കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ചു. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥേ (60), സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരുള്‍പ്പെടെ 18 പേരാണ് മരിച്ചത്. ഇതില്‍ ഒന്‍പത് പേര് കോഴിക്കോട്, അഞ്ചു പേര് മലപ്പുറം, രണ്ടു പേര് പാലക്കാട് ജില്ലക്കാരുമാണ്. മരിച്ചവരില്‍ ഏഴ് പുരുഷന്മാരും ഏഴ് സ്ത്രീകളും അഞ്ചു വയസ്സിനു താഴെയുള്ള നാലു കുട്ടികളും ഉള്‍പ്പെടും. അപകടമുണ്ടാകുമ്പോള്‍ 184 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
കോഴിക്കോട് ജില്ലയില്‍ നടുവണ്ണൂര്‍ മൂലാട് തണ്ടപ്പുറത്തുമ്മേല്‍ ജാനകി കുന്നോത്ത്(55), സൗത്ത് ബീച്ച് റോഡ് ഫദല്‍ പുതിയപന്തക്കലകത്ത് ഷെനോബിയ(40), മേരിക്കുന്ന് എഴുത്തച്ഛന് കണ്ടി പറമ്പ് നിഷി മന്‍സിലില്‍ ഷാഹിറ ബാനു മാഞ്ചറ (29), മകന് അസം മുഹമ്മദ് ചെമ്പായി (1), കക്കട്ടില്‍ ചീക്കോന്നുമ്മല്‍ പീടികക്കണ്ടിയില്‍ രമ്യ മുരളീധരന് (32), മകള്‍ ശിവാത്മിക മുരളീധരന് (5), നാദാപുരം പാലോള്ളതില്‍ മനാല്‍ അഹമ്മദ് (25), കുന്ദമംഗലം മേലെ മരുതക്കോട്ടില്‍ ഷറഫുദ്ദീന് (35), ബാലുശ്ശേരി കോക്കല്ലൂര്‍ ചേരിക്കപറമ്പില്‍ രാജീവന് (61) എന്നിവരാണ് മരിച്ചത്.
മലപ്പുറം ജില്ലയില്‍, തിരൂര്‍ തെക്കെകുരൂര് ചേവപ്പാറ ഷഹീര്‍ സയീദ്(38), വളാഞ്ചേരി കൊളമംഗലം കാരാട്ട് വെള്ളാട്ട് ഹൗസ് സുധീര്‍ വാരിയത്ത് (45), എടപ്പാള്‍ കൊളോളമണ്ണ കുന്നത്തേല്‍ ഹൗസില്‍ കെ.വി. ലൈലാബി (51), തിരൂര്‍ കല്ലിങ്ങല്കൊട്ട് കീഴടത്തില്‍ ഹൗസില്‍ ഷെസ ഫാത്തിമ (2), തിരൂര്‍ നിറമരുതൂര്‍ കൊളങ്ങര ഹൗസില്‍ ശാന്ത മരക്കാട്ട് (59) എന്നിവരും പാലക്കാട് ജില്ലയില്‍, മണ്ണാര്‍ക്കാട് കോടതിപ്പടി, പുത്തന്‍ക്കളത്തില്‍ വീട്ടില്‍ ആയിഷ ദുആ(2), പാലക്കാട് ചളവറ മുണ്ടക്കോട്ടുകൊറുശ്ശി വട്ടപ്പറമ്പില്‍ വി.പി. മുഹമ്മദ് റിയാസ് (24) എന്നിവരുമാണ് മരിച്ചത്.
പതിനെട്ടു പേരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. 15 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്കി. കോവിഡ് സ്ഥിരീകരിച്ച ഒരാളുടെ മൃതദേഹം കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിച്ചു. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥേയുടെ മൃതദേഹം കൊച്ചി വഴി മുംബൈയിലേക്ക് കൊണ്ടു പോകും. അഖിലേഷിന്റെ മൃതദേഹം ന്യൂദല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിനായി കൊച്ചിയിലേക്ക് മാറ്റി.
കരിപ്പൂര്‍ പോലീസ് മെഡിക്കല്‍ കോളേജിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കൊവിഡ് പോസിറ്റീവായ വളാഞ്ചേരി കൊളമംഗലം സ്വദേശി സുധീര്‍ വാരിയത്തിന്റെ (45) മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മാവൂര്‍ റോഡ് ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്കരിച്ചു. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. പ്രസന്നന്റെ നേതൃത്വത്തില്‍ 12 ഡോക്ടര്‍മാരടക്കമുള്ള മുഴുവന്‍ ജീവനക്കാരും പോസ്റ്റുമോര്‍ട്ടത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: