ന്യൂദല്‍ഹി: പ്രതിരോധ രംഗത്ത് ആവശ്യമായ 101 സാമഗ്രികളുടെ ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനത്തോടെ അടുത്ത 6-7 വര്‍ഷത്തിനിടെ ആഭ്യന്തര വ്യവസായ രംഗത്ത് നാല് ലക്ഷം കോടിയുടെ കരാറുകളുണ്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. തീരുമാനം പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ സ്വാശ്രയ സംരംഭങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാകും. രാജ്യത്തെ പ്രതിരോധ വ്യവസായങ്ങള്‍ക്ക് അവരുടെ സ്വന്തം ഡിസൈന്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചോ നിരോധിത പട്ടികയിലെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള അവസരമാണിത്. നിരോധിച്ച ഉത്പന്നങ്ങള്‍ക്ക് പകരമായുളള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിലൂടെ ഇന്ത്യ ഈ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കും. ഇത് ഇന്ത്യയുടെ പ്രതിരോധ വ്യവസായരംഗത്തിന് വലിയ സാധ്യതകള്‍ തുറന്നുകൊടുക്കും.
സ്വയം പര്യാപ്ത ഇന്ത്യക്ക് കരുത്ത് പകരാനുള്ള പദ്ധതികളാണ് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. റഡാറുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ രാജ്യത്ത് നിര്‍മിക്കും. ആര്‍ട്ടിലറി തോക്കുകളും സായുധപോരാട്ട വാഹനങ്ങളും ഉള്‍പ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങളാണ് രാജ്യത്ത് നിര്‍മിക്കുക. 2024 ന് ഉള്ളില്‍ ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിച്ച് ആവശ്യമായത് തദ്ദേശിയമായി തയാറാക്കും. ഭാവിയില്‍ ഇത്തരത്തില്‍ ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തേണ്ട ആയുധങ്ങള്‍ ഏതെന്നു കണ്ടെത്തുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
2015 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് 2020 വരെ ഏതാണ്ട് 260 പദ്ധതികളിലൂടെ മൂന്നരലക്ഷം കോടി രൂപയുടെ പ്രതിരോധസാമഗ്രികളാണ് മൂന്ന് സേനകളും ചേര്‍ന്ന് വാങ്ങിയത്. അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കകം ഇന്ത്യന്‍ സേനകള്‍ക്ക് ഏതാണ്ട് നാല് ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറുകള്‍ ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 1,30,000 കോടി രൂപ കരസേനയ്ക്ക് മാത്രം വേണ്ടി വരും. 1,40,000 കോടി രൂപ നാവികസേനയ്ക്ക് വേണ്ടി വരും. രാജ്യത്ത് തന്നെ ഇവ നിര്‍മിച്ച് നല്‍കുന്നതിലൂടെ ഇതിനായി മുടക്കുന്ന പണം രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ത്തന്നെ പ്രതിഫലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: