ദുരന്തങ്ങള്‍ കണ്ണീര്‍മഴയായി പെയ്തിറങ്ങിയ ദിവസമായിരുന്നു വെള്ളിയാഴ്ച. കനത്ത പേമാരിയില്‍ മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടമായവര്‍ നൊമ്പരമായി നില്‍ക്കുന്നതിനിടയിലാണ്, കോഴിക്കോട് കരിപ്പൂര്‍ വിമാന അപകടം മറ്റൊരു സങ്കടക്കാഴ്ചയായത്. ദുരന്തത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി. സാഥേയും സഹപൈലറ്റ് അഖിലേഷും ഉള്‍പ്പടെ 18 പേരുടെ ജീവന് പൊലിഞ്ഞു. കുഞ്ഞുങ്ങള്‍ അടക്കം പലരും ഗുരുതരാവസ്ഥയില്‍ ജീവിതത്തോട് പൊരുതുന്നു. സാഥേയുടെ അനുഭവ സമ്പത്താണ് വന്‍ദുരന്തം ഒഴിവാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്ന് 190 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തത്തിന് ഇരയായവര്‍ക്ക് ഹൃദയാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കോവിഡ് ഭീഷണി വകവയ്ക്കാതെ, സ്വയംമറന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ നാട്ടുകാര്‍ക്കും ഉണര്‍ന്ന് പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആയിരമായിരം കൂപ്പുകൈ.
കരിപ്പൂരില്‍ സംഭവിച്ചത് എന്താണ്? അത് വ്യക്തമാകാന്‍ അന്വേഷണ വിവരം പുറത്ത് വരേണ്ടിയിരിക്കുന്നു. കാത്തിരുന്നേ പറ്റൂ. എങ്കിലും ചില ആശങ്കകള്‍ പങ്കുവയ്ക്കാതിരിക്കാനാവില്ല. കാലാവസ്ഥയാണ് ചതിച്ചതെന്നും ആശയവിനിമയത്തില്‍ പാളിച്ച ഉണ്ടായെന്നും റണ്‍വേ മാറിപ്പോയെന്നും റണ്‍വേയില്‍ കൂടുതല്‍ മുന്നോട്ടു കയറിയാണ് വിമാനം ഇറങ്ങിയതെന്നും സംശയങ്ങളുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തെക്കുറിച്ചും, അവിടെ ഉണ്ടായേക്കാവുന്ന അപകട സാധ്യതകളെക്കുറിച്ചും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതി തന്നെ പ്രധാന പ്രശ്നം. പരിചയ സമ്പന്നരായ വൈമാനികര്‍ക്ക് പോലും വെല്ലുവിളി ഉയര്‍ത്തുന്ന ടേബിള്‍ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലേത്. അത് സുരക്ഷിതമല്ലെന്നും അതുകൊണ്ട് തന്നെ വികസന സാധ്യത തീരെ ഇല്ലെന്നും സ്ഥലമെടുപ്പ് വേളയില്‍ത്തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്.
കരിപ്പൂരില്‍ അശാസ്ത്രീയമായ രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതെന്നും ആരോപണമുണ്ടായിരുന്നു. റണ്‍വേയെക്കുറിച്ചും പരാതിയുണ്ടായിരുന്നു. മോശം കാലാവസ്ഥയില്‍ ലാന്‍ഡിങ് വെല്ലുവിളിയാകും. വലിയ വിമാനങ്ങളുടെ ലാന്‍ഡിങ് അപകടം ക്ഷണിച്ചുവരുത്തുമെന്നതിനാല്‍ റണ്‍വേയ്ക്കായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം പാ
ലിക്കപ്പെട്ടുമില്ല. ഇത്തരം ടേബിള്‍ ടോപ് സംവിധാനമുള്ള മംഗലാപുരം വിമാനത്താവളത്തില്‍ 2010ല്‍ 158 പേരുടെ മരണത്തിനിടയാക്കി വിമാനം കത്തി അമര്‍ന്ന അപകടം ഒരു മുന്നറിയിപ്പ് ആയിരുന്നു. അത് ഓര്‍ക്കുമ്പോഴാണ്, കരിപ്പൂരില്‍ ഒഴിവായ ഭീകരതയുടെ മുഖം വ്യക്തമാകുന്നത്. അത്തരം പല മുന്നറിയിപ്പുകളും ഗൗരവത്തില്‍ എടുക്കാതെ പോയി.
വികസനത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ കരിപ്പൂരിലെ ഭൂ പ്രകൃതി പ്രായോഗിക തടസവുമാണ്. കരിപ്പൂര്‍ വിമാനത്താവളത്തിന് തൊട്ടടുത്തു ജനവാസമേഖലയായതിനാല്‍, വിമാനം തെന്നിമാറി ഇവിടേക്ക് പതിച്ചിരുന്നെങ്കില്‍ അതൊരു മഹാദുരന്തത്തിന് ഇടയാക്കുമായിരുന്നു. ദുരന്തങ്ങള്‍ ലോക നിയമമായിരിക്കാം. പക്ഷെ നമ്മുടെ അശ്രദ്ധയോ അനാസ്ഥയോ ഭാവനാ രാഹിത്യമോ അതിനു കാരണമാകാന്‍ ഇടവന്നുകൂടാ. കരിപ്പൂരില്‍ അത് സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ അന്വേഷണ റിപ്പോര്‍ട്ട് വരണം. ബഌക് ബോക്സും വോയ്സ് റെക്കോര്‍ഡറും തരുന്ന തെളിവുകള്‍ക്കു കാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: