ആഗസ്റ്റ് 5ന് അയോധ്യയില്‍ മഹത്തായ ശ്രീരാമക്ഷേത്രനിര്മാണത്തിനു ഭൂമിപൂജ നടക്കുമ്പോള്‍, അഞ്ഞൂറിലധികം വര്‍ഷങ്ങളുടെ തീക്ഷ്ണമായ സമരങ്ങളുടെയും ലക്ഷക്കണക്കിനു ഭക്തരുടെ ബലിദാനത്തിന്റെയും ചരിത്രത്തിനു ശുഭപര്യവസാനം കുറിക്കപ്പെടുകയാണ്. ഈകാലമത്രയും മനുഷ്യരക്തത്താല്‍ ചുവന്നൊഴുകിയ സരയൂനദിയും തീരവും ബാബര്‍ ചക്രവര്‍ത്തിയുടെയും അദ്ദേഹത്തിന്റെ ക്രൂരനായ സൈന്യാധിപന് മീര്ബാക്കിയൂടെയും ബ്രിട്ടീഷ് പട്ടാളത്തിന്റെയും തുടര്‍ന്ന് അവസരവാദികളായ കോണ്‍ഗ്രസ് ഭരണകൂടത്തിന്റെയും ഉരുക്കുമുഷ്ടിക്കും ക്രൂരമായ മര്‍ദ്ദനത്തിനും കിരാതമായ അടിച്ചമര്‍ത്തലുകള്‍ക്കും സാക്ഷ്യംവഹിച്ചു. ഒരുതരത്തില്‍ ഈ അദ്ധ്യായങ്ങളില്‍ അവസാനത്തതാണ് മുഖ്യമന്ത്രിയായിരുന്ന മുലായംസിങ്ങിന്റെ നേതൃത്വത്തില്‍ അഴിച്ചുവിട്ട അതിക്രൂരമായ മര്ദ്ദനതാണ്ഡവം. 1990 ഒക്ടോബര്‍ 30നു നടന്നകര്സേവയില് പങ്കെടുക്കുവാന്‍ ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍നിന്നു തിരിച്ചരാമഭക്തര്ക്ക് ഒരുലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ശ്രീരാമജന്മഭൂമിയില് ഭവ്യമായ ഒരുക്ഷേത്രത്തിന്റെ നിര്‍മ്മാണം സാദ്ധ്യമാക്കുക.
കേരളത്തില്‍നിന്നും അഞ്ഞൂറോളം കര്‍സേവകര്‍ അയോധ്യയിലേക്ക് യാത്രതിരിച്ചിരുന്നു. തീവണ്ടികള്‍ യു.പി. യില്‍ കടന്നാല്‍, യാത്രക്കാരെ അരിച്ചുപെറുക്കി, കര്‍സേവകരെ അറസ്റ്റ്ചെയ്യുകയായിരുന്നു ഭരണ കൂടം. അങ്ങനെ പിടിക്കപ്പെട്ടവരെ വലിയ ലാത്തികളും തോക്കിന്റെ പാത്തിയുമൊക്കെ ഉപയോഗിച്ച് വളഞ്ഞിട്ട് തല്ലുകയായിരുന്നു. യു.പി. പോലീസ് കൂടാതെസി.ആര്.പി.എഫ്, ബി.എസ്.എഫ്, ഇന്‍ഡോ ടിബറ്റന്‍ ബോര്ഡര്ഫോഴ്സ് തുടങ്ങിയവരുള്‍പ്പടെ നാല്‍പ്പതിനായിരം പേരെ വിന്യസിച്ചിരുന്നു. അവരറിയാതെ ഒരുപക്ഷിപോലും യു.പിക്കുള്ളില്‍ കടക്കരുതെന്നായിരുന്നു.മലയാളികര്‍ സേവകരെമിക്കവാറും ഝാന്‍സിയില്‍ തന്നെ പിടികൂടി. തിരുവനന്തപുരത്തെ മാണിക്കം ഉള്പ്പെടെപലര്ക്കും ക്രൂരമായമര്‍ദ്ദനം ഏല്ക്കേണ്ടിവന്നു.ഞാന്‍ അറിയാവുന്ന ഹിന്ദിയില്‍ വാരാണസി യൂണിവേഴ്സിറ്റിയില്‍ പോകുകയാണെന്നൊക്കെ പറഞ്ഞൊപ്പിച്ചു പോലീസ് പിടിയിലാകാതെ വാരാണസിയില്‍ എത്തി. അവിടെ എത്തിപ്പെട്ടത് ഞങ്ങള്‍ മൂന്നുപേര്‍ മാത്രമായിരുന്നു. മറ്റെല്ലാവരെയും അവര്‍ പിടികൂടി.
അവിടുന്നു ഫൈസാബാദിലേക്ക് ബസ്സുകയറി. വഴിയില്‍കണ്ട സ്റ്റേഷനുകളിലും പ്രധാനറോഡുകളിലുമെല്ലാം കര്‍ശനമായ പരിശോധനകളായിരുന്നു.കരസേവകര്‍ കയ്യില്‍ അവലോസ്പൊടിയും ലഘുഭക്ഷണപ്പൊതികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന കടലാസ്സും കരുതിയിരുന്നു. പോലീസ് ഇതാണ് തെരയുന്നതെന്നു മനസ്സിലാക്കി ഞാനതുപേകഷിക്കാന് പറഞ്ഞു. ജൗന്‍പൂര്‍ എന്ന പട്ടണത്തില്‍ വച്ചു ഞങ്ങളെ തടഞ്ഞു പിടികൂടി. അന്നു രാത്രി ലോക്കല്‍ സ്റ്റേഷനില്‍ ലോക്കപ്പില്‍ കിടന്നു. അവിടുത്തെ പോലീസുകാര്‍ വളരെ മാന്യമായി പെരുമാറി എന്ന് മാത്രമല്ല, അവര്‍ രാമഭക്തര്‍ എന്നനിലക്ക് ഞങ്ങളെ വളരെ ബഹുമാനത്തോടാണ് കണ്ടിരുന്നത്.അവരോട് സംസാരിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമാണ്. സര്‍ക്കാരിന്റെ ഉരുക്കു മുഷ്ടി ഭയന്ന് പ്രതികരിക്കാതെ കഴിയുകയാണ്,
അടുത്തദിവസം രാവിലെ ഞങ്ങളെ തിരികെ വാരാണസിയില്‍ കൊണ്ടുവന്നു. അടച്ചുപൂട്ടിക്കിടന്ന ഒരുകെമിക്കല് ഫാക്ടറിയാണ് താല്‍ക്കാലിക ജെയിലാക്കി ഒരുക്കിയിരുന്നത് . അവിടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍സേവകരെ കൊണ്ട് വന്നു.അവിടെ ഒത്തുകൂടിയപ്പോള്‍ എല്ലാവരും സാഹചര്യവുമായി ഇണങ്ങിയതായി തോന്നി. അവിടെ സംഘ ശിബിരം നടത്തുവാന്‍ തുടങ്ങി. ഗണഗീതവും പ്രാര്‍ത്ഥനയും ഒക്കെയായി കിട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കൊണ്ട് ആഹാരം പാകം ചെയ്തു അവിടെ കൂടാന്‍ തീരുമാനിച്ചതായി തോന്നി. ബംഗാളില്‍ നിന്ന് വന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥരായിരുന്നു. അവരുമായി ഞാന്‍ അടുത്തു. ഒരുമിച്ച് മതില് ചാടി കടന്നു അയോധ്യയ്ഡ് പോകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ മൂന്നുപേരും അവരോടൊപ്പം കൂടി. അതിലൊരാളുടെ ബന്ധുവിന്റെ വീട്ടില്‍ പോയി, ഇരുട്ടി തുടങ്ങിയപ്പോള്‍ നടന്നു തുടങ്ങി. നഗരമാകെ പോലീസിന്റെ പിടിയിലാണ്. വൈകിയപ്പോള്‍ യാത്ര ബുദ്ധിമുട്ടായി. അവിടെ കണ്ട ഒരു കൊച്ചു ലോഡ്ജില്‍ പോയി മുറിയെടുത്തു. അവിടെ ഒരാള്‍ ഞങ്ങളെ കണ്ടു കാര്യങ്ങള്‍ തിരക്കി. മലയാളിയാണെന്നറിഞ്ഞപ്പോള്‍ സഹായിക്കാന്‍ തയ്യാറായി. അയാള്‍ക്ക് അവിടുത്തെ പോലീസ് കാരുമായി ബിസിനെസ്സ് ബന്ധം ഉണ്ടായിരുന്നു. ഞങ്ങളെ ഒരു പോലീസ് വണ്ടിയില്‍ തന്നെ വെളുപ്പിന് ഫൈസാബാദിനു 30 കിലോമീറ്റര്അകലെയുള്ള ഒരു കൊച്ചു ഗ്രാമത്തില്‍ കൊണ്ടാക്കി.
അവിടുത്തെ ഗ്രാമ മുഖ്യന് ഹൃദ്യമായ ആതിഥ്യം നല്കി. ഗ്രാമവാസികള്‍ വളരെ സന്തോഷത്തോടു കൂടി ഞങ്ങളെ എതിരേറ്റു. അന്ന് രാത്രി അവിടെ കൂടി. ഇതിനിടക്ക് കൂടെ വന്ന സന്തോഷിനു നടക്കാന്‍ വയ്യാതായി. അയാളെ ചുമന്നു കൊണ്ട് പോകേണ്ടതായി വന്നു. വെളുപ്പിന് തന്നെ അവരുടെ ട്രാക്റ്ററില്‍ വയലുകളിലൂടെ ഞങ്ങളെ 20 കിലോമീറ്റര്‍ കൊണ്ടുപോയി.ഞങ്ങള്‍ ഊട് വഴികളിലൂടെ വീണ്ടും ബാക്കി ദൂരം നടന്നു 28 നു അയോധ്യയില്എത്തി.
തര്‍ക്ക സ്ഥലമുള്ള നഗരത്തിന്റെ ഭാഗമെല്ലാം പോലീസിനെ കൊണ്ട് നിറച്ചിരുന്നു, പത്രം, ഫോണ്‍ തുടങ്ങിയ ആശയ വിനിമയം ഒന്നുമില്ല.ബാഹ്യ ലോകവുമായുള്ള ഒരുബന്ധവും അനുവദിക്കാതെ എല്ലാം അടിച്ചമാര്‍ത്താനുള്ള ഒരുക്കമായിരുന്നു. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് സന്യാസ ആശ്രമങ്ങളുള്ള ഭാഗത്താണ് കര്‍സേവകര്‍ തമ്പടിച്ചിരുന്നതു.വാല്മീകി രാമായണ മന്ദിര്‍ എന്ന ആശ്രമത്തിലാണ് ഞങ്ങള്‍ കൂട്ടിയത്. അവിടെയാണ് അശോക് സിംഗാള്‍ ഉള്‍പ്പടെ പ്രമുഖ നേതാക്കന്മാര് ഉണ്ടായിരുന്നത്. വിവിധ സംസ്ഥാനത്തില്‍ നിന്നുള്ള ചുമതലക്കാര്‍ കൂട്ടുന്ന യോഗത്തില്‍ ഞാനും പങ്കെടുത്തു. ആരും ആശ്രമ പരിസരം വിട്ടു പോകരുത് എന്ന് കര്‍ശന നിര്‍ദ്ദേശം ഉണ്ടായി. പുറത്തു പോയാല്‍ പോലീസ് പോക്കും. അങ്ങനെ 29നു വൈകുന്നേരം ആയപ്പോള്‍ ആശ്രമവും പരിസരവും കര്‍സേവകരെക്കൊണ്ട് നിറഞ്ഞു.
കല്ലേറില്‍ തലയ്ക്കു പരിക്കേറ്റ അശോക് ജിയും ഹരിമോഹന്‍ലാല്‍ ജി, ആചാര്യ ഗിരിരാജ് കിഷോര്‍, നൃത്യ ഗോപാല്‍ ദാസ് ജി, സ്വാമി ധര്‍മ്മേന്ദ്ര തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത യോഗം നടന്നു. 30 നു രണ്ട് ജാഥയായി രണ്ട് വശത്ത് കൂടെ ജന്മസ്ഥാനത്തു പോകാന്‍ നിശ്ചയിച്ചു. രാവിലെ വലിയ ആവേശവും പിരിമുറുക്കവും ആയിരുന്നു. ലാത്തി ചാര്‍ജും കണ്ണീര് വാതകവും പ്രതീക്ഷിച്ചു. എന്ത് വന്നാലും പ്രകോപിതരാകാതെ ആക്രമണം ഉണ്ടായാല്‍ അവിടെ ഇരുന്നു കുറേശ്ശേ മുന്നേറാന്‍ ആയിരുന്നു നിര്‍ദേശം. പ്രധാന വഴിയില്‍ കയറിയപ്പോള്‍ തന്നെ പോലീസുകാര്‍ വളയാന്‍ തുടങ്ങി. എന്നാല്‍ ഇരുവശത്തുമുള്ള കെട്ടിടങ്ങളില്‍ ഉള്ളവര്‍ ജയ് ശ്രീറാം വിളികളുമായി ആവേശം പകര്‍ന്നു. അവര്‍ കണ്ണീര് വാതകത്തെ നേരിടാന്‍ നനച്ച ചാക്ക് കഷണങ്ങള്‍ വിതരണം ചെയ്തു. എല്ലാവരും കണ്ണിനു ചുറ്റും ചുണ്ണാമ്പു തേച്ചു വരച്ചു. എല്ലാവരും തറയില്‍ ഇരുന്നു അടിവച്ച് അടിവച്ച് മുന്നേറി തുടങ്ങി. ജയ്ശ്രീറാം വിളികള്‍ ആകാശം മുട്ടെ മുഴങ്ങി കൊണ്ടിരുന്നു. പൊടുന്നനെ ഞെട്ടിക്കുന്ന വാര്‍ത്ത പരന്നു. മറ്റേ വഴിക്കു പോയ ജാഥയ്ക്ക്നേരെ വെടി വയ്പുണ്ടായി. നൂറില്‍ പരം ആളുകള്‍ മരിച്ചു വീണു. പക്ഷെ നമുക്ക് നിര്‍ദ്ദേശം പ്രകോപിതരാകാതെ, പിന്മാറാതെ ഇരുന്നു മുന്നേറുക. പോലീസ് കണ്ണീര് വാതകം നിരന്തരമായി പ്രയോഗിച്ചു. ഞങ്ങള്‍ അത് അതിജീവിച്ച് മുന്നോട്ടു പോയി.പട്ടാളക്കാര്‍ തോക്കു ഞങ്ങള്‍ക്കു നേരെ ചൂണ്ടിയാണ് നിന്നിരുന്നത്. കര്‍സേവകര്‍ ഉച്ചത്തില്‍ ഘോഷം മുഴക്കി. വെടി വച്ച് വീഴ്ത്തിയാലും പിന്തിരിയില്ല എന്ന അവസ്ഥ മനസ്സിലാക്കി. കളക്ടര്‍ നേതാക്കന്മാരുടെ യോഗം കൂടി. സ്ഥിതി ഗതി ശാന്തമായാല്‍ ദര്‍ശനം അനുവദിക്കാമെന്നേറ്റു.
ഉച്ച കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു ജാഥയായി ആശ്രമത്തിലേക്കു വന്നു. ഇതിനിടെ കേരളത്തില്‍ നിന്നും അവിടെ നേരത്തെ എത്തിയിരുന്ന ഗോപാലകൃഷ്ണന് ജി, വിശ്വം പാപ്പാ, രാജ ശേഖരന് ജി എന്നിവരെ കണ്ടുമുട്ടി.മരിച്ചവരുടെ എണ്ണത്തെ കുറിച്ചും പരുക്കേറ്റവരെ കുറിച്ചും ഒരു നിശ്ചയവും ഇല്ലായിരുന്നു. മരിച്ചവരില്‍ ബംഗാളില്‍ നിന്നുള്ള സഹോദരന്മാര് ഞങ്ങളോടൊപ്പം വാരണാസിയില്‍ വന്നവരായിരുന്നുവെന്നറിഞ്ഞു വളരെ വേദനയുണ്ടായി. തുടര്‍ന്ന് വീണ്ടും ജന്മ സ്ഥലത്തേക്ക് പോകാന്‍ തയ്യാറായി ഞങ്ങള്‍ അവിടെ കൂടി.രണ്ട് ദിവസം കഴിഞ്ഞു അവിടെ ചെല്ലാന്‍ അനുവാദം കിട്ടി. പക്ഷെ അത് നീണ്ടു നിന്നില്ല. അവിടെ വീണ്ടും പോലീസ് നടപടി ഉണ്ടായെന്നും അനേകം മൃതദേഹങ്ങള്‍ സരയു നദിയില്‍ എറിഞ്ഞുവെന്നുമുള്ള വാര്‍ത്തകള്‍ പരന്നു. എന്തായാലും ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ജനകീയമായ ഒരു സമരത്തെ ഈ തരത്തില്‍ രക്തത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നത്, ചരിത്രത്തില്‍ ജാലിയന്‍വാലാഭാഗ് പോലെ അപൂര്‍വ്വമാണ്.
എന്ത് വിലകൊടുത്തും ക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രതിജ്ഞയോട് തന്നെയാണ് ഓരോ കര്സേവകനും അവിടുന്നു പിരിഞ്ഞത്. ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ടോയെന്നുതന്നെ വീട്ടുകാര്ക്കറിയാന് കഴിയാത്ത വിധത്തില്‍ വാര്‍ത്താ വിനിമയമൊക്കെ സ്തംഭിച്ചിരുന്ന ഒരവസ്ഥയിലാണ് ഒന്നര മാസത്തോളം കഴിഞ്ഞു ഞാന്‍ വീട്ടില്‍ തിരിച്ചെത്തുന്നത്.
1990 ലെ കര്‍സേവയും അന്നുണ്ടായ ജീവാഹുതികളും രാമജന്മഭൂമി സമര ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. അതിനെത്തുടര്‍ന്നു രാജ്യത്താകമാനമുണ്ടായ ഹൈന്ദവ മുന്നേറ്റത്തിന്റെയും രാഷ്ട്രീയ മാറ്റങ്ങളുടെയും ഫലമായിട്ടാണ് വീണ്ടും മുപ്പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണെങ്കിലുംഅയോധ്യയിലെ രാമജന്മഭൂമിയില്‍ മഹാ ക്ഷേത്രമെന്ന രാഷ്ട്രത്തിന്റെ ദീര്‍ഘ നാളത്തെ സ്വപ്നം സാക്ഷാല്‍ കരിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: