ശാസ്താംകോട്ട: കണ്ടൈയിന്‍മെന്റ് സോണ്‍ മാറിയ ശാസ്താംകോട്ടയില്‍ പോലീസ് ഓഫീസറുടെ അഴിഞ്ഞാട്ടം. ബാങ്കിലെത്തിയ വൃദ്ധരടക്കമുള്ള വരെ വിരട്ടിയോടിച്ച ശാസ്താംകോട്ട സിഐ ബാങ്ക് മാനേജരെ ഭീഷണിപ്പെടുത്തി അദേഹത്തിനെതിരെ പിഴശിക്ഷ നല്‍കി. ശാസ്താംകോട്ട എസ്ബിഐക്ക് മുന്നില്‍ ഇന്നലെ രാവിലെയാണ് സംഭവം. ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസാണ് സംഘര്‍ഷമുണ്ടാക്കിയത്.
പെന്‍ഷന്‍ വാങ്ങാനെത്തിയ വൃദ്ധരായവരെ ഉള്‍പ്പെടെ പോലീസ് വിരട്ടിയോടിച്ചതില്‍ പ്രതിഷേധം ശക്തമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ പ്രവര്‍ത്തിച്ച എസ്ബിഐയുടേയും ഇന്ത്യന്‍ ബാങ്കിന്റേയും ശാഖകളാണ് പോലീസിന്റെ ഇടപെടലില്‍ പൂട്ടേണ്ടി വന്നത്. എസ്ബിഐ ശാഖയില്‍ സെക്യൂരിറ്റി ജീവനക്കാരും ബാങ്ക് ജീവനക്കാരും ഇടപെട്ട് തിരക്ക് നിയന്ത്രിച്ച് തെര്‍മല്‍ സ്‌കാനറില്‍ പരിശോധന നടത്തിയാണ് അഞ്ചു പേര്‍ വീതമായി അകത്തേക്ക് കടത്തിവിട്ടു കൊണ്ടിരുന്നത്. എന്നാല്‍ ഇതേ സമയം അവിടെ എത്തിയ ശാസ്താംകോട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നേരിട്ടെത്തി പുറത്തു നിന്നവരെ വിരട്ടിയോടിക്കുകയും ആളിനെ കൂട്ടിയതിന്റെ പേരില്‍ ശാഖാ മാനേജര്‍ക്ക് രണ്ടായിരം രൂപാ പിഴയിടുകയും ചെയ്തു.
ശാഖയുടെ പുറത്ത് ആളുകള്‍ കൂട്ടമായി കൂടുന്നതിന് ബാങ്കിന് ഉത്തരവാദിത്വമില്ലെന്ന് അറിയിക്കുകയും പിഴയടക്കാന്‍ കഴിയില്ലെന്ന് ശാഖാ മാനേജരും നിലപാട് എടുത്തതോടെ ബ്രാഞ്ച് അടച്ചു പൂട്ടണമെന്നായി. ഒടുവില്‍ ശാഖാ മാനേജര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ ശേഷം അടച്ചു പൂട്ടുകയായിരുന്നു. പോലീസ് നടപടിയ്‌ക്കെതിരെ ശാഖാ മാനേജര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായി സൂചനയുണ്ട്.
തിങ്കളാഴ്ച മുതല്‍ രണ്ട് മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ആരംഭിച്ചിരുന്നു. ഇതു കൂടാതെ കോവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധതരം കാര്‍ഷിക വായ്പകള്‍ക്കുമായി നിരവധിപേരാണ് വിവിധ ബാങ്കുകളില്‍ എത്തുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല പോലീസ് ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എല്ലാ ശാഖകള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ അനാവശ്യമായി പോലീസ് ഇടപെട്ട് പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണെന്നാണ് ബാങ്ക് ജീവനക്കാരുടെ ആക്ഷേപം. ദിവസങ്ങളായി കണ്ടൈയിന്‍മെന്റ് സോണ്‍ ആയിരുന്നതിനാല്‍ ദൈനം ദിന ഇടപാടുകള്‍ മുടങ്ങിയവര്‍ക്ക് പോലീസിന്റെ നടപടി ഇരുട്ടടി ആയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: