ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട്. ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ഏഴു പതിറ്റാണ്ടു നീണ്ട ചരിത്രപരമായ അബദ്ധം തിരുത്തി കശ്മിരിനെ ഇന്ത്യന്‍ യൂണിയനില്‍ പൂര്‍ണമായും ലയിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നില്‍ നിന്ന് നയിച്ച ശക്തമായ നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തി പ്രചോദനമായി. ഒരുകാലത്ത് വിഘടനവാദികളുടേയും ഭീകരരുടേയും ശക്തി കേന്ദ്രമായിരുന്ന ശ്രീനഗര്‍ ജില്ല അടക്കം ഭീകരമുക്തമായതും 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ വാര്‍ഷികത്തെ ശ്രദ്ധേയമാക്കുന്നു.
ഈ വര്‍ഷം മാത്രം 138 ഭീകരരെയാണ് സുരക്ഷാ സേന കശ്മീരില്‍ വധിച്ചത്. ഇതില്‍ ലഷ്കര്‍ ഭീകരനായിരുന്ന ഇഷ്ഫാക് റഷീദ്ഖാനെ കഴിഞ്ഞയാഴ്ച വധിച്ചതോടെയാണ് ശ്രീനഗറിനെ ഭീകര വിമുക്തമായി സേന പ്രഖ്യാപിച്ചു. ബാരാമുള്ള അടക്കമുള്ള ജില്ലകള്‍ നേരത്തെ ഭീകരമുക്തമായി പ്രഖ്യാപിച്ചിരുന്നു. പുല്‍വാമ അടക്കമുള്ള ജില്ലകളും ഇതേ പാതയിലാണ്.
പ്രത്യേക അധികാരങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ ശതകോടികളുടെ വികസന പദ്ധതികളാണ് ജമ്മു കശ്മീരിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 80,063 കോടി രൂപയുടെ വികസന പാക്കേജില്‍ 63 പദ്ധതികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിച്ചുവെന്നത് ശ്രദ്ധേയം. പതിനായിരത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതുവഴി സാധിച്ചു. പുതിയ അമ്പത് ഡിഗ്രി കോളേജുകള്‍ ആരംഭിച്ചതോടെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മുടങ്ങിപ്പോയ കശ്മീരി വിദ്യാര്‍ത്ഥികളുടെ പഠനം പുനരാരംഭിക്കാനായി.
പുതിയ ഏഴ് മെഡിക്കല്‍ കോളേജുകള്‍, അഞ്ച് നഴ്സിങ് കോളേജുകള്‍, ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങി ആരോഗ്യ മേഖലയില്‍ വലിയ വിപ്ലവം തന്നെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കശ്മീരില്‍ സംഭവിച്ചത്. ആരോഗ്യ മേഖലയില്‍ മാത്രം ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.
370-ാം വകുപ്പ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ കശ്മീരിനെ കലാപഭൂമിയാക്കാനുള്ള നീക്കം ഫലപ്രദമായി പ്രതിരോധിക്കാനും കേന്ദ്ര സര്‍ക്കാരിനും ആഭ്യന്തര മന്ത്രാലയത്തിനും സാധിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്ന കശ്മീരിലെ രാഷ്ട്രീയവിഘടനവാദ നേതാക്കളെ കരുതല്‍ തടങ്കലിലും വീട്ടുതടങ്കലിലും ആക്കിയതോടെ കശ്മീര്‍ അക്ഷരാര്‍ത്ഥത്തില്‍ ശാന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: