തൃശൂര്‍: സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ബി.ജി.വിഷ്ണുവിനെതിരേ വിവാഹ നിശ്ചയിച്ച ശേഷം വഞ്ചിച്ചെന്ന പരാതിയുമായി സഹപ്രവര്‍ത്തകയായ വനിത സഖാവ്. എഐവൈഎഫ് പ്രവര്‍ത്തകയായ ഗീതു സുരേന്ദ്രന്‍ എന്ന യുവതിയാണ് താന്‍ വഞ്ചിക്കപ്പെട്ടതിന്റേ വിവരങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. വിഷ്ണുവിനെ പാര്‍ട്ടി നേതൃപദവികളില്‍ നിന്ന് ഒഴിവാക്കണമെന്ന് യുവതി ആവശ്യപ്പെടുന്നു.
ഗീതുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
പ്രിയ സുഹൃത്തുക്കളെ,
ഞാന്‍ ഗീതു സുരേന്ദ്രന്‍ എന്റെ വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകളാണ് നവ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ സത്യാവസ്ഥയാണിത്. എന്റെ വിവാഹമാണ്( 7/08/2020)തീയ്യതി നടക്കാനിരുന്നത്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് വിവാഹം മുടങ്ങി. എന്നെ അറിയാവുന്നവര്‍ക്കെല്ലാം എന്റെ കല്യാണത്തെ ക്കുറിച്ചും ഞാന്‍ ആരെയാണ് കല്യാണം കഴിക്കാന്‍ പോയിരുന്നതെന്നും നിങ്ങള്‍ക്കറിയാമായിരിക്കും. ഇനി അറിയാത്തവര്‍ക്കായി പറയുകയാണ്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ B.G. വിഷ്ണു (പപ്പന്‍ )…… ഞാന്‍ സ്‌നേഹിക്കുകയും എന്നെ സ്‌നേഹിച്ചിരുന്നു എന്ന് എന്നെയും എന്റെ കുടുംബത്തെയും നാട്ടുകാരെയും വിശ്വസിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് വിഷ്ണു എന്ന പപ്പന്‍. അത് കൊണ്ട് തന്നെ എന്റെ വീട്ടുകാര്‍ക്ക് അവര്‍ക്കിഷ്ടമില്ലാതിരുന്നിട്ടു പോലും എന്റെ ഒറ്റ നിര്‍ബന്ധത്തിനു വഴങ്ങിയാണവര്‍ മറുത്തൊരു വാക്ക് പറയാതെ വിഷ്ണുവിന്റെ കുടുംബവും ചേര്‍ന്ന് ഈ കല്യാണം ഏപ്രില്‍ 12 നു മൂവായിരം ആളുകളെ ഉള്‍പ്പെടുത്തി നാടൊട്ടുക്ക് വിളിച്ചു ഒറ്റ ഫങ്ക്ഷനായി നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ കൊറോണയുടെ വരവ് കൊണ്ട് പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഒരു പക്ഷെ കൊറോണ വന്നത് കൊണ്ട് ഒരുപാട് വിഷമിച്ചിരുന്നെങ്കിലും ഇത് കൊണ്ട് ഏക ഗുണമുള്ള വ്യക്തി ഈ ഞാന്‍ മാത്രമായിരിക്കും എന്നതാണ് എന്റെ ഇപ്പോഴത്തെ വിശ്വാസം. മൂന്ന് തവണ കല്യാണ തീയ്യതി മാറ്റി വക്കുകയും അവസാനം ഓഗസ്റ്റ് 7 നു 20 പേരെ വച്ചു നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കല്യാണ തലേ ദിവസം വൈകുന്നേരം വിഷ്ണുവും അയാളുടെ വീട്ടുകാരും വിവാഹ വസ്ത്രങ്ങള്‍ കൊണ്ട് വന്നിരുന്നു. രാത്രിക്കു രാത്രി തൃശ്ശൂര്‍ നിന്നും അമ്മയെയും സഹോദരിയെയും കൂട്ടി 24 വയസുള്ള പെണ്‍കുട്ടി എന്റെ വീട്ടില്‍ വരികയും എന്റെ വീട്ടുകാരുടെ അടുത്ത് വിഷ്ണുവും ഈ കുട്ടിയും തമ്മില്‍ കഴിഞ്ഞ 3 വര്‍ഷമായി പ്രണയത്തില്‍ ആയിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കിയിട്ടുള്ളതുമാണെന്ന വിശ്വാസ യോഗ്യമായ തെളിവുകള്‍ കാണിച്ചു തന്നു.അവരുടെ മകള്‍ വഞ്ചിക്കപെട്ടതുപോലെ ഞാനും വഞ്ചിക്കപ്പെടരുതെന്ന ഉദ്ധേശശുദ്ധികൊണ്ടാണ് ഗര്‍ഭണിയായ മൂത്തമകളെയും വഞ്ചിക്കപ്പെട്ട ഇളയമകളെയും കൂട്ടി ഇത്ര ദൂരം അവര്‍ വന്നത്. ഈ കാര്യത്തെ കുറിച്ച് അറിയുന്നതിനായി പല തവണ വിഷ്ണുവിനെ എന്റെ വീട്ടുകാര്‍ വിളിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ പിന്മാറുകയും പിന്നീട് ഫോണ്‍ സ്വിച് ഓഫ് ആക്കുകയും ചെയ്തു.
അതിനു ശേഷം വിഷ്ണുവിന്റെ വീട്ടുകാരാരും തന്നെ ഇതേ കുറിച്ചു അറിയാനോ പറയാനോ വന്നില്ല പകരം വിഷ്ണു അയച്ച പാര്‍ട്ടി പ്രവര്‍ത്തകരായ വിപിന്‍ ചന്ദ്രനും അഖിലേഷും ഉള്‍പ്പെടുന്ന 5 പേര്‍ വീട്ടില്‍ വരികയും അവര്‍ എന്റെ വീട്ടില്‍ വന്ന പെണ്‍കുട്ടിയും വിഷ്ണുവും തമ്മിലുള്ള ബന്ധം ബോധ്യമായതിനെ തുടര്‍ന്ന് മടങ്ങിപ്പോവുകയും ചെയ്തു. എന്തായാലും വളരെ നല്ല രീതിയില്‍ തന്നെ ഞാന്‍ പറ്റിക്കപ്പെട്ടു. ഇത്രയും വര്‍ഷം മാന്യതയുടെ മുഖം മൂടിയണിഞ്ഞ ഈ പകല്‍ മാന്യനെ വിശ്വസിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു. ഇതു പോലൊരു ചതി വിഷ്ണുവില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാവരുത്. ഞാന്‍ വിശ്വസിച്ചു പ്രവര്‍ത്തിച്ചിരുന്ന എന്റെ പാര്‍ട്ടിയുടെ മറവില്‍ നിന്നുകൊണ്ട് ആ പാര്‍ട്ടിയെക്കൂടി കളങ്കപ്പെടുത്തുന്ന രീതിയില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം വഹിക്കുന്ന ഇയാളെ പ്പോലുള്ളവരെ ഇനിയും വച്ചു കൊണ്ടിരിക്കരുതെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളോട് ഞാന്‍ ആവശ്യപ്പെടുകയാണ്. എനിക്ക് നീതി കിട്ടുന്നതിനുള്ള എല്ലാ നിയമ നടപടികളും ഞാന്‍ സ്വീകരിച്ചു കഴിഞ്ഞു. ഈ പോസ്റ്റ് വായിക്കുന്നവരും ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഇടാന്‍ ഉദ്ദേശിക്കുന്നവരും ഞാന്‍ ഒരു പെണ്‍കുട്ടി ആണെന്നും എന്നെ നിങ്ങളുടെ സഹോദരിയായി കാണണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: