രാമക്ഷേത്ര നിര്‍മാണത്തിനായുള്ള കര്‍സേവയില്‍ പങ്കാളിയാകാന്‍ വീട്ടുകാര്‍ നല്കിയ പിന്തുണ വിലമതിക്കാന്‍ കഴിയാത്തതാണെന്ന് തിരുവനന്തപുരം ചെന്തിട്ട മുന്‍ വാര്‍ഡ് കൗണ്‍സിലറായ ആര്യശാല സൗപര്‍ണ്ണിക വീട്ടില്‍ ജി. മാണിക്യം.
1992 ഡിസംബര്‍ ആറിലെ കര്‍സേവയിലാണ് മാണിക്യം സാനിധ്യം വഹിച്ചത്. കല്ല്യാണം കഴിഞ്ഞിട്ട് രണ്ടാം വര്‍ഷം. ഭാര്യ ഗര്‍ഭിണി. പക്ഷെ കര്‍സേവയില്‍ പങ്കെടുക്കാന്‍ കുടുംബം പൂര്‍ണപിന്തുണ നല്‍കുകയായിരുന്നു. ഒരിക്കലും ജീവനോടെ തിരിച്ചുവരാന്‍ കഴിയില്ലായെന്ന ഉറപ്പോടെയായിരുന്നു യാത്ര തിരിച്ചത്. പക്ഷെ ഭഗവാന് ശ്രീരാമന്റെ അനുഗ്രഹം സുരക്ഷിതമാക്കുകയായിരുന്നു. യുപിയിലെ ഫൈസാബാദ് സെന്‍ട്രല്‍ ജയിലില്‍ കടുത്ത മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നു. കൂടെയുണ്ടായിരുന്നവരുടെ തലവരെ പോലീസ് അടിച്ചു പൊട്ടിച്ചു. ഇരുട്ടിലായിരുന്നു പോലീസിന്റെ മര്‍ദ്ദനം.
ബിജെപി എംഎല്‍എയെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ജയിലിനുള്ളില്‍ പ്രശ്നാന്തരീക്ഷം സൃഷ്ടിച്ചത്. ജയിലിനുള്ളിലെ മറ്റ് കുറ്റവാളികളെ നിയോഗിച്ചാണ് ജയിലധികൃതര്‍ അക്രമം അഴിച്ചുവിട്ടത്. തുടര്‍ന്ന് പോലീസും രംഗത്തെത്തി. ഇതിനിടയില്‍ ജയിലിലെ വൈദ്യുത ബന്ധങ്ങള്‍ നിലച്ചതോടെ ഇരുട്ടത്ത് എല്ലാവരും കൂടി ആക്രമിക്കുകയാണുണ്ടായത്. ഈ സംഭവത്തില്‍ വീട്ടുകാര്‍ വല്ലാതെ ഭയപ്പെട്ടു. പത്രവാര്‍ത്തകളിലും ടിവിയിലും കൂടിയാണ് അന്ന് വിവരങ്ങള്‍ കുടുംബം അറിഞ്ഞിരുന്നത്. ഇന്നത്തെ മൊബൈല്‍ കമ്മ്യുണിക്കേഷന് ഇല്ലാത്തതുകൊണ്ട് വീട്ടുകാരുമായി ബന്ധം സ്ഥാപിക്കാനും കഴിഞ്ഞില്ല. അവര്‍ കരുതിയത് ഞാന്‍ ഒരിക്കലും തിരിച്ചു വരില്ലായെന്നുതന്നെയായിരുന്നു.
കര്‍സേവ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അവരുടെ സന്തോഷം ഞാന്‍ കണ്ടു. 1993 മാര്‍ച്ച് 31 ശ്രീരാമനവമി ദിവസം ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നു. ശ്രീറാം എന്ന് കുഞ്ഞിന് പേരിട്ടു. രാമദേവന്റെ അനുഗ്രഹം തന്നെയാണ് തന്റെ കുഞ്ഞിന്റെ ജനനം. കര്‍സേവയില്‍ പങ്കാളികളായ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനാഫലമാണ് ഇന്ന് സാധ്യമാകുന്നതെന്നും മാണിക്യം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: