മൂന്നാര്‍: മൂന്നാര്‍ രാജമലക്കടുത്ത് പെട്ടിമുടിയിലെ എസ്റ്റേറ്റ് ലയത്തില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ മരണം 27 ആയി. 12 പേര്‍ രക്ഷപ്പെട്ടു.
കണ്ണന്‍ദേവന്‍ ഹില്‍സ് ആന്‍ഡ് പ്ലാന്റഷന്‍സിലെ തൊഴിലാളികളുടെ നാല് ലയങ്ങളില്‍ കഴിഞ്ഞിരുന്ന 83 പേരാണ് ഇവിടെ താമസിച്ചിരുന്നത്. 78 പേരാണ് ദുരന്തത്തില്‍ പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ തെരച്ചില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. നാല് മണിയോടെ 8 മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തു. ഇനി 40 പേരെ കൂടി സ്ഥലത്ത് നിന്ന് കണ്ടെത്താനുണ്ട്. ഉച്ചവരെ സാമാന്യം തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെങ്കിലും ഉച്ചയ്‌ക്ക് ശേഷം ശക്തമായ മഴയുണ്ടായി.
വെള്ളിയാഴ്ച തിരിച്ചറിഞ്ഞ 15 പേരെ കൂടാതെ രാജ(35), വിജില(47), കുട്ടിരാജ്(48), പവന്‍ തായ്(52) ഷണ്‍മുഖ അയ്യന്‍(58), മണികണ്ഠന്‍(20), ദീപക്(18), പ്രഭ(55), ഭാരതി രാജ(35), സരോജ(58), ഒരാളെ (സ്ത്രീ) തിരിച്ചറിഞ്ഞിട്ടില്ല: എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 3 പേര്‍ മൂന്നാര്‍ റ്റാറ്റ ജനറല്‍ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ പളനിയമ്മ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും ചികിത്സയിലാണ്.
വെള്ളിയാഴ്ച കണ്ടെടുത്ത 18ല്‍ 17 മൃതദേഹങ്ങള്‍ രാജമല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അടുത്തുള്ള കായിക മൈതാനത്തോട് ചേര്‍ന്ന ഭാഗത്ത് കൂട്ട സംസ്‌കാരം നടത്തി. ജെസിബി ഉപയോഗിച്ച് തയാറാക്കിയ കുഴികളില്‍ 12, 5 വീതം മൃതദേഹങ്ങള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്ത്യോപചാരങ്ങള്‍ക്ക് ശേഷം സംസ്‌കരിക്കുകയായിരുന്നു.
മണ്ണിനടില്‍ ജീപ്പുകളും കാറുകളും ഇരുചക്രവാഹനങ്ങളും കുടങ്ങി കിടപ്പുണ്ട്. പലതിന്റെയും അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. കൂടാതെ മ്ലാവ് ഉള്‍പ്പെടെ വന്യമൃഗങ്ങളുടെയും വളര്‍ത്തു മൃഗങ്ങളുടെയും ജഡങ്ങളും കാണപ്പെട്ടു. ഉരുള്‍പൊട്ടിയ ഭാഗങ്ങളിലൂടെ ശക്തമായ നീരൊഴുക്കുണ്ട്. പ്രദേശത്ത് കൂറ്റന്‍ പാറകള്‍ വന്നടിഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളില്‍ പത്തടിയോളം എങ്കിലും മണ്ണ് മൂടിയിട്ടുണ്ട്. കാലുകള്‍ ചവിട്ടുമ്പോള്‍ ചെളിയില്‍ താഴ്ന്നുപോകുന്നതും രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുകയാണ്.
തെരച്ചില്‍ തുടരും
മൂന്നാര്‍: തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വരും ദിനങ്ങളിലും തുടരുമെന്ന് സ്ഥലം സന്ദര്‍ശിച്ച റവന്യം മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ഏറ്റവും അപകട സാധ്യത കുറവുണ്ടെന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഇപ്പോള്‍ ദുരന്തമുണ്ടായിരിക്കുന്നത്. മന്ത്രിയോടൊപ്പം ഇ.എസ്. ബിജിമോള്‍ എംഎല്‍എ, കെ.കെ.ശിവരാമന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
മുരളീധരനും സുരേന്ദ്രനും ഇന്ന് സന്ദര്‍ശിക്കും
തൊടുപുഴ: മൂന്നാര്‍ രാജമല പെട്ടിമുടിയിലെ ദുരന്തബാധിത മേഖല കേന്ദ്രമന്ത്രി വി. മുരളീധരനും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഇന്ന് ഉച്ചയോടെ സന്ദര്‍ശിക്കുമെന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: