മണ്ണാര്‍ക്കാട്: ദുബായ്യിലുള്ള അച്ഛനെ കണ്ടുവരാം എന്ന് പറഞ്ഞ് ഏറെ സന്തോഷത്തോടെ, കളിച്ചുചിരിച്ച് പോയതാണ് രണ്ടുവയസ്സുകാരി ആയിഷ. തിരികെ മടങ്ങിയത് അച്ഛനെ പിരിഞ്ഞതിന്റെ നൊമ്പരത്തോടെയുമാവും. എന്നാല്‍ കരിപ്പൂരില്‍ ആ കുഞ്ഞിനെ കാത്തിരുന്നത് ദുരന്തമാണ്. കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മണ്ണാര്‍ക്കാട് സ്വദേശിനിയായ രണ്ടുവയസുള്ള ആയിഷ ദുആ ആണ്.
മണ്ണാര്‍ക്കാട് കോടതിപ്പടി ചൊമ്മേരി ഗാര്ഡന് സ്ട്രീറ്റ് നമ്പര്‍ ടൂ വിലെ പൂത്തന്‍ കളത്തില്‍ മുര്‍ത്താസ് ഫസലിന്റെയും സുമയ്യ തസ്നിയുടെയും ഏക മകളാണ് ആയിഷ ദുആ (2).
വെള്ളിയാഴച വൈകിട്ട് മൂന്ന് മണിക്കാണ് ദുബായ്യിയില്‍ നിന്നും ഭാര്യയേയും മകളേയും വിമാനത്തില്‍ കയറ്റി വിട്ടത്. വാപ്പച്ചിക്ക് ഉമ്മയും നല്‍കിയാണ് ആയിഷ ദുആ വിമാനത്തില്‍ കയറിയത്. അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴും സുമയ്യ (28) മകളെ കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. കൈയിക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സുമയ്യ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കൊണ്ടോട്ടി മെഴ്സി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആയിഷ ദുആ രാത്രി രണ്ടര മണിക്കാണ് മരിച്ചത്. മരുമകളേയും പേരക്കുട്ടിയേയും കൊണ്ടു വരുന്നതിന് അലനല്ലൂരിലുള്ള ഒരു ടാക്സി ഏര്‍പ്പെടുത്തിയിരുന്നതായും മുര്‍ത്താസ് ഫസലിന്റെ അച്ഛനമ്മമാരായ ഡോ. റസാഖും ആസിയയും പറഞ്ഞു.
കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു പെണ്‍കുഞ്ഞ് ഉണ്ടായത്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പൊന്നോമനയായിരുന്നു ദുആ. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മണ്ണാര്‍ക്കാട് വലിയപള്ളിയില്‍ ഖബറടക്കം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: