സതാംപ്റ്റണ്: ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍നിയുടെയും പോള്‍ സ്റ്റര്‍ലിങ്ങിന്റെയും അടിപൊളി സെഞ്ചുറികളില്‍ അയര്‍ലന്‍ഡിന് അവിസ്മരണീയ വിജയം. മൂന്നാം ഏകദിനത്തില്‍ അവര്‍ ഏഴു വിക്കറ്റിന് ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചു.
നായകന് ഒയിന്‍ മോര്‍ഗന്റെ സെഞ്ചുറിയുടെ മികവില്‍ ഇംഗ്ലണ്ട് മുന്നോട്ടുവച്ച 329 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അയര്‍ലന്‍ഡ് വിജയതീരമണഞ്ഞു. തകര്‍ത്താടിയ പോള്‍ സ്റ്റര്‍ലിങ് 128 പന്തില്‍ 142 റണ്‍സ് അടിച്ചുകൂട്ടി. സ്റ്റര്‍ലിങ്ങാണ് കളിയിലെ കേമന്‍. ബാല്‍ബിര്‍നി 112 പന്തില്‍ 113 റണ്‍സും നേടി. രണ്ടാം വിക്കറ്റില്‍ സ്റ്റര്‍ലിങ്ങും ബല്ബീര്നിയും 214 റണ്‍സ് അടിച്ചെടുത്തു. മോര്ഗന് 86 പന്തില്‍ 104 റണ്‍സ് കുറിച്ചു. സ്കോര്‍: ഇംഗ്ലണ്ട് 49.5 ഓവറില്‍ 328, അയര്‍ലന്‍ഡ്: 49.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 329.
ഇംഗ്ലണ്ടിലെ മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ ഇതാദ്യമായാണ് ഒരു ടീം ഇത്രയും വിലയ വിജയലക്ഷ്യം പിന്തുടര്ന്ന് വിജയിക്കുന്നത്. 2002ലെ നാറ്റ്വെസ്റ്റ് ട്രോഫിയില്‍ സൗരവ് ഗാംഗുലിയുടെ ഇന്ത്യന്‍ ടീം സ്ഥാപിച്ച 326 റണ്‍സിന്റെ റെക്കോഡാണ് അയര്‍ലന്‍ഡ് മറികടന്നത്. ഇംഗ്ലണ്ടിനെതിരെ ഒരു ടീമിന്റെ ഏറ്റവും വലിയ നാലാമത്തെ റണ്‍ചേസാണിത്. റണ്‍സ് പിന്തുടര്ന്ന് അയര്‍ലന്‍ഡ് നേടുന്ന ഏറ്റവും വലിയ വിജയവും ഇത് തന്നെ. 2011ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 328 റണ്‍സ് ചേസ് ചെയ്തതായിരുന്നു അവരുടെ മുന്‍ റെക്കോഡ്. അന്നും അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചു.
അവസാന മത്സരത്തില്‍ തോറ്റെങ്കിലും ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇംഗ്ലണ്ടിന് 2-1ന് പരമ്പര സ്വന്തമായി. അതേസമയം അവസാന മത്സരത്തിലെ അവിശ്വസനീയ വിജയം അയര്‍ലന്‍ഡിന്റെ ആത്മവീര്യം ഉയര്‍ത്തും.
ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ട് മോര്‍ഗന്റെ സെഞ്ചുറിയില്‍ (106) 49.5 ഓവറില്‍ 328 റണ്‍സിന് പുറത്തായി. ബാന്റണ് (58), വില്ലി (51) കറന് (38 നോട്ടൗട്ട്) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. അയര്‍ലന്‍ഡിനായി ക്രെയ്ഗ് യങ് പത്ത് ഓവറില്‍ 53 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ലിറ്റില്‍, കാംഫര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.
329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് ഓപ്പണര്‍ ഡിലാനിയെ 12 റണ്‍സിന് നഷ്ടമായി. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ബാല്‍ബര്‍നി ഓപ്പണര്‍ സ്റ്റിര്‍ലിങ്ങിനൊപ്പം പൊരുതി നിന്ന് അയര്‍ലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചു. 2023ലെ ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റായ ഈ ലോകകപ്പ് സൂപ്പര്‍ ലീഗില്‍ ഇംഗ്ലണ്ടിന് രണ്ട് വിജയങ്ങളില്‍ നിന്ന് ഇരുപത് പോയിന്റും അയര്‍ലന്‍ഡിന് ഒരു ജയത്തില്‍ നിന്ന് പത്ത് പോയിന്റും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: