ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തിലെ മുടയരഞ്ഞി പുഴയില്‍ ഒഴുക്കില്‍പെട്ട് കേബിള്‍ ടിവി തൊഴിലാളിയായയുവാവ് മരിച്ചു. എടപ്പുഴ സ്വദേശിയും എടത്തൊട്ടിയില്‍ ഇപ്പോള്‍ താമസക്കാരനും കേബിള്‍ ടിവി തൊഴിലാളിയുമായ പാടിക്കല്‍ ജോം തോമസ് എന്ന ജോമറ്റ് (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ പുഴക്ക് കുറുകെ കേബിള്‍ വലിക്കുന്നതിനിടയിലാണ് അപകടം.
അങ്ങാടിക്കടവ് ഇന്റല്‍ കേബിള്‍ കമ്മ്യൂണിക്കേഷന്‍ ജീവനക്കാരനായ ജോം രാവിലെ പതിനൊന്നരയോടെ കേബിള്‍ വലിക്കുന്നതിനായി പുഴ കടക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ വൈദ്യുതി തൂണ് പൊട്ടിവീണിരുന്നു. ഇതോടൊപ്പം കേബിളും തകര്‍ന്നിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കൊപ്പം വൈദ്യുതി തൂണ് പുനഃസ്ഥാപിച്ച് കേബിള്‍ വലിച്ചു കെട്ടുന്നതിനിടയില്‍ ആയിരുന്നു അപകടം.
പുഴയുടെ അക്കരെ ഉണ്ടായിരുന്ന കേബിള്‍ എടുക്കുന്നതിനായി അരയ്ക്ക് കയര്‍ക്കെട്ടി കടക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ശക്തമായ കുത്തൊഴുക്കില്‍ അരയില്‍കെട്ടിയ കയര്‍ കാലില്‍ കുടുങ്ങി പോയതാണെന്ന് കരുതുന്നു. മുടയരഞ്ഞി ചെക്ക് ഡാമിന് 400 മീറ്റര്‍ അകലെ വച്ചായിരുന്നു അപകടം. തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും വള്ളിത്തോട് ഒരുമ റസ്ക്യുടീം രക്ഷാപ്രവര്‍ത്തകരും മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഡാമിന് സമീപം തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തോമസിന്റെയും ലില്ലിക്കുട്ടിയുടേയും മകനാണ്. ഭാര്യ: സോണിയ. സഹോദരങ്ങള്‍: ജീംനിറ്റ്, ബ്രിന്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: