ബീജിംഗ് : വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ 27 വർഷത്തെ ജയിൽ വാസത്തിൽ നിന്നും ഷാംഗ് യുഹുവാന്‍ മോചിതനായി. കിഴക്കന്‍ ജിയാംഗ്ഷി പ്രവിശ്യയിലെ സുപ്രീം പീപ്പിള്‍സ് കോടതി തെളിവുകളുടെ അഭാവത്തില്‍ ഷാംഗ് നിരപരാധിയാണെന്ന് വിധിച്ചതോടെയാണിത്. ചൈനയുടെ ചരിത്രത്തില്‍ തന്നെ കുറ്റം ചെയ്യാതെ ഏറ്റവും ദൈര്‍ഘ്യമേറിയ തടവ് ശിക്ഷയ്ക്ക് വിധേയനായ വ്യക്തിയായി മാറി 53 കാരനായ ഷാംഗ്.
ജിയാംഗ്ഷി പ്രവിശ്യയിലെ നാന്‍ചാംഗ് നഗരത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഷാംഗിനെ ജയിലിൽ അടയ്ക്കുന്നത്. 1993ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് വർഷത്തെ കോടതി നടപടികൾക്ക് ശേഷം ഷാംഗിനെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ രണ്ട് വര്‍ഷക്കാലയളവിനിടെ മറ്റ് കുറ്റങ്ങളിലൊന്നും ഏര്‍പ്പെടാതിരുന്നാല്‍ വധ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുമെന്നും കോടതി അറിയിച്ചു.
ഷാംഗ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. താന്‍ ആരെയും കൊന്നിട്ടില്ലെന്നും ചോദ്യം ചെയ്യലിനിടെ പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും ഷാംഗ് കോടതിയില്‍ പറഞ്ഞു. പുനര്‍ വിചാരണയ്ക്ക് കോടതി ഉത്തരവിട്ടെങ്കിലും അത് നടന്നത് 2001 നവംബറിലാണ്. എന്നാല്‍ ചൈനീസ് ഇന്റര്‍മീഡിയറ്റ് കോടതി ആദ്യ വിധി ശരിവയ്ക്കുകയും ഷാംഗിന്റെ അപ്പീല്‍ തള്ളുകയും ചെയ്തു.
ഒടുവില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജിയാംഗ്ഷി സുപ്രീം പീപ്പിള്‍സ് കോടതിയില്‍ കേസ് വീണ്ടും തുറന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഷാംഗ് നിരപരാധിയാണെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഷാംഗ് കൊല ചെയ്തെന്ന് തെളിയിക്കാനുള്ള യാതൊരു തെളിവുകളും ഇല്ലായിരുന്നു. തന്റെ 27 വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തിയതിന് ഷാംഗിന് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം.
ഷംഗിന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗമാണ് നഷ്ടമായത്. ഷാംഗിന്റെ രണ്ട് ആണ് മക്കളുടെയും വിവാഹം കഴിഞ്ഞു. ഇനി വയസായ അമ്മയെ നല്ലരീതിയില്‍ നോക്കണമെന്നാണ് ഷാംഗിന്റെ ആഗ്രഹം. അന്യായമായ വിചാരണവും, കസ്റ്റഡി പീഡനങ്ങളും അനധികൃത തടങ്കല്‍ വയ്ക്കലുമൊക്കെ ചൈനയില്‍ വര്‍ദ്ധിക്കുന്നതായി അന്താരാഷ്ട്ര തലത്തില്‍ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: