Categories: Kerala

ഉരുള്‍പൊട്ടല്‍ സാധ്യതാ നോക്കുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള മാപ്പുവച്ച്; അതീവ പ്രശ്‌ന മേഖലകള്‍ കണ്ടെത്താന്‍ തയാറാകാതെ സര്‍ക്കാര്‍

നിലവില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 12-14 വര്‍ഷം വരെ പഴക്കമുള്ള മാപ്പാണെന്ന് കേരള യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. സജിന്‍ കുമാര്‍ കെ.എസ്. ജന്മഭൂമിയോട് പറഞ്ഞു. ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇടുക്കി: സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുള്ള മേഖലകള്‍ രേഖപ്പെടുത്തിയിട്ടുള്ള മാപ്പിന് ഒരു പതിറ്റാണ്ടിലേറെ പഴക്കം. 2018 മുതല്‍ വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടരുമ്പോഴും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം അതീവ പ്രശ്‌ന മേഖലകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതാണ് അവസാനമുണ്ടായ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായ രാജമല പെട്ടിമുടി മണ്ണിടിച്ചിലിലേക്കുവരെ നയിച്ചത്.  

നിലവില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 12-14 വര്‍ഷം വരെ പഴക്കമുള്ള മാപ്പാണെന്ന് കേരള യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. സജിന്‍ കുമാര്‍ കെ.എസ്. ജന്മഭൂമിയോട് പറഞ്ഞു. ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.  

ആധുനിക ഉപഗ്രഹചിത്രങ്ങള്‍ വച്ചുള്ള ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകള്‍ കണ്ടെത്തി രേഖപ്പെടുത്തുകയും അപകടം മുന്‍കൂട്ടി പ്രവചിക്കാനാകുന്ന റിയല്‍ ടൈം മഴമാപിനികള്‍ സ്ഥാപിക്കുകയുമാണ് വേണ്ടത്.  

പഞ്ചായത്ത് അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ പ്രത്യേകം തിരിച്ചായിരിക്കണം പഠനം നടത്തേണ്ടത്. ഇതിനൊപ്പം മലയോര മേഖലകളിലെങ്കിലും റിയല്‍ ടൈം മഴ മാപിനികള്‍ സ്ഥാപിക്കണം. നിലവിലെ പഴയ മാപിനികള്‍ ഉപയോഗിക്കുമ്പോള്‍ മഴയുടെ അളവ് അറിയാമെങ്കിലും ഇത്തരം മേഖലകളില്‍ ഇത് പര്യാപ്തമല്ലെന്നും ഡോ. സജിന്‍ കുമാര്‍ പറയുന്നു.  

ഒരു ദിവസം 30-40 സെ.മീ വരെ മഴയാണ് ഒരിടത്ത് തന്നെ പെയ്യുന്നത്. ഇത്തരത്തിലുള്ള മഴ തന്നെയാണ് ഉരുള്‍പൊട്ടലിന് പ്രധാന കാരണമാകുന്നത്. ഒരു സ്ഥലത്ത് എത്ര മഴ പെയ്താല്‍ അവിടെ ഉരുള്‍പൊട്ടാമെന്നത് മണ്ണിന്റെ ഘടന പഠനത്തിലൂടെ (ചരിവുള്ള സ്ഥലങ്ങളില്‍ മണ്ണ് പൂരിതമാകുന്ന വെള്ളത്തിന്റെ അളവ്) കണ്ടെത്താനാകും.  

ഇതനുസരിച്ച് റിയല്‍ ടൈം മഴമാപിനിയുടെ സഹായത്തോടെ മഴ കൂടി അപകട സാധ്യത അടുക്കുമ്പോള്‍ തന്നെ കൃത്യമായി വിവരം അറിയാനാകും. ഇതനുസരിച്ച് ആളുകളെ മാറ്റിപാര്‍പ്പിക്കാനായാല്‍ ഒരുപരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്നും ഡോ. സജിന്‍ വ്യക്തമാക്കി. മൂന്നാര്‍ ഗവ. ആര്‍ട്ട്‌സ് കോളേജിന് സമീപം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി 2017ല്‍ തന്നെ പഠനം നടത്തി ഡോ. സജിന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് 2018ല്‍ ഇവിടെ വലിയ ദുരന്തമുണ്ടായത്. അന്ന് കോളേജിന്റെ നിരവധി കെട്ടിടങ്ങള്‍ മണ്ണിനടിയിലായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക