മൂന്നാര്‍: ഒന്നിച്ച് ജീവിച്ച് ഒന്നിച്ച് മരണം പുല്‍കാനായിരുന്നു ഒരു വലിയ കുടുംബത്തിന്റെ ഒന്നാകെ വിധി. ഇത്തരത്തില്‍ കരളലിയിക്കുന്ന നിരവധി കാഴ്ചകളാണ് രാജമല പെട്ടിമുടി ദുരന്ത സ്ഥലത്ത് ഒരോ മണിക്കൂറിലും നടക്കുന്നത്.
മൂന്നാര്‍ ചെട്ടിമുടി ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് മയില്‍സ്വാമിയുടെ കുടുംബത്തിലായിരുന്നു, 21 പേര്. ദുരന്തത്തില്‍ മയില്‍സ്വാമിയും ചേട്ടന്മാരായ ഗണേശും അനന്തശിവവും ഭാര്യമാരും മക്കളുമൊക്കെ മണ്ണിനടിയിലായി. ഇന്നലെ നടത്തിയ തെരച്ചിലില്‍ മയില്‍സ്വാമിയുടെയും ഗണേശിന്റെയും മൃതദേഹങ്ങള്‍ കിട്ടി.
മയില്‍ സ്വാമിയും ഗണേശും 14 വര്‍ഷമായി വനംവകുപ്പിന്റെ ഡ്രൈവര്‍മാരായിരുന്നു. രാത്രി പതിനൊന്നരയോടെ ലയത്തിന് മുന്നിലെ ചായക്കടയ്ക്ക് സമീപം ജീപ്പ് പാര്‍ക്ക് ചെയ്ത് മഴ ആസ്വദിച്ച് മറ്റുള്ളവര്‍ക്കൊപ്പം ചായ കുടിച്ച് നില്‍ക്കുമ്പോഴാണ് മലമുകളിലെ തേയില തോട്ടത്തില്‍ നിന്ന് ദുരന്തം ആര്‍ത്തലച്ച് വന്നത്.
തിരുന്നല്‍വേലിയിലെ കയത്താര്‍ എന്ന സ്ഥലത്ത് നിന്നാണ് മയില്‍സ്വാമിയുടെ പൂര്‍വികര്‍ 60ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്നാറില്‍ തേയില തോട്ടത്തില്‍ ജോലിക്കെത്തിയത്. സഹോദരന് അനന്തശിവം പിന്നീട് മൂന്നാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ആകുകയും ചെയ്തു. അനന്തശിവത്തിനും മറ്റുള്ളവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. ഇവരുടെ ബന്ധുക്കള്‍ സ്ഥലത്ത് തന്നെ പ്രതീക്ഷയോടെ തുടരുകയാണ്.
മരണം കൊണ്ടുപോയത് സഹോദരിമാര്‍ ഉള്‍പ്പെടുന്ന രണ്ട് കുടുംബങ്ങളിലെ ഒമ്പതുപേരെ. കുളമാംഗൈ ചൊക്കമുടി എസ്റ്റേറ്റിലെ മാടസ്വാമിയുടെ കുടുംബാംഗങ്ങളാണിവര്‍. ചേച്ചിയുടെയും അനുജത്തിയുടെയും ഉള്‍പ്പെടെ രണ്ട് കുടുംബങ്ങളിലെ ഒമ്പതുപേരാണ് ഒന്നിച്ച് യാത്രയായി. ഈ കുടുംബങ്ങളിലെ രണ്ട് പെണ്‍കുട്ടികള്‍ തമിഴ്നാട്ടില്‍ നഴ്സിങ് പഠിക്കുകയായിരുന്നു. കോറോണ സാഹചര്യത്തില്‍ കുട്ടികളെല്ലാവരും വീട്ടില്‍ എത്തി ഒരാഴ്ച പിന്നിട്ടപ്പോഴാണ് മരണ ദൂതുമായി ഉരുള്പൊട്ടലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: