ചാമുണ്ടിക്കുന്ന്: ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ ചാമുണ്ടിക്കുന്ന് പടിഞ്ഞാറെ തുമ്പോടി റോഡില്‍ തുമ്പോടി തട്ടില്‍ സ്ഥാപിച്ച പൈപ്പ് കല്‍വര്‍ട്ട് കരകവിഞ്ഞൊഴുകിയുണ്ടായ വെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും തൊഴുത്തും പശുക്കളും ഒലിച്ചുപോയി. പടിഞ്ഞാറെ തുമ്പോടിയിലെ വാതുക്കാടന്‍ സന്തോഷിന്റെ തൊഴുത്തും പശുക്കളുമാണ് ഒലിച്ചുപോയത്.
ഇന്നലെ രാത്രി 12 മണിയോടു കൂടിയാണ് വലിയ ശബ്ദത്തോടു കൂടി മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ തൊഴുത്ത് തകര്‍ന്ന് ആറ് പശുക്കള്‍ അറുപതോളം മീറ്റര്‍ ദൂരത്തില്‍ ഒലിച്ചുപോയി. പരിസരവാസികള്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് പശുക്കളെ രക്ഷപെടുത്തുകയായിരുന്നു. കൂടാതെ മണ്ണിടിച്ചില്‍ വീടിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയിലാണ്. അര എക്കറോളം കാര്‍ഷിക വിളകളും മണ്ണൊലിച്ചിലില്‍ നശിച്ചിട്ടുണ്ട്. അശാസ്ത്രീയമായി നിര്‍മ്മിച്ച കല്‍വര്‍ട്ട് കരകവിഞ്ഞ് റോഡില്‍ കൂടി ഒഴുകിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുറ്റിക്കോലില്‍ നിന്ന് അഗ്നി രക്ഷാസേനയും, റവന്യൂ, പോലീസ്, വനം, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. അധികൃതര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് കുടുംബത്തെ ബന്ധുവീട്ടിലേയ്ക്ക് മാറ്റിപാര്‍പ്പിച്ചു.
വിവരം അറിഞ്ഞെത്തിയ ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹക് സൂരേഷ് മുന്തന്റെമൂല, ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍, വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി എം.ഷിബു, സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് പ്രേംകുമാര്‍, വൈസ് പ്രസിഡന്റ് ചിത്രന് ചെമ്പേരി, ജോ: സെക്രട്ടറി ബിനു.എ.നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ സേവാഭാരതിയുടെ അമ്പത് ഓളം പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയും താല്‍ക്കാലിക തൊഴുത്ത് നിര്‍മ്മിക്കുകയും, വെള്ളത്തിന്റെ ഗതി മാറ്റി വിടുകയും, വീടിന്റെ പുറകില്‍ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: