ഇടുക്കി: തുടര്‍ച്ചയായ മൂന്നാമത്തെ ചൊവ്വാഴ്ചയും ഇടുക്കിയില്‍ കൊറോണ ഫലമില്ല. കോട്ടയം തലപ്പാടിയിലെ ലാബ് അവധിയായതിനാല്‍ ആണിത്. ജില്ലയില്‍ രോഗികളുടെ എണ്ണം ദിനം പ്രതി കൂടുമ്പോള്‍ ഇത്തരത്തില്‍ ലാബിന്റെ പ്രശ്നംമൂലം ഫലം കിട്ടാതെ വരുന്നത് ക്വാറന്റൈനില്‍ ഇരിക്കുന്നവരെ ഉള്‍പ്പെടെ ആശങ്കപ്പെടുത്തുകയാണ്.
അതേ സമയം ജില്ലയില്‍ ചിലയിടങ്ങളില്‍ ഇന്നലെ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇന്ന് മാത്രമെ വരികയുള്ളൂ. ഇന്നലെ 26 പേര്‍ക്ക് ജില്ലയില്‍ രോഗമുക്തിയുണ്ട്.
ഈ മാസം ഇതുവരെ 82 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കുറയുന്നത് ആശ്വാസമാകുമ്പോഴും ഫലം വരാന്‍ വൈകുന്നത് തിരിച്ചടിയാകുകയാണ്. ഫലം ലഭിക്കില്ലെന്ന് അറിയാവുന്നതിനാല്‍ ഞായറാഴ്ച ഉച്ചക്ക് ശേഷം തിങ്കളാച്ച ഉച്ചവരെ സ്രവ സാമ്പിളുകള്‍ ഒന്നും അയച്ചിരുന്നില്ല.
ജില്ലയില്‍ ഇതുവരെ ആകെ രോഗം ബാധിച്ചവര്‍ 885 ആണ്. ഇതില്‍ മൂന്ന് പേര് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വൈകി മരിച്ച പോലീസുകാരന്റെ മരണം ഔദ്യോഗികമായി ഇതുവരെ കൊറോണയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ ആകെ 579 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 303 പേരാണ് ചികിത്സയിലുള്ളത്.
എറണാകുളം-7, കോട്ടയം-7, ആലപ്പുഴ-1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ കോട്ടയം ജില്ലക്കാരാനായ ഒരാള്‍ ജില്ലയിലും ചികിത്സയിലുണ്ട്. ഇന്നലെ 568 പേരുടെ സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചപ്പോള്‍ ആകെ 862 പേരുടെ ഫലം ലഭിക്കാനുണ്ട്. 24795 സാമ്പിളാണ് ഇതുവരെ ആകെ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: