പത്തനാപുരം: ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തലവൂര്‍ പഞ്ചായത്തില്‍ വ്യാപകനാശം. കുലച്ച് വിളവെത്തിയ മൂവായിരംമൂട് ഏത്തവാഴകളും ആയിരംമൂട് മരച്ചീനിയും റബ്ബര്‍ മരങ്ങളും കാറ്റില്‍ നിലംപൊത്തി. തലവൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ഏഴ് വീടുകളും തകര്‍ന്നു.
അലക്കുഴി വാര്‍ഡിലാണ് കാറ്റ് വലിയ നാശം വിതച്ചത്. രണ്ടായിരത്തോളം മൂട് ഏത്തവാഴകള്‍ ഇവിടെ മാത്രം നശിച്ചു. കൂടാതെ നിരവധി കാര്‍ഷികവിളകള്‍ കാറ്റില്‍ നിലംപൊത്തി. അലക്കുഴി ചരുവിളവീട്ടില്‍ അര്‍ജുനന്റെ വീട് മരം വീണ് പൂര്‍ണമായും തകര്‍ന്നു. മഹേഷ് ഭവനില്‍ മുരളീധരന്, സരസ്വതി വിലാസത്തില്‍ തുളസീധരന്‍പിളള, പുല്ലുവട്ടത്ത് ജോയി എന്നിവരുടെ വീടുകളും ഭാഗികമായി തകര്‍ന്നു. മനോജ് സദനില്‍ യോഹന്നാന് ജോര്‍ജിന്റെ ഷീറ്റുപുരയും സമീപവാസിയായ പൊന്നച്ചന്റെ കിണറും മരം വീണ് തകര്‍ന്നു. പൊന്നച്ചന്റെ പുരയിടത്തിലെ നാല് ആഞ്ഞിലി മരങ്ങള്‍ കാറ്റില്‍ കടപുഴകി.
പണയില്‍ പുത്തന്‍വീട്ടില്‍ രാജുവിന്റെ ചുറ്റുമതില്‍ തേക്കുമരം വീണ് തകര്‍ന്നു. കൂടാതെ ഇയാളുടെ അമ്പതുമൂട് ചേനയും നശിച്ചു. പാലക്കുഴിയില്‍ ജോസ് ജോര്‍ജ്ജ്, ജോജോ എന്നിവരുടെ 1500 മൂട് ഏത്തവാഴകള്‍, തലവൂര്‍ പഞ്ചായത്തംഗമായ വിജയകുമാറിന്റെ നൂറ്റമ്പതുമൂട് ഏത്തവാഴകള്‍, സിമി ഭവനില്‍ ജോര്‍ജ്കുട്ടിയുടെ 80 മൂട് കുലച്ച വാഴകള്‍ എന്നിവയും കാറ്റില്‍ ഒടിഞ്ഞുവീണു. ഓണത്തിന് വിളവെടുക്കാന്‍ പാകമായ വാഴകളാണ് കാറ്റില്‍ നിലം പൊത്തിയത്.
നീലാംവിള പുത്തന്‍ വീട്ടില്‍ പാപ്പച്ചന്റെ അഞ്ഞൂറുമൂട് മരച്ചീനിയും നശിച്ചു. തലവൂരില്‍ മാത്രം പത്തുലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
കുന്നത്തൂരില്‍ വ്യാപകനാശം; 56 വീടുകള്‍ തകര്‍ന്നു
കുന്നത്തൂര്‍: ശക്തമായ കാറ്റും മഴയും കുന്നത്തൂര്‍ താലൂക്കില്‍ വ്യാപക നാശംവിതച്ചു. ശക്തമായ കാറ്റില്‍ വിവിധപ്രദേശങ്ങളില്‍ വലുതും ചെറുതുമായ നിരവധി മരങ്ങള്‍ നിലം പതിച്ചു. വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകര്‍ന്നതിനാല്‍ ബുധനാഴ്ച രാത്രി മുതല്‍ നിലച്ച വൈദ്യുതിബന്ധം പലയിടത്തും പുനഃസ്ഥാപിക്കാനായിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് വൈദ്യുതിബോര്‍ഡിന് സംഭവിച്ചിട്ടുള്ളത്. താലൂക്കിലെ വിവിധ വില്ലേജുകളില്‍ മരം വീണ് 55 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. പടിഞ്ഞാറെ കല്ലടയിലാണ് കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. വീടുകള്‍ തകര്‍ന്നതിലൂടെ 35 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിട്ടുള്ളത്.
കുന്നത്തൂര്‍ നടുവില്‍ കിണറുവിളയില്‍ സുധാകരന്, ഐവര്‍കാല കിഴക്ക് രതീഷ് ഭവനില്‍ ബിന്ദു, തുരുത്തിക്കര തൊടുവേല്‍ പുത്തന്‍വീട്ടില്‍ ഓമന എന്നിവരുടെ വീടുകളും കുന്നത്തൂര്‍ പടിഞ്ഞാറ് മാണിക്യമംഗലത്ത് മഠത്തില്‍ ശ്രീജിത്തിന്റെ കാലിതൊഴുത്തും മരം വീണ് തകര്‍ന്നു. പടിഞ്ഞാറെ കല്ലട വലിയപാടം പടിഞ്ഞാറ് കല്ലുവെട്ടാംവിള വീട്ടില്‍ രാധയുടെ വീടിനു മുകളില്‍ വന്‍ പുളിമരം പിഴുതുവീണ് മേല്‍ക്കൂരയും ഭിത്തിയും പൂര്‍ണമായും തകര്‍ന്നു. മരിയാപുരം-മാന്തേചരുവ് റോഡില്‍ തേക്കുമരം വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടിവീണു.
മാംകൂട്ടം കാരൂര്‍ കിഴക്കതില്‍ കോളനിയില്‍ മരം വീണ് ലൈന്‍ പൊട്ടി പോസ്റ്റ് നിലം പതിച്ചു. തേക്കുമരം വീണ് ശൂരനാട് തെക്ക് ആയിക്കുന്നം ശ്രീകൃഷ്ണ വിലാസം ത്യാഗരാജന്റെ വീട് തകര്‍ന്നു. കുന്നത്തൂര്‍, പടിഞ്ഞാറെ കല്ലട, ശാസ്താംകോട്ട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകളിലെ വിവിധ ഏലാകളില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. വാഴ കൃഷിയാണ് കൂടുതലായും നശിച്ചിട്ടുള്ളത്. അതിനിടെ മുന്‍ പ്രളയങ്ങളുടെ അനുഭവത്തില്‍ കല്ലടയാറിന്റെ തീരത്തുള്ള കുന്നത്തൂര്‍, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളില്‍ മുന്‍ കരുതല്‍ നടപടി സ്വീകരിച്ചതായി തഹസീല്‍ദാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: