തിരുവനന്തപുരം: ദിവസങ്ങള്‍ക്കു മുന്‍പ് വാഹനാപകടത്തില്‍ പരുക്കേറ്റ ചികിത്സയിലായിരുന്ന ശേഷം ഇന്നലെ അന്തരിച്ച സുപ്രഭാതം ദിനപത്രം ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്തിന് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. രാഷ്ട്രീയ-സാമൂഹിക- മാധ്യമ രംഗത്തെ പ്രമുഖര്‍ പ്രസ്ക്ലബില്‍ പൊതുദര്‍ശത്തിനു വച്ച ശ്രീകാന്തിന്റെ ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അതേസമയം, ശ്രീകാന്ത് ആഗ്രഹിച്ച വിധമുള്ള അവയവദാനം യാഥാര്‍ത്ഥ്യമാക്കാനായില്ലെങ്കിലും ഹൃദയവാല്‍വിലൂടെ മറ്റൊരാള്‍ക്ക് ജീവിതം തിരിച്ചു നല്കാന് കഴിഞ്ഞതിലുള്ള സമാധാനത്തിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങള്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി ദാനം ചെയ്യാന്‍ കഴിയുകയുള്ളൂ. എന്നാല്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സുപ്രഭാതം പത്രത്തിന്റെ ഫോട്ടോഗ്രാഫറും ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാരന്‍ നായര്‍ -രത്നമ്മ ദമ്പതികളുടെ മകനുമായ ശ്രീകാന്തിനു അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളായിരുന്നു.
അവയവദാന ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്തിട്ടുള്ള ശ്രീകാന്ത് അവയവദാനത്തെക്കുറിച്ചുള്ള ആഗ്രഹം വീട്ടുകാരോട് പങ്കുവച്ചിട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആറു ദിവസം അബോധവസ്ഥയിലായിരുന്ന ശ്രീകാന്ത് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. എന്നാല്‍ മസ്തിഷ്ക മരണമല്ലാത്തതിനാല്‍ ബന്ധുക്കളുടെ അനുമതി ഉണ്ടായിട്ടും അവയവദാനമെന്ന ശ്രീകാന്തിന്റെ ആഗ്രഹം പൂര്‍ണമായി സാധിച്ചു നല്കാന് മൃതസഞ്ജീവനി അധികൃതര്‍ക്കായില്ല. ഹൃദയത്തിന്റെ പ്രവര്‍ത്തനം സ്വാഭാവികമായി നിലയ്ക്കുന്നതിനാല്‍ ഹൃദയവാല്‍വ് മാത്രമാണ് ദാനം ചെയ്യാനായത്. ഈ സാഹചര്യത്തിലും ഹൃദയവാല്‍വ് ദാനം ചെയ്യാന്‍ അവസരമൊരുങ്ങിയത് മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസിസിന്റെ ഏകോപനപാടവം വ്യക്തമാക്കുന്നു.
ശ്രീചിത്രയിലെ രോഗികള്‍ക്കാണ് വാല്‍വ് നല്‍കിയത്. ശ്രീ ചിത്രയിലെ പീഡിയാട്രിക് സര്‍ജനും കാര്‍ഡിയോ വാസ്കുലാര്‍ തൊറാസിക് സര്‍ജറി മേധാവിയുമായ ഡോ ബൈജു എസ് ധരന്‍, റസിഡന്റുമാരായ ഡോ സുരാജ്, ഡോ റാഷിദ, ഡോ ആകാശ് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ശ്രീകാന്തിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറും അനുശോചനം അറിയിച്ചു. അറിയപ്പെടുന്ന ന്യൂസ് ഫോട്ടോഗ്രാഫറായ ശ്രീകാന്തിന്റെ അകാലത്തിലുണ്ടായ വേര്‍പാടിലും മന: സാന്നിദ്ധ്യത്തോടെ അവയവദാനത്തിനു തയ്യാറായ കുടുംബാംഗങ്ങള്‍ കാട്ടിയ മാതൃകയില്‍ ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ആദരവറിയിച്ചു. വര്‍ക്കല നഗരസഭ താല്‍ക്കാലിക ജീവനക്കാരി രമ്യയാണ് ശ്രീകാന്തിന്റെ ഭാര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: