിബന്ധിച്ച് അവയെ സ്‌നേഹിക്കണം.
ശ്രാവണ മാസത്തിലെ ചടങ്ങില്‍ മാതാപിതാക്കള്‍ ഒരു പ്രതിജ്ഞയെടുക്കണമെന്നും ശ്യാം സുന്ദര്‍ അവരോട് പറഞ്ഞു. പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ വിളക്കാണ്. അവരെ പഠിപ്പിക്കണം. വിവാഹം പ്രായപൂര്‍ത്തി വന്നശേഷം മാത്രം. ആ ചടങ്ങിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ഓരോ പെണ്‍കുട്ടിയുടെയും പേരില്‍ 40000 രൂപ സ്ഥിര നിക്ഷേപമായി ബാങ്കില്‍ നിക്ഷേപിക്കുന്നതും അന്നാണ്. ശ്യാം സുന്ദര്‍ രൂപീകരിച്ച കിരണ്‍ നിധി യോജനയില്‍ നിന്ന് 30000 രൂപ. മാതാപിതാക്കളുടെ വക പതിനായിരം. ഈ തുക വിവാഹ പ്രായത്തില്‍ കുട്ടിക്ക് ലഭിക്കും.
ഈ ചടങ്ങ് ആരംഭിച്ചതിനുശേഷം ഗ്രാമത്തില്‍ പിറന്നു വീണത് രണ്ടായിരത്തോളം പെണ്‍കുട്ടികള്‍. ആ വകയില്‍ പിപ്പിലാന്ത്രിയില്‍ തഴച്ചുവളര്‍ന്നത് രണ്ടുലക്ഷത്തില്‍ പരം മരങ്ങള്‍. വേപ്പ്, മാവ്, നെല്ലി, ഷഹാന്‍ തുടങ്ങി അന്നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നുമുള്ള മരങ്ങള്‍കൊണ്ട് പിപ്പിലാന്ത്രി നിറഞ്ഞു കവിഞ്ഞു. പെണ്‍മരങ്ങള്‍ക്കൊപ്പം ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ നട്ടുവളര്‍ത്തിയ മരങ്ങളും ചേര്‍ന്നതോടെ ഗ്രാമത്തിന്റെ സൂക്ഷ്മകാലാവസ്ഥ തന്നെ മാറി. അവിടെ തണുത്ത കാറ്റു വന്നു. കിണറുകളില്‍ വെള്ളം വന്നു. വിറകും പഴങ്ങളും ഗ്രാമത്തിന്റെ ആവശ്യത്തിനെത്തി. ഭ്രൂണഹത്യയും ശൈശവ വിവാഹവും കേവലം പൊയ്കിനാവുകളായി അവശേഷിച്ചു.
അതിനിടെ ശ്യാം സുന്ദര്‍ കറ്റാര്‍ വാഴ കൃഷിയിലേക്ക് തിരിഞ്ഞത് മറ്റൊരു ആകസ്മികത. ഭാര്യയുടെ നടുവേദനയ്‌ക്ക് കറ്റാര്‍വാഴയുടെ നീര് അത്യുത്തമമാണെന്ന നാട്ടുവൈദ്യന്റെ നിര്‍ദ്ദേശം ഗ്രാമത്തിന്റെ തലവരതന്നെ മാറ്റിവരച്ചു. ഗ്രാമമുഖ്യന്റെ കൃഷി ഗ്രാമം മുഴുവന്‍ വ്യാപിച്ചു ഇരുപത്തിയഞ്ച് ലക്ഷത്തില്‍പ്പരം കറ്റാര്‍വാഴകളാണ് പിപ്പിലാന്ത്രിയില്‍ നിരന്നുനില്‍ക്കുന്നത്. ഇന്ന് അതാണ് ഗ്രാമീണരുടെ പ്രധാന വരുമാനം.
ശ്യാംസുന്ദര്‍ ഇപ്പോള്‍ പിപ്പിലാന്ത്രിയുടെ ഗ്രാമമുഖ്യനല്ല. പക്ഷേ അദ്ദേഹം കൊളുത്തിയ സാമൂഹ്യ വിപ്ലവത്തിന്റെ സ്ഥിതി പിപ്പിലാന്ത്രിയെ രാജസ്ഥാനിലെ മാതൃകാഗ്രാമമാക്കി. മികച്ച ഗ്രാമത്തിനുള്ള നിര്‍മല്‍ യോജന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ശ്യാം സുന്ദറിന്റെ സാമൂഹ്യവിപ്ലവം നിരവധി ഡോക്യുമെന്ററികള്‍ക്ക് വിഷയമായി. വിദേശ പത്ര ലേഖകര്‍ പോലും ജയ്പൂരില്‍നിന്ന് കാതങ്ങള്‍ അകലെയുള്ള പിപ്പിലാന്ത്രി തേടിയെത്തി.
ഇതൊന്നും പക്ഷേ ശ്യാം സുന്ദര്‍ പലിവാലിനെ മാറ്റിയില്ല. അദ്ദേഹം തന്റെ യത്‌നം തുടരുകയാണ്. എന്നും വൈകുന്നേരം തന്റെ മോട്ടോര്‍ സൈക്കിളില്‍ പെണ്‍മരങ്ങളെ കാണാനെത്തും. അതിലൊരു മരത്തിനു മുന്നിലെത്തുമ്പോള്‍ ആ ബൈക്ക് താനെ നില്‍ക്കും. തന്റെ പൊന്നോമനയുടെ ഓര്‍മയില്‍ നട്ട കദംബമരം. അതില്‍ കെട്ടിപ്പിടിച്ച് താലോലിച്ച ശേഷം മാത്രം മുന്നോട്ട്. കണ്ണില്‍ നിറയുന്ന ഓര്‍മയുടെ നനവ് തുടച്ചു നീക്കാന്‍ പോലും മിനക്കെടാതെ മുന്നോട്ട്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: