തൃശൂര്‍ : പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഭാഗീയതയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സിപിഎമ്മില്‍ നടപടി. പുഴക്കല്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും പി.കെ.പുഷ്പാകരനെ നീക്കി. പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിക്ക് ഏരിയ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്കി. ബുധനാഴ്ച ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്.ബാലന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി.അബ്ദുള്‍ഖാദര്‍, ബാബു പാലിശേരി, സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം അറിയിച്ചത്.
പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള ഏരിയാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിച്ച എം.കെ.പ്രഭാകരനെ പരാജയപ്പെടുത്തിയാണ് പി.കെ.പുഷ്പാകരന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രഭാകരനെ സെക്രട്ടറിയായി തെരഞ്ഞെടുക്കണമെന്ന പാര്‍ട്ടി നി ര്‍ദ്ദേശം തള്ളിയായിരുന്നു മല്‍സരമുണ്ടായത്. വിഭാഗീയതയുണ്ടായെന്ന പരാതിയെ തുടര്‍ന്ന് സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍. പരാതി കഴമ്പുള്ളതാണെന്നും വിഭാഗീയതയുണ്ടായെന്നും കണ്ടെത്തിയ കമ്മീഷന് നടപടികളും ശുപാര്‍ശ ചെയ്തിരുന്നു.
കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും നടപടി തീരുമാനിച്ച് സംസ്ഥാനകമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടിരിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണ് ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ടും പുഴക്കല്‍ ബ്ളോക്ക് പ്രതിപക്ഷ നേതാവുമാണ് പി.കെ.പുഷ്പാകരന്‍. വിഭാഗീയത കണ്ടെത്തിയ കുന്നംകുളത്ത് നഗരസഭാ മുന്‍ ചെയര്മാന് ജയപ്രകാശിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന തീരുമാനം അറിയിക്കാന്‍ വ്യാഴാഴ്ച ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: