കോട്ടയം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് വളരെയേറെ റിസ്ക്കുള്ള കാര്യമാണെന്ന് മുന്‍ വ്യോമയാന ഡയറക്ടര്‍ ഇ. കെ ഭരത് ഭൂഷണ്. ഇവിടുത്തെ റണ്‍വേക്ക് നീളം കൂട്ടാന്‍ ശ്രമമുണ്ടായപ്പോള്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുകളാണ് മുന്‍പ് ഉണ്ടായിട്ടുള്ളത്. എംപിമാര്‍ അടക്കമുള്ള നേതാക്കള്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കണമെന്ന് പാര്‍ലമെന്റില്‍ അടക്കം ആവശ്യപ്പെടും. പക്ഷെ സ്ഥലമെടുപ്പിന്റ കാര്യം അവര്‍ മിണ്ടില്ല. എതിര്‍ക്കുന്ന ജനങ്ങളെ പറഞ്ഞ് കാര്യം ബോധ്യപ്പെടുത്താന്‍ അവര്‍ തയാറായതുമില്ല, അദ്ദേഹം പറഞ്ഞു.
പതിനെട്ടു പേരുടെ ജീവനെടുത്ത വിമാന അപകടത്തിനു കാരണം കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ അപാകമാണെന്ന റിപ്പോര്‍ട്ടുകളെപ്പറ്റി ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റണ്‍വേയുടെ രണ്ടു വശത്തും 240 മീറ്റര്‍ റീസ(റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ)യെന്ന സുരക്ഷാ മുന്‍കരുതല്‍ വേണം. വിമാനം പരിധി കടന്നും മുമ്പോട്ട് ഓടിയാല്‍ മണ്ണില്‍ പുതഞ്ഞു നില്‍ക്കാനുള്ള സംവിധാനമാണിത്. അത് ഇവിടെയുണ്ട്. മികച്ച ലാന്‍ഡിങ്ങ് സംവിധാനമായ ഇന്‍സ്ട്രമെന്റ് ലാന്‍ഡിങ്ങ് സിസ്റ്റം രണ്ടു റണ്വേയിലുമുണ്ട്. എങ്കിലും വലിയ വിമാനങ്ങള്‍ ലാന്‍ഡു ചെയ്യാനുള്ള സൗകര്യം ഇവിടില്ല. എന്നാല്‍ ജംബോ വരെ അവിടെ ലാന്‍ഡ് ചെയ്തതായി അറിഞ്ഞു. ഇത് വളരെയേറെ റിസ്ക്കുള്ള ദൗത്യമാണ്.
റണ്‍വേ മാത്രമല്ല, അപകടത്തിന് പല കാരണങ്ങള്‍ ഉണ്ടാവാം. മംഗലാപുരം വിമാനത്താവളത്തില്‍ 2010 മെയിലുണ്ടായ അപകടവും കരിപ്പൂരിലെ വിമാന അപകടവും തമ്മില്‍ സമാനതകളുണ്ട്.
രണ്ടും ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളാണ്. കുന്നുകള്‍ക്കു നടുവില്‍ ഉയരത്തിലുള്ള റണ്‍വേയുള്ളതാണ് ടേബിള്‍ ടോപ്പ് വിമാനത്താവളം. മംഗലാപുരത്ത് അപകടം ഉണ്ടാകുമ്പോഴും കനത്ത മഴയുണ്ടായിരുന്നു.
2860 മീറ്ററാണ് കരിപ്പൂരിലെ റണ്‍വേയുടെ നീളം. വിമാനത്താവളം ആരംഭിച്ച 1988 ല്‍ ഒരു വര്‍ഷത്തോളം ഞാന്‍ മലപ്പുറം ജില്ലാ കളക്ടറായിരുന്നു. കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് റണ്‍വേ നീട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. 350 ഏക്കര്‍ കൂടി ഏറ്റെടുത്താല്‍ മാത്രമേ അത് സാധ്യമാകൂ. ഭൂമി ഏറ്റെടുക്കാന്‍ ഞാനും എയര്‍പോര്‍ട്ട് അതോറിറ്റിക്കാരും അവിടെപ്പോയിട്ടുണ്ട്. എയര്‍പോര്‍ട്ട് അധികൃതരെ ശാരീരികമായി ആക്രമിക്കുന്ന അവസ്ഥ വരെ അവിടെ ഉണ്ടായി. റണ്‍വേയ്ക്ക് നീളം ഉണ്ടായിരുന്നുവെങ്കില്‍ 2000 അടി മുന്നോട്ടു കടന്ന് ലാന്‍ഡ് ചെയ്താലും പ്രശ്നം ഉണ്ടാകുമായിരുന്നില്ല. സ്ഥലം ഏെറ്റടുക്കുമ്പോള്‍ ന്യായമായ നഷ്ടപരിഹാരം നല്‍കണം. ആയിരത്തഞ്ഞൂറോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. ജനങ്ങള്‍ വളരെ വൈകാരികമായാണ് പ്രതികരിക്കുന്നത്. വിമാനത്താവളം അവിടെത്തന്നെ വേണം. പക്ഷെ ഭൂമി നല്കാന് കഴിയില്ല.
ജനങ്ങള്‍ അത്രയേറെ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്. അതിനാലാണ് 2860 മീറ്റര്‍ മാത്രം നീളമുള്ള റണ്‍വേ നിര്‍മിക്കാന്‍ കാരണം. അവിടെ അങ്ങേയറ്റം ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. മുന്‍പ് 2012 കാലത്ത് , കൂടുതല്‍ സ്ഥലം കിട്ടിയില്ലെങ്കില്‍, റണ്‍വേ നീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ റണ്‍വേ അടച്ചിടുമെന്നും വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് പറഞ്ഞുവിടേണ്ടിവരുമെന്നും ഡിജിസിഎ എന്ന നിലയ്ക്ക് ഭീഷണിയുടെ സ്വരത്തില്‍ പറയേണ്ടിവന്നിട്ടുമുണ്ട്, ഭരത് ഭൂഷന് പറഞ്ഞു.
അനില്‍ജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: