എല്ലാം ബ്രഹ്മമാണെന്ന് ഇനിയും വിവരിക്കുന്നു.
ശ്ലോകം 233
ഈശ്വരോ വസ്തു തത്ത്വജ്ഞോ
ന ചാഹം തേഷ്വവസ്ഥിതഃ
ന ച മത്സ്ഥാനി ഭൂതാനീ-
ത്യേവമേവ വ്യചീകഥത്
പരമാര്‍ത്ഥ തത്ത്വത്തെ അറിയുന്ന ഈശ്വരന് ഞാന്‍ അവയിലും അവ എന്നിലും സ്ഥിതി ചെയ്യുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ആരോപിത വസ്തുവിന് അധിഷ്ഠാനത്തില്‍ നിന്ന് വേറിട്ട് സത്തയില്ല.ബ്രഹ്മം മാത്രമേ വാസ്തവത്തിലുള്ളൂ. ജഗത്ത് അതില്‍ ആരോപിതമാണ്.
ഭഗവദ്ഗീതയില്‍ ഭഗവാന് ശ്രീകൃഷ്ണന്റെ പ്രസ്താവനയാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. ഗീത ഒമ്പതാം അദ്ധ്യായത്തില്‍ ‘മത്സ്ഥാനി സര്‍വഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ’ എന്നും നച മത്സ്ഥാനി ഭൂതാനി പശ്യ മേയോഗ മൈശ്വരം ‘എന്നും അടുത്തടുത്ത വരികളിലായി ഭഗവാന് പറയുന്നു. എല്ലാ ജീവജാലങ്ങളും എന്നിലാണ് ഞാന്‍ അവയില്‍ ഇല്ല. ഭൂതങ്ങള്‍ എന്നിലുമില്ല എന്റെ ഐശ്വരമായ യോഗത്തെ കാണൂ. പരസ്പരം വിരുദ്ധമായ പ്രസ്താവനയാണ് എന്ന് തോന്നാമെങ്കിലും അങ്ങനെയല്ല. അവിടെയാണ് യോഗൈശ്വര്യത്തെ പറയുന്നത്. ചേരാത്തവയെ ചേര്‍ക്കുന്ന അത്ഭുത പ്രതിഭാസമാണത്. മായ കൊണ്ടാണ് ഇത് സാധിക്കുന്നത്. ഭൂതങ്ങള്‍ എന്നിലെന്ന് പറഞ്ഞാല്‍ ബ്രഹ്മം സര്‍വ അധിഷ്ഠാനമെന്നര്ത്ഥം.
ആരോപിതമായ ജഗത്തിന്റെയും അധിഷ്ഠാനമായ ബ്രഹ്മത്തിന്റെയും രഹസ്യം അറിയുന്നവനാണ് ഈശ്വരന്. ഇതിനെ വസ്തുത്ത്വജ്ഞന് എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ബ്രഹ്മത്തില്‍ ജഗത്തില്ല. ജഗത്തില്‍ ബ്രഹ്മത്തെ ദര്‍ശിക്കാനും കഴിയില്ല. ഇത് രണ്ടും അറിയുന്നവനാണ് സര്‍വജ്ഞനായ ഈശ്വരന്. അത് തന്നെയാണ് ബ്രഹ്മം. ബ്രഹ്മം മാത്രമാണ് സത്യം എന്ന ജ്ഞാനത്തിന് കോട്ടം തട്ടാതെ തന്നെ ഈശ്വരന് ഈ ജഗത്തില്‍ വിഹരിക്കുന്നു. ‘ന ചാഹം തേഷ്വവസ്ഥിതഃ’ എന്നാല്‍ ശരീര മനോബുദ്ധികളുടെ സുഖം ദുഃഖം മുതലായ അനുഭവങ്ങളില്‍ താന്‍ അഭിമാനിക്കുന്നില്ല എന്നര്‍ത്ഥം. ‘ന ച മത്സ്ഥാനി ഭൂതാനി’ എന്നാല്‍ എന്നില്‍ നിന്ന് ഒന്നും ഉണ്ടായിട്ടില്ല എന്നും അറിയണം.
ഭൂതങ്ങള്‍ കല്പിതങ്ങള് മാത്രമായതിനാല്‍ അധിഷ്ഠാനമായ ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ല. അതു കൊണ്ടാണ് ഭൂതങ്ങള്‍ എന്നിലില്ല എന്ന് പറഞ്ഞത്. പ്രപഞ്ചം മായാകല്പിതമായതിനാല് അവസ്തു എന്ന് ഗീതയെ പ്രമാണമാക്കി സ്ഥാപിക്കുകയാണ്. ഈ ജഗത്തും ജീവജാലങ്ങളും വെറും പ്രതിഭാസം മാത്രമാണ്. കയറില്‍ പാമ്പിനെ കാണും പോലെയാണ്. ആപേക്ഷിക സത്ത മാത്രമേ ജഗത്തിനള്ളൂ. ശരീര മനോബുദ്ധികളാകുന്ന ഉപാധികളിലൂടെ നോക്കുമ്പോള്‍ ബ്രഹ്മം വിഷയ വികാരവിചാര രൂപമായ ജഗത്തായി കാണപ്പെടുന്നു. ഉപാധികള്‍ നീങ്ങിയാല്‍ ജഗത്തിന്റെ പ്രതീതിയും നീങ്ങും. ശരീര മനോബുദ്ധികള്‍ക്ക് അതീതമായി ഉയരുകയാണ് വേണ്ടത്. അപ്പോള്‍ അകവും പുറവും എങ്ങും നിറഞ്ഞ പരിപൂര്‍ണ ബ്രഹ്മത്തെ സാക്ഷാത്കരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: