തിരുവനന്തപുരം: കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച ഇടുക്കിയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു. എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇടുക്കി ജില്ലയിലെ മൊബൈല്‍ മെഡിക്കല്‍ സംഘത്തിന് പുറമേയാണ് ഈ മെഡിക്കല്‍ സംഘത്തെ അയയ്‌ക്കുന്നത്.
സംഭവ സ്ഥലത്തേക്ക് 15 ആംബുലന്‍സുകളും അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുന്നതാണ്. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മുതലുണ്ടായ ശക്തമായ മഴയില്‍ ഇടുക്കി ജില്ലയില്‍ കനത്ത നാശനഷ്ടം. നാലിടത്താണ് ഉരുള്‍പൊട്ടിയത്. പീരുമേട്ടില്‍ മൂന്നിടങ്ങളിലും, ചിന്നാറിലുമായാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
രാജമല പെട്ടിമുടിയില്‍ തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. എഴുപതോളം പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടാകുമെന്നാണ് സൂചന. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തിയ 10 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ എത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: