ഇടുക്കി: മൂന്നാര്‍ രാജമലയില്‍ ദുരന്തമുണ്ടായ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ പെയ്തത് 95.5 സെ.മീ മഴയാണ്. സംസ്ഥാനത്ത് മൊത്തം ഒരു വര്‍ഷം ശരാശരി ലഭിക്കുന്ന മഴ 290 സെ.മീ. ആണെന്നിരിക്കെയാണ് ഇതിന്റെ മൂന്നിലൊന്ന് ഒരാഴ്ചക്കൊണ്ട് ഒരു സ്ഥലത്ത് മാത്രം ലഭിച്ചത്. വനം വകുപ്പില്‍ നിന്ന് ലഭിച്ച കണക്ക് പ്രകാരമാണിത്.
ഒന്നാം തിയതിയും രണ്ടാം തിയതിയും സാധാരണ മഴ കിട്ടിയപ്പോള്‍ മൂന്നിന് 11.1 സെ.മീറ്ററും നാലിന് 19.5ഉം, 5ന് 9.3 സെ.മീറ്ററും മഴ പെയ്തിറങ്ങി. ദുരന്തമുണ്ടായ ദിവസമായ ആറിന് 24 മണിക്കൂറിനിടെ ഇവിടെ പെയ്തത് അതി തീവ്രമഴയാണ്, 30.9 സെ.മീ. പിന്നാലെ ഏഴിന് 16.7 സെ.മീ മഴയും ലഭിച്ചു. ഇത്തരത്തില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയാണ് ദുരന്തത്തിന്റെ തീവ്രത വലിയ തോതില്‍ കൂട്ടിയത്. ഉരുള്‍പൊട്ടി മണ്ണും കല്ലും ഒലിച്ച് വന്നത് ഏതാണ്ട് ഒരു കിലോ മീറ്ററോളം മുകളില്‍ നിന്നാണ്. മഴക്കാലത്ത് മാത്രമുണ്ടായിരുന്ന ചെറിയ നീര്ച്ചാല് കുത്തിയൊഴുകുന്ന വലിയ തോടായും ഇതോടെ മാറി. സമതലമുള്ള നീര്ച്ചാലൊഴികിയിരുന്ന മേഖലയോടെ ചേര്‍ന്നാണ് ഇവിടെ ലയങ്ങള്‍ കെട്ടിയിരുന്നത്.
ഇരുവശങ്ങളും മലകളാല്‍ ചുറ്റപ്പെട്ട മേഖലയായതിനാല്‍ ഇടിഞ്ഞുവന്ന ഭാഗം താഴെയുള്ള ലയങ്ങളുടെ മുകളിലേക്ക് മരണദൂതുമായി ഒഴുകി എത്തുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായത് ഒരിടത്ത് നിന്നാണെന്ന് വനംവകുപ്പും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി ഇരവികുളം ദേശീയോധ്യാനത്തിന്റെ അസി. വൈല്‍ഡ് ലൈഫ് വാര്ഡന് ജോബ് ജെ. നരിയംപറമ്പില് വ്യക്തമാക്കി. സമീപത്ത് ചിലയിടങ്ങളില്‍ ചെറിയ ഉരുള്‍പൊട്ടിയെങ്കിലും ഇത് അപകടത്തിന് കാരണമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: