മൂന്നാര്‍: രണ്ടു വര്‍ഷം മുന്‍പുണ്ടായ വലിയ പ്രളയത്തില്‍ അല്‍പ്പംപോലും മണ്ണിടിയാത്ത സ്ഥലത്താണ് ഇക്കുറി, വയനാട്ടിലെ പുത്തുമലയിലെ പോലുള്ള ദുരന്തം ആവര്‍ത്തിച്ചത്.
രാവിലെ തേയിലത്തോട്ടത്തില്‍ ജോലിക്ക് പോയ ശേഷം സന്ധ്യമയങ്ങുമ്പോള്‍ തിരികെയെത്തുകയാണ് ഇവരുടെ പതിവ്. പ്രായമായവരും കൊച്ചുകുട്ടികളുമാണ് വീടുകളില്‍ കഴിയുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ ദിവസങ്ങളായി പലരും ലയങ്ങളിലെ കൊച്ചുമുറികളില്‍ ഒതുങ്ങികൂടിക്കഴിയുകയായിരുന്നു. ഇത്തരത്തില്‍ നൂറ് കണക്കിന് ലയങ്ങളാണ് പ്രദേശത്തുള്ളത്.
തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളിലൊന്നാണ് ആനമുടി മലനിരയിലെ രാജമല. ഇവിടെ ഇത്തരത്തില്‍ നിരവധി ലയങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ അധിവസിക്കുന്നുണ്ട്. എല്ലാ സ്ഥലങ്ങളും മലകളും കുന്നുകളും ചെറിയ നീര്‍ച്ചാലുകളും നിറഞ്ഞതാണ്. സമാന ദുരന്തം എവിടെ വേണമെങ്കിലും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ജില്ലാ കളക്ടറും ഇത് ശരിവെയ്‌ക്കുന്നു. അതേസമയം, ഇവിടെ നിന്ന് ആളുകളെ കൂട്ടത്തോടെ മാറ്റുകയെന്നത് പ്രായോഗികമല്ല.
ഇവിടം താമസയോഗ്യമല്ലെന്ന് മുമ്പ് തന്നെ വിദഗ്ധര്‍ കണ്ടെത്തിയതാണ്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത കൂടിയതാണ് ഇവിടുത്തെ ഭൂപ്രകൃതിയെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ മേഖലയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകാത്തതിനാല്‍ ഇത് ആരും ചെവിക്കൊണ്ടില്ല. പുത്തുമലയിലും കവളപ്പാറയിലും ഉണ്ടായതിലും അതിഭയാനകമായ ദുരന്തമാണ് രാജമലയില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: