ബേക്കല്‍: ബേക്കല്‍ തീരദേശമേഖലയില്‍ രണ്ടുതവണകളായി നടത്തിയ പരിശോധനയില്‍ 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മത്സ്യതൊഴിലാളികള്‍ അടക്കമുള്ളവരില്‍ ആശങ്ക വര്‍ധിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 17 പേര്‍ക്ക് കൂടി പോസിറ്റീവായതോടെയാണ് രോബാധിതരുടെ എണ്ണം 44 ആയി ഉയര്‍ന്നത്. പരിശോധനക്കെത്തിയവരില്‍ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു.
ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരവധിയുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
ഈ സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ പരിശോധനാക്യാമ്പുകള്‍ വേണമെന്നും അല്ലാത്ത പക്ഷം സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്നുമാണ് പൊതുവായ അഭിപ്രായം.
ബേക്കല്‍, കോട്ടിക്കുളം മേഖലകളില്‍ മത്സ്യതൊഴിലാളികുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവര്‍ക്കായി പരിശോധനാ ക്യാമ്പുകള്‍ നടത്തണമെന്ന് പഞ്ചായത്ത് ജാഗ്രതാ സമിതികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടു. ഉദുമ പഞ്ചായത്തില്‍ 86 കോവിഡ് ബാധിതരാണ് ചികിത്സയില്‍ കഴിയുന്നത്. പാതയോരങ്ങളില്‍ മത്സ്യവില്‍പ്പന നടത്തുന്നവരും കോവിഡ് പോസിറ്റീവായവരില്‍ ഉള്‍പ്പെടുന്നുണ്ട്.
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം തീരദേശവാസികളെ ആശങ്കയിലാക്കി കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം ഏറുന്നു. ഇന്നലെ കടപ്പുറത്ത് ആരോഗ്യ വകുപ്പ് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നാല് ആശാവര്‍ക്കര്‍മാരടക്കം 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെല്ലിക്കുന്ന് കടപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണം 83 ആയി.
ഇന്നലെ 75 പേരേയാണ് പരിശോധിച്ചത്. പ്രദേശം അതീവ സുരക്ഷാ മേഖലയാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഘട്ടങ്ങളിലായി കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കായി മരുന്ന് വിതരണം നടത്തും. വിറ്റാമിന്‍ സി ഉള്‍പ്പെടെയുള്ള മരുന്ന് നല്‍കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് പറഞ്ഞു. 36-ാം വാര്‍ഡില്‍ അമുനശീകരണം നടത്തി. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരെ വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: