കൊച്ചി: അതിസമ്മര്‍ദത്തിലായി സംസ്ഥാനത്തെ പോലീസ് സേന. പിണറായി സര്‍ക്കാരിന്റെ ആസൂത്രണമില്ലായ്മയുടെ എണ്ണമറ്റ ഉദാഹരണത്തില്‍ ഒന്നുകൂടിയായി പോലീസ് സേനയുടെ കൊറോണ ഡ്യൂട്ടി വിന്യാസം.
വേണ്ടത്ര പോലീസ് സേനാംഗങ്ങളില്ലെന്നിരിക്കെയാണ് സംസ്ഥാനത്തെ കൊറോണ പരിശോധനയ്ക്കും കാവലിനും സര്‍ക്കാര്‍ പോലീസിനെ ചുമതലപ്പെടുത്തിയത്. ആരോഗ്യ പ്രവര്‍ത്തകരും വിദഗ്ധരും വിലക്കിയിട്ടും പോലീസിനെ കോവിഡ് ചുമതലകള്‍ ഏല്‍പ്പിച്ചു.
മഴക്കാലവും വെള്ളപ്പൊക്കവും പതിവായ കര്‍ക്കടക മാസത്തില്‍ രണ്ടുവര്‍ഷത്തെ അനുഭവം പ്രളയമായിരുന്നു. പക്ഷേ, മഴക്കാലം അടുത്തപ്പോള്‍ അക്കാര്യത്തില്‍ കരുതലെടുക്കാന് ആഭ്യന്തര വകുപ്പിനെ വിനിയോഗിക്കേണ്ടതിനു പകരം ആരോഗ്യ വകുപ്പു ചെയ്യേണ്ട ചുമതല അവരെ ഏല്‍പ്പിക്കുകയായിരുന്നു.
മൂന്നു ദിവസമായി സംസ്ഥാനത്ത് വ്യാപകമായിരിക്കുന്ന മഴക്കെടുതില്‍ ജന സുരക്ഷയ്ക്കോ സഹായത്തിനോ വേണ്ടത്ര പോലീസ് സേനാംഗങ്ങളെ ലഭ്യമാക്കുന്നതെങ്ങനെയെന്ന ആശങ്കയിലാണ് വിവിധ തലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍.
മുകളില്‍നിന്നുള്ള ഉത്തരവ് വരുമ്പോള്‍ നടപ്പാക്കാനുള്ള പ്രായോഗിക വിഷമതകളില്‍ സമ്മര്‍ദത്തിലാണ് ഉദ്യോഗസ്ഥര്‍. കോവിഡിനെ തുടര്‍ന്ന് പോലീസ് സേനയുടെ പ്രവര്‍ത്തന ബലം കുറച്ചിട്ടുണ്ട്. 50 വയസുകഴിഞ്ഞവര്‍ക്ക് ഡ്യൂട്ടി ഇളവുകള്‍ അനുവദിച്ചു. അങ്ങനെയിരിക്കെ, കോവിഡ് ഡ്യൂട്ടിയും പുറമേ സുരക്ഷാ ജോലിയുംകൂടി വരുമ്പോള്‍ ഏത്, എങ്ങനെ എന്നും പ്രതിരോധ കവച സംവിധാനങ്ങളുടെ അഭാവത്തില്‍ എന്തുചെയ്യണമെന്നും ഉള്ള സമ്മര്‍ദത്തിലാണ് സേന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: