സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും കൗശലപൂര്‍വ്വം ശ്രദ്ധതിരിച്ച് ഊതിപ്പെരുപ്പിച്ച ബലൂണുകള്‍ക്ക് മുകളില്‍ സാങ്കല്‍പ്പിക കൊട്ടാരം കെട്ടുന്ന ഒരു മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഇന്ന് കേരളം ഭരിക്കുന്നത്. കോടികള്‍ മുടക്കി നടത്തുന്ന, കേരളം നമ്പര്‍ വണ്‍ എന്ന പ്രചാരണ വേലകള്‍ക്ക് കൈയടിക്കുമ്പോള്‍ ചില യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ നാം കണ്ണടയ്ക്കരുത്. തൊഴിലില്ലായ്മയില്‍ കേരളം ഇന്നും മുന്നില്‍ തന്നെയാണ്. ഉചിതമായ മേഖലകളില്‍ തങ്ങളുടെ കര്‍മ്മശേഷി വിനിയോഗിക്കാന്‍ അര്‍ഹരായ യുവജനങ്ങള്‍ക്ക് അവസരം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. അങ്ങനെയാണ് നാടിന്റെ വികസന മുന്നേറ്റത്തിന് കൊടി പിടിക്കേണ്ടത്. അല്ലാതെ പിടിക്കുന്ന കൊടിയുടെ നിറം നോക്കി ജോലി നല്കിക്കൊണ്ടല്ല.
സ്വജന പക്ഷപാതം അഴിമതിയാണ്, ഭരണഘടനാ ലംഘനമാണ്. എന്നാല്‍ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞ എടുത്തവര്‍ ബന്ധുജന ക്ഷേമം ഉറപ്പുവരുത്താന്‍ നെട്ടോട്ടമോടുന്നത് കാണുമ്പോള്‍, ‘സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലര്‍” എന്ന ജ്ഞാനപ്പാനയിലെ വരികളാണ് ഓര്‍മ്മ വരുന്നത്.
ജീവിതത്തിന്റെ വസന്തകാലമായ യൗവനത്തിന്റെ നല്ലൊരു പങ്കും ഭദ്രമായ ഭാവി ജീവിതം സ്വപ്നം കണ്ട്, സര്‍ക്കാര്‍ ജോലി മോഹിച്ച് പിഎസ്സി പരീക്ഷകള്‍ക്കായി മാറ്റിവച്ചവരാണ് നമ്മുടെ യുവതീ യുവാക്കള്‍. കഠിനാധ്വാനങ്ങള്‍ക്കൊടുവില്‍ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയവരെ വഞ്ചിച്ച് പിന്‍വാതിലുകളിലൂടെ സ്വന്തക്കാരുടെ ക്ഷേമം ഉറപ്പ് വരുത്താനാണ് പിണറായി വിജയന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് വേണ്ടി പോലും കാത്തിരിക്കുമ്പോഴാണ് വിദ്യാഭ്യാസ യോഗ്യതകള്‍ ഒന്നുമില്ലാത്ത സ്വപ്നയെ പോലുള്ളവര്‍ കണ്‍സള്‍ട്ടന്‍സികളുടെ ചിറകിലേറി ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങാന്‍ പറന്നിറങ്ങുന്നത്.
മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന് കൂടിയായ ഇ.പി. ജയരാജനെ സ്ഥാനഭ്രഷ്ടനാക്കിയത് ബന്ധുനിയമന വിവാദമായിരുന്നല്ലോ. പി.കെ ശ്രീമതിയുടെ മകനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ് മാനേജിങ്ങ് ഡയറക്ടറായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. പിന്നീട് ഹൈക്കോടതി ഇത് റദ്ദാക്കി. ആര്‍ക്കും ഒരു തെറ്റുപറ്റും എന്ന് പറഞ്ഞ് കൈയൊഴിയാന്‍ വരട്ടെ. ബന്ധുക്കളെ ഉന്നത സ്ഥാനങ്ങളില്‍ എത്തിക്കുവാനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ പിന്നെയും മുറപോലെ നടന്നു. പാര്‍ട്ടിയുടെ ഓമന പുത്രന് ഷംസീറിന്റെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ അനധികൃത നിയമനത്തിലും ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്ന സംഭവം തൊഴില്‍മേഖലയില്‍ ഈ സര്‍ക്കാരിന്റെ നയമെന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു. മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ കോര്പറേഷന് ഡയറക്ടറാക്കിയതും, നിയമനം വിവാദമായപ്പോള്‍ റദ്ദാക്കി തലയൂരിയതും മറ്റൊരുദാഹരണം. കെ.കെ. ഷൈലജ ടീച്ചറിന്റെ മകന് കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തിന്റെ ഐടി വിഭാഗം മാനേജരായത് എങ്ങനെയെന്നുള്ള ചോദ്യത്തിന് കൂടുതല്‍ വിശദീകരണം ആവശ്യമില്ല. ഏറ്റവുമൊടുവില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളേജില്‍ തൊഴില്‍ പരിചയം ഉള്ളവരെ പോലും ഒഴിവാക്കി അടിസ്ഥാന യോഗ്യതയായ നെറ്റ് പോലുമില്ലാത്ത സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് അധ്യാപക നിയമനം നല്കി ബന്ധുനിയമനത്തില്‍ പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ നിസംശയം പ്രഖ്യാപിച്ചു കഴിഞ്ഞു.
കൊറോണ പ്രതിരോധത്തിന്റെ പേരില്‍ ‘അസാധാരണ നീക്കങ്ങള്‍’ പലതും നടത്തിയ സര്‍ക്കാര്‍ വേണ്ടപ്പെട്ടവരുടെ താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിലും അസാധാരണ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് തൊഴില്‍ വകുപ്പില്‍ എല്‍ഡി ക്ലര്‍ക്കായി സ്ഥിര നിയമനം നല്‍കിയത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷയായ എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്ത്തന്നെയാണ്. ഈ മഹാമാരിക്കാലത്ത് ആരോഗ്യവകുപ്പിലും പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയാണ്. ഇരുപത്തയ്യായിരം പേരുടെ സ്റ്റാഫ് നേഴ്സ് റാങ്ക് ലിസ്റ്റ്, പതിനായിരം പേരുടെ ഫാര്‍മസിസ്റ്റ് റാങ്ക് ലിസ്റ്റ് എന്നിവ നിലനില്‍ക്കെയാണ് ആറായിരം സ്വന്തക്കാര്‍ക്ക് താത്കാലിക നിയമനം നല്കി ഈ സര്‍ക്കാര്‍ മാതൃകയാകുന്നത്.
കഴിഞ്ഞ നാലു വര്‍ഷങ്ങളായി വിവിധ വകുപ്പുകളില്‍ നടന്നിട്ടുള്ള പിഎസ്സി നിയമനങ്ങള്‍ വളരെ കുറവാണ്. സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 13 ശതമാനം നിയമനം മാത്രമാണ് ഇതുവരെ നടന്നതെന്നോര്‍ക്കണം. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതുമൂലം അവസരം നഷ്ടപ്പെടുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ നിരന്തരം പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെതിരെ യാതൊരു വിധ നടപടികളും സ്വീകരിക്കാതെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. 1635 പേര് കാഷ്യര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന കെഎസ്ഇബിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഒഴിവുകള്‍ ഒന്നും ഉണ്ടാകുന്നില്ല എന്നത് ആശ്ചര്യകരമാണ്. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പതിനൊന്ന് ജീവനക്കാരെ സ്ഥിരപ്പെടുത്തിയപ്പോള്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 250 ല്‍ ഏറെ താല്‍ക്കാലിക ജീവനക്കാരാണ് സ്ഥിര നിയമനം നേടിയത്. യുവജനക്ഷേമ ബോര്‍ഡില്‍ 36 താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള അണിയറ നീക്കങ്ങള്‍ പുരോഗമിക്കുന്നു. റിസേര്‍വ് ഫോറസ്റ്റ് വാച്ചര്‍ ഒഴിവുകളില്‍ 2016 ല്‍ പിഎസ്സി പരീക്ഷ നടത്തി 3,646 പേരുടെ റാങ്ക്ലിസ്റ്റ് പ്രഖ്യാപിച്ചെങ്കിലും 2,300 സിപിഎംകാരെ താത്കാലിക നിയമനങ്ങള്‍ വഴി എടുക്കുകയാണ് ചെയ്തത്.
ഐടി വകുപ്പിന് കീഴിലുള്ള സിഡിറ്റില്‍ അമ്പതോളം താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഇങ്ങനെ കിലയിലും, വികലാംഗ ക്ഷേമ കോര്‍പറേഷനിലും, ലൈബ്രറി കൗണ്‍സിലിലും, സഹകരണ യൂണിയനിലും, കിത്താര്ഡ്സിലും, സ്കോള്‍ കേരളയിലുമെല്ലാം ഇഷ്ടക്കാരെ തിരുകിക്കയറ്റല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ലോക്ക് ഡൗണിന്റെ മറവില്‍ മലബാര്‍ സിമന്റ്സില്‍ സിഐടിയു ലേബര്‍ സൊസൈറ്റിയില്‍ ഉള്‍പ്പെട്ട 93 പേര്‍ക്കാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ, ചട്ടങ്ങളൊക്കെ കാറ്റില്‍പ്പറത്തി നിയമനം നല്‍കിയത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മലബാര്‍ സിമന്റ്സിലെ എല്ലാ താത്കാലിക നിയമനങ്ങളും സിപിഎം നിയന്ത്രണത്തിലുള്ള ലേബര്‍ സൊസൈറ്റി വഴിയാണ് നടത്തിയിട്ടുള്ളത്.
സ്വജനനിയമനങ്ങളുടെ സൗകര്യത്തിന് വേണ്ടി വെറും ആറ് മാസം മാത്രം പ്രായമായ സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റിന് നേര്‍ക്കും ഈ സര്‍ക്കാര്‍ വാതിലടച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ലിസ്റ്റ് നീട്ടണമെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ടിപി വേക്കന്‍സി വരെ അട്ടിമറിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാര്‍ തട്ടിപ്പ് കാണിച്ചതിനെ തുടര്‍ന്ന് മാസങ്ങളോളം തടഞ്ഞുവച്ച എസ്ഐ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ഒടുവില്‍ നിരാശ മാത്രം. സിപിഎമ്മിന്റെ പ്രിയപുത്രന്മാര് നസീമും ശിവരഞ്ജിത്തും ഇല്ലാത്ത ലിസ്റ്റില്‍ മറ്റുള്ളവരും രക്ഷപെടേണ്ട എന്നാവും പാര്‍ട്ടിനയം. അല്ലെങ്കിലും ടെസ്റ്റും ഫിസിക്കലും പാസായി റാങ്ക് ലിസ്റ്റില്‍ വരുന്നവരുടെ കഷ്ടപ്പാടുകള്‍ പുറംവാതിലിലൂടെ ബന്ധുക്കളെ നിയമിക്കുന്നവര്‍ക്ക് മനസ്സിലാകില്ലല്ലോ.
സ്വന്തം സര്‍ക്കാരിന്റെ വഞ്ചന മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുന്നില്ല എന്ന പച്ചക്കള്ളം പരത്തുകയും കൂടിയാണ് സിപിഎം. 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 32,38,397 ആയിരുന്നെങ്കില്‍ 2019 ആയപ്പോഴേക്കും അത് 36,19,596 ആയി. അതായത് 3.81 ലക്ഷത്തിന്റെ വര്‍ധന.
പിണറായി സര്‍ക്കാരിന്റെ ഈ വഞ്ചനാനയത്തെ ന്യായീകരിക്കാന്‍ എം.ബി. രാജേഷിനെ കൊണ്ട് യൂട്യൂബില്‍ വീഡിയോ അവതരിപ്പിച്ചപ്പോള്‍ കേരളത്തിലെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ വീഡിയോ ഡിസ്ലൈക് കൊടുത്താണ് മറുപടി നല്‍കിയത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ് ബൂത്തില്‍ ലക്ഷക്കണക്കിന് ഡിസ്ലൈക് ചെയ്ത് പിണറായി വിജയനെ ഉദ്യോഗാര്‍ത്ഥികള്‍ പുറത്താക്കുമെന്നുള്ളത് തീര്‍ച്ചയാണ്.
ചട്ടങ്ങള്‍ ഒക്കെ കാറ്റില്‍പ്പറത്തിയും, വിജ്ഞാപനങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായ തിരുത്തലുകള്‍ വരുത്തിയും അനധികൃത നിയമനങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ജനപ്രതിനിധികള്‍ പ്രതിജ്ഞ ചെയ്യുന്ന ഭരണഘടനാ മൂല്യങ്ങളാണ്. തകര്‍ക്കപ്പെടുന്നത് പരിശ്രമശാലികളായ യുവാക്കളുടെ പ്രതീക്ഷകളാണ്, ജീവിതമാണ്.
അനൂപ് ആന്റണി ജോസഫ്
യുവമോര്‍ച്ച ദേശീയ സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: