മൂന്നാര്‍: രാജമലക്കടുത്ത് പെട്ടിമുടിയില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ എട്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ഇതുവരെ കണ്ടെടുത്തത് 26 മൃതദേഹങ്ങള്‍. 12 പേരെ രക്ഷപ്പെടുത്തി. ഇനി 40 പേരേക്കൂടി കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്.
ഒന്നിച്ചു താമസിച്ചവര്‍ ഒരുമിച്ച് മടങ്ങുന്ന ഹൃദയം തകര്‍ക്കുന്ന ദൃശ്യങ്ങളായിരുന്നു ഇന്നലെ. ഒന്നിച്ചുറങ്ങിയ 17 പേരുടെ മൃതദേഹങ്ങള്‍ രണ്ടു കുഴികളിലായി കൂട്ടത്തോടെ സംസ്കരിച്ചു. മണ്ണുമാന്തി ഉപയോഗിച്ചെടുത്ത വലിയ രണ്ടുകുഴികളില്‍ 12,5 വീതം മൃതദേഹങ്ങള്‍ പെട്ടികളിലാക്കി സംസ്ക്കരിക്കുകയായിരുന്നു. വെള്ളിയാഴ്ച കണ്ടെടുത്ത 17 മൃതദേഹങ്ങള്‍ രാജമല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരം അര്‍പ്പിച്ച ശേഷം അടുത്തുള്ള മൈതാനത്തോട് ചേര്‍ന്ന ഭാഗത്താണ് കൂട്ടത്തോടെ സംസ്കരിച്ചത്.
ശനിയാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിച്ചു. നാല് മണിയോടെ 8 മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തു. ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെങ്കിലും പിന്നീട് ശക്തമായ മഴയുണ്ടായി.
വെള്ളിയാഴ്ച തിരിച്ചറിഞ്ഞ 15 പേരെ കൂടാതെ രാജ(35), വിജില(47), കുട്ടിരാജ്(48), പവന് തായ്(52) ഷണ്മുഖ അയ്യന്(58), മണികണ്ഠന്(20), ദീപക്(18), പ്രഭ(55), ഭാരതി രാജ(35), സരോജ (58)എന്നിവരുടെയും തിരിച്ചറിയാത്ത ഒരാളുടെ (സ്ത്രീ)യും മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. പരിക്കേറ്റ മൂന്നു പേര് മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ പളനിയമ്മ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലും ചികിത്സയിലാണ്.
മണ്ണിനടില്‍ ജീപ്പുകളും കാറുകളും ഇരുചക്രവാഹനങ്ങളും കുടുങ്ങി കിടപ്പുണ്ട്. പലതിന്റെയും അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. കൂടാതെ മ്ലാവ് ഉള്‍പ്പെടെ വന്യമൃഗങ്ങളുടെയും വളര്‍ത്തു മൃഗങ്ങളുടെയും ജഡങ്ങളും കാണപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: