ടൂറിന്: സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ പോരാട്ടവും യുവന്റസിനെ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് കടത്തിവിട്ടില്ല. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിയോണിനെ തോല്‍പ്പിച്ചെങ്കിലും യുവന്റസ് പുറത്തായി. രണ്ട് പാദങ്ങളിലുമായി ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചു. എന്നാല്‍ എവേ ഗോളിന്റെ മികവില്‍ ലിയയോണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. മാര്‍ച്ചില്‍ നടന്ന ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ലിയോണ്‍ മടക്കമില്ലാത്ത ഒരു ഗോളിന് യുവന്റസിനെ തോല്‍പ്പിച്ചിരുന്നു.
റൊണാള്‍ഡോയാണ് യുവന്റസിന്റെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കളം നിറഞ്ഞു കളിച്ച ഈ സ്ട്രൈക്കര്‍ രണ്ട് ഗോളും നേടി. എന്നാല്‍ ടീമിനെ ക്വാര്‍ട്ടറിലെത്തിക്കാന്‍ റൊണോയുടെ ഈ മികവിന് കഴിഞ്ഞില്ല. 43, 60 മിനിറ്റുകളിലാണ് റൊണാള്‍ഡോ ഗോളുകള്‍ നേടിയത്.
തുടക്കത്തില്‍ യുവന്റസാണ് കളിക്കളം അടക്കിവാണത്. എന്നാല്‍ മത്സരഗതിക്കെതിരെ പന്ത്രണ്ടാം മിനിറ്റില്‍ ലിയോണ്‍ ലീഡ് എടുത്തു. പെനാല്‍റ്റി കിക്കിലൂടെ ഡീപെയാണ് ഗോള്‍ നേടിയത്. ലിയോണ്‍ താരം ഹുസേം അക്വറെ യുവന്റ്സ് താരം ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. 43-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി റൊണാള്‍ഡോ യുവന്റിസിന് സമനില സമ്മാനിച്ചു. മിറാലേ പാനിക്കിന്റെ ഫ്രീ കിക്കില്‍ ഡീപെ കൈകൊണ്ട് തൊട്ടതിനാണ് പെനാല്‍റ്റി വിധിച്ചത്. രണ്ടാംപകുതിയില്‍ നിര്‍ണായ ഗോള്‍ നേടി റൊണോ യുവന്റസിനെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: