ധര്‍മച്യുതിയുണ്ടാകുമ്പോള്‍ മനുഷ്യനെ നേര്‍പാതയിലേക്ക് കൊണ്ടുവരുന്ന വചനാമൃതമാണ് രാമായണം. ഉത്തമ ജീവിതചര്യകളുടെ ക്ലാസിക് പാരമ്പര്യം ഈ കൃതി യുഗാന്തരങ്ങളായി കാത്തു പോരുന്നു. കേരളത്തിലുണ്ടായ ആദ്യ രാമായണ സംഗ്രഹം ചേരചക്രവര്‍ത്തി കുലശേഖര ആഴ്‌വാരുടെ ‘പെരുമാള്‍ തിരുമൊഴി’ എന്ന കീര്‍ത്തന കൃതിയാണ്. ഒമ്പതാം ശതകത്തില്‍ രചിച്ച ഈ വാങ്മയത്തില്‍ മുപ്പത്തിമൂന്ന് പാട്ടുകളാണുള്ളത്. മലയാളത്തിലെ പ്രഥമ രാമായണ കാവ്യമെന്ന് കരുതുന്ന ‘ഇരാമചരിത’ത്തിന് (കവി ചീരാമന്‍, 12-13 നൂറ്റാണ്ട്) ഈ ഗ്രന്ഥവുമായി സാദൃശ്യം കാണാം.
രാമായണം ഭാരതത്തിലും വിദേശങ്ങളിലുമായി പല വിധത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. എന്നാല്‍ തുഞ്ചത്ത് ഗുരുപാദരുടെ ‘അധ്യാത്മരാമായണം കിളിപ്പാട്ടാ’ണ് കേരള ജനതയുടെ രാമായണം. ഉത്തര രാമായണം ഉള്‍പ്പെടെ 20110 വരികള്‍. ഭാഷയുടെ കേന്ദ്ര പ്രവാഹമായി മാറിയ പുണ്യഗ്രന്ഥം! മുന്നൂറ്റി അറുപതില്‍ പരം വ്യാഖ്യാനങ്ങള്‍. ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്വത്തെ (ജീവേശ്വരബന്ധം) ക്കുറിച്ച് വിസ്തരിക്കുന്നതിനാലാണ് അധ്യാത്മരാമായണം നിത്യപാരായണക്ഷമമാകുന്നത്.
ഉത്തമജീവിതാദര്‍ശങ്ങള്‍, ശീലമാതൃകകള്‍, പ്രവര്‍ത്തനരീതികള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന ഒരു മാതൃകാ ജീവിതം രാമായണം തിരുമുല്‍ക്കാഴ്ച വെയ്‌ക്കുന്നു. ‘ഗാര്‍ഹികജീവിതത്തിന്റെ, വികാരഭരിതവും യഥാര്‍ഥവുമായ ചരിത്രത്തിന്റെ, ഇന്ത്യന്‍ പതിപ്പ്’ എന്നാണ് ഈ കാവ്യരത്‌നാകരത്തെ രബീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ചത്. ‘രാമകഥ ഭാരതീയ സംസ്‌കാരത്തിലെ ആദര്‍ശവാദത്തിന്റെ ഉജ്വലപ്രതീക’മെന്ന് കമില്‍ ബുല്‍ക്കെയും.
രാമായണം അവതരിപ്പിക്കാത്ത ജീവിതമാതൃകകള്‍ ദുര്‍ലഭം. പിതൃഭക്തി, മാതൃഭക്തി, ഏകപത്‌നീവ്രതം,
പാതിവ്രത്യം, സഹോദരസ്‌നേഹം, ആശ്രിതവാത്സല്യം, സ്വാമിഭക്തി, പരസ്പര വിശ്വാസം, നിശ്ചയദാര്‍ഢ്യം, കൃത്യനിഷ്ഠ ഇത്യാദി നിരവധിയുണ്ട്.
‘രാമന്റെ അയന’മാണ് രാമായണം. അയനമെന്നതിന് വഴി എന്നാണര്‍ഥം. ‘രാ (രാത്രി) മായ്‌ക്കുന്നത്’ എന്നും അര്‍ഥമുണ്ട്. ഇവിടെ ‘രാ’ എന്നാല്‍ അജ്ഞാനം. ഇതിലെ, വിപിനസൗന്ദര്യത്തിന്റെ വിലോഭനീയതയും എടുത്തു പറയാം. വാല്മീകി രാമായണത്തിന്റെ രചന ബി.സി 11ാം നൂറ്റാണ്ടിലാണെന്നാണ് അനുമാനം. കാലാതിവര്‍ത്തിയായ രാമായണത്തിന്റെ അനശ്വരത വിളിച്ചോതുന്നൊരു പരാമര്‍ശമുണ്ട് ബാലകാണ്ഡത്തില്‍:
‘യാവത്സ്ഥ്യാസന്തിഗിരിയഃ
സരിതശ്ച മഹീതലേ
താവദ് രാമായണ കഥാ
ലോകേഷു പ്രചരിഷ്യതി’
ലോകത്തില്‍ മലകളും നദികളും ഏതുവരെ നിലനില്‍ക്കുമോ അതുവരെ രാമായണ കഥ പ്രചരിച്ചു കൊണ്ടേയിരിക്കുമെന്ന് സാരം. പ്രവചനരൂപത്തിലുള്ള, ബ്രഹ്മാവിന്റെ കീര്‍ത്തിപത്രമാണിത്.
കാവ്യം സുഗേയം, കഥ രാഘവീയം… മേലാറ്റൂര്‍ രാധാകൃഷ്ണന്‍
ഭക്തിജ്ഞാനയോഗങ്ങളുടെ ഉദ്‌ബോധനമാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ അധ്യാത്മരാമായണത്തിലൂടെ നിര്‍വഹിച്ചത്. ‘കിളിപ്പാട്ട് എന്നൊക്കെ പറയുമെങ്കിലും എഴുത്തച്ഛന്‍ നെയ്തത് പുതിയൊരു വീരാളിപട്ടായിരുന്നു’വെന്ന് പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍ അഭിപ്രായപ്പെടുന്നു. ‘കിളിപ്പാട്ടു പ്രസ്ഥാനങ്ങളിലല്ല, കീര്‍ത്തന പ്രസ്ഥാനത്തിലാണ് എഴുത്തച്ഛന്‍ കൃതികള്‍ക്ക് സ്ഥാന’മെന്നാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ വിശകലനം.
മുദ്രണരൂപത്തത്തില്‍ വരുന്നതിനു മുമ്പു തന്നെ എഴുത്തച്ഛന്റെ ‘അധ്യാത്മരാമായണം’ താളിയോല ഗ്രന്ഥങ്ങള്‍ ഹൈന്ദവഗൃഹങ്ങളില്‍ ഭക്തിപൂര്‍വം സൂക്ഷിച്ചിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1829-1860) യുടെ ഉപദേശാനുസാരം 1853 ല്‍ തിരുവനന്തപുരത്ത് ‘കേരളവിലാസം’ മുദ്രാലയത്തിലാണ് അധ്യാത്മരാമായണം ആദ്യമായി മുദ്രണം ചെയ്തതെന്ന് മഹാകവി ഉള്ളൂര്‍ രേഖപ്പെടുത്തുന്നു.
മലയാള സാഹിത്യത്തില്‍ രാമായണത്തിന്റെ സമഗ്രസ്വാധീനം ദീര്‍ഘവും അഗാധതല സ്പര്‍ശിയുമത്രേ. കണ്ണശ്ശ രാമായണം (രാമപ്പണിക്കര്‍), രാമകഥാപ്പാട്ട് (അയ്യിപ്പിള്ള ആശാന്‍), കേരളവര്‍മ രാമായണം (കോട്ടയം കേരള വര്‍മ), കുഞ്ചന്‍ നമ്പ്യാരുടെ തുള്ളലുകള്‍, ബാലരാമായണം (മഹാകവി കുമാരനാശാന്‍), ശ്രീരാമചരിതം (മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍), കാഞ്ചനസീത, സാകേതം, ലങ്കാലക്ഷ്മി (നാടകത്രയം, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍) തുടങ്ങി മലയാളത്തില്‍ ഒട്ടേറെ രചനകളും വിവര്‍ത്തനങ്ങളുമുണ്ട്.
ഭാരതത്തിന്റെ അതിരുകള്‍ക്ക് അപ്പുറത്ത് ശ്രീലങ്ക, ബര്‍മ, കമ്പൂച്ചിയ, വിയറ്റ്നാം, കംബോഡിയ, തായ്‌ലാന്റ്, മലയ, ഇന്തോനേഷ്യ, ചൈന എന്നിവിടങ്ങളിലേക്കും രാമായണസുധ ഒഴുകിച്ചെന്നു. വിശ്രുത ബെല്‍ജിയന്‍ പണ്ഡിതന്‍ കമില്‍ ബുല്‍ക്കെ ഹിന്ദിയിലെഴുതിയ ‘രാമകഥ; ഉദ്ഭവവും വളര്‍ച്ചയും’ എന്ന ബൃഹദ്ഗ്രന്ഥം രാമകഥയുടെ മൂലസ്രോതസ്സിനെ തേടിപ്പോകുന്ന പഠനമാണ്. ഇതിന്റെ മലയാളഭാഷാന്തരം അഭയദേവിന്റേതാണ്.
സര്‍വകാല സാംഗത്യവും സര്‍വജന പ്രയത്വവുമാണ് വരേണ്യകൃതികളുടെ ലക്ഷണങ്ങള്‍. നിത്യവശ്യമായ രാമായണം അത്തരമൊരു ശ്രേഷ്ഠഗ്രന്ഥം. ഗാന്ധിജിയും മഹര്‍ഷി അരവിന്ദനും രാജാജിയും ശ്രീനിവാസ ശാസ്ത്രിയുമെല്ലാം രാമായണത്തിന്റെ ആത്മാവ് കണ്ടറിഞ്ഞ മഹാത്മാക്കളായിരുന്നു.
മേലാറ്റൂര്‍ രാധാകൃഷ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: