വലിയതുറ: മുട്ടത്തറ ബംഗ്ലാദേശ് കോളനിയില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ നാട്ടുകാര്‍ തകര്‍ത്തു. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് കണ്ടെയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി പൊന്നറ പാലത്തിനപ്പുറം വലിയതുറയിലേക്കുള്ള റോഡ് അടച്ചുവെച്ചിരുന്ന ബാരിക്കേഡുകളാണ് ബംഗ്ലാദേശ് പ്രദേശവാസികള്‍ നീക്കം ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മുട്ടത്തറ പ്രദേശങ്ങളെ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് തീരദേശ പ്രദേശത്തെ നിയന്ത്രണങ്ങളുടെ ഭാഗമായി ബംഗ്ലാദേശ് അടച്ചതാണ് പ്രദേശവാസികളെ ചൊടിപ്പിച്ചത്. ഇതോടെ പ്രതിഷേധമുയര്‍ത്തി സംഘം ചേര്‍ന്നെത്തിയ ബംഗ്ലാദേശ് പ്രദേശവാസികള്‍ റോഡ് അടച്ച ബാരിക്കേഡുകള്‍ റോഡില്‍ നിന്ന് എടുത്ത് മാറ്റുകയാണുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനോ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കാനോ തയ്യാറായില്ല. പകരം ബംഗ്ലാദേശില്‍ നീക്കം ചെയ്ത ബാരിക്കേഡുകളെടുത്ത് മുട്ടത്തറയിലേക്കുള്ള കല്ലുംമൂട് റോഡ് വീണ്ടും അടയ്ക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് മുട്ടത്തറയിലെ കണ്ടെയിന്മെന്റ് സോണിനെ തുടര്‍ന്ന് കല്ലുംമൂട് ജംഗ്ഷന് അടച്ചാണ് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിയന്ത്രണ പരിധിയില്‍ നിന്ന് പ്രദേശത്തെ ഒഴിവാക്കിയിട്ടും വീണ്ടും അടച്ചത് മുട്ടത്തറ പ്രദേശവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ വീണ്ടും അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
കല്ലുംമൂടില് റോഡ് അടച്ചത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്പോലീസ് ഉന്നതാധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. ബംഗ്ലാദേശില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ അവിടത്തുകാര്‍ പ്രതിഷേധിച്ചതോടെ അവരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കല്ലുംമൂട് അടച്ച് മുട്ടത്തറവാസികളെ ക്രൂശിക്കുന്ന സാഹചര്യമാണ് നിലവിലുണ്ടായിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: