ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്റര്‍ മിലാനും യുറോപ്പ ഫുട്ബോള്‍ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളിന് ഓസ്ട്രിയന്‍ ക്ലബ് ലാസ്ക് ലിന്‍സിനെ പരാജയപ്പെടുത്തി. രണ്ട് പാദങ്ങളിലുമായി യുണൈറ്റഡ് 7-1ന് ജയിച്ചുകയറി. അഞ്ചു മാസം മുമ്പ് നടന്ന ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ യുണൈറ്റഡ് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് വിജയം നേടിയിരുന്നു.
രണ്ടാം പാദ മത്സരത്തിന്റെ അമ്പത്തിയഞ്ചാം മിനിറ്റില്‍ ലാസ്ക് ലീഡ് നേടി. ഫിലിപ്പ് വീസിങ്ങറാണ് ഗോള്‍ നേടിയത്. രണ്ട് മിനിറ്റിനു ശേഷം യുണൈറ്റഡ് ഗോള്‍ മടക്കി. ജെസി ലിന്‍ഗാര്‍ഡാണ് സ്കോര്‍ ചെയ്തത്. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ യുണൈറ്റഡ് വിജയഗോളും കുറിച്ചു. ആന്റണി മാര്‍ഷ്യലാണ് സ്കോറര്‍.
ഗറ്റാഫെയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്റ ക്വാര്‍ട്ടറിലെത്തിയത്. റൊമേലു ലുകാകു, ക്രിസ്റ്റ്യന്‍ എറിക്സണ് എന്നിവര്‍ സ്കോര്‍ ചെയ്തു. യുറോപ്യന്‍ ലീഗ് നിര്‍ത്തവയ്ക്കുന്നതിന് മുമ്പ് ഈ ടീമുകള്‍ തമ്മിലുള്ള ആദ്യ പാദ മത്സരം പൂര്‍ത്തിയായിരുന്നില്ല. അതിനാല്‍ രണ്ടാം പാദത്തിലെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍ ക്വാര്‍ട്ടറിലെത്തി.
എഫ്സി കോപ്പന്ഹേഗും ക്വാര്‍ട്ടറില്‍. ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ അവര്‍ രണ്ടാം പാദത്തില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തുര്‍ക്കി ക്ലബ് ബസാക്സീഹറിനെ തോല്‍പ്പിച്ചു. ഇരുപാദങ്ങളിലുമായി 3-1ന്റെ ജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: