തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇതോടെ റെഡ് അലേര്‍ട് പിന്‍വലിച്ച് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലൊന്നും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.
കേരള തീരത്ത് കാറ്റിന്റെ വേഗം 50 കി.മി. വരെയാകാനും തിരമാലകള്‍ 4 മീറ്റര്‍ വരെ ഉയരാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരമാലകള്‍ 4 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷന് അറിയിച്ചു. വലിയ അണക്കെട്ടുകളായ ഇടമലയാര്‍, ഇടുക്കി ഡാമുകളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചെറിയ അണക്കെട്ടുകള്‍ നിറയുന്ന സാഹചര്യത്തില്‍ വെള്ളം ഒഴുക്കിവിടുന്നത് തുടരും. കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ എന്നി ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമാണെന്നും പെരിയാര്‍ അടക്കമുള്ള നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം തുടരുമെന്നും കമ്മീഷന് അറിയിച്ചു.
മഴ കുറഞ്ഞതോടെ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നുണ്ട്. എറണാകുളം ജില്ലയിലെ ചെറിയ ഡാമുകളില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ആലപ്പുഴയില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്.എന്നാല്‍ മടവീഴ്ചയെ തുടര്‍ന്ന് കുട്ടനാടന്‍ മേഖലയില്‍ വീടുകളില്‍ കയറിയ വെള്ളം ഇറങ്ങാന്‍ ദിവസങ്ങളെടുക്കും.കോട്ടയത്തെ നദികളിലെ നീരൊഴുക്ക് കുറയാത്തതിനാല്‍ വെള്ളം ഇറങ്ങുന്നത് സാവധാനത്തിലാണ്. ജില്ലയിലെ പ്രധാന നദികളില്‍ ജലനിരപ്പ് ഇപ്പോള്‍ ഉയരുന്നില്ല.
പെരിയാറിലെ ജല നിരപ്പ് താഴ്ന്നതോടെ ആലുവ പുഴയും ശാന്തമായി. വെള്ളം കയറിയ ആലുവ മണപ്പുറം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നും ജലം ഇറങ്ങി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: