ലഖ്നൗ: അയോധ്യ രാമക്ഷേത്ര പുനര്‍ നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ഇന്ന് നടക്കും. കൊറോണ വൈറസ് മാര്‍ഗ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകള്‍ പൂര്‍ത്തിയാക്കുക. ക്ഷേത്ര പുനര്‍ നിര്‍മാണത്തിനായി അയോധ്യാ നഗരം ഒരുങ്ങിക്കഴിഞ്ഞു.
ശിലാസ്ഥാപന കര്‍മങ്ങള്‍ക്കായി പതിനൊന്ന് മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ എത്തിച്ചേരും. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 32 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും. പന്ത്രണ്ട് നാല്പത്തിനാലും എട്ട് സെക്കന്‍ഡും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുക.
പ്രധാനമന്ത്രിക്കൊപ്പം അഞ്ച് പേരാണ് വേദിയിലുണ്ടാവുക. പതിനൊന്നരയ്ക്ക് തുടങ്ങുന്ന ഭൂമിപൂജ രണ്ട് മണിവരെ നീളും. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്ക് എത്തിച്ചിട്ടുണ്ട്.
ശിലാന്യാസച്ചടങ്ങിലെ പ്രധാന സാന്നിധ്യമായി കണക്കാക്കുന്ന ആര്‍എസ്എസ് സര് സംഘചാലക് മോഹന്‍ ഭാഗവത് ചൊവ്വാഴ്ചത്തന്നെ അയോദ്ധ്യയിലെത്തി. രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മോദിയോടൊപ്പം വേദി പങ്കിടുക.
ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീ രാം ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഒരു പാരിജാത വൃക്ഷ തൈ നടുമെന്ന് മഹാന്ത് രാജ്കുമാര് ദാസ് വ്യക്തമാക്കി. ഈ വൃക്ഷത്തെ ദൈവികമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ സന്യാസി പരമ്പരകളുടെ പ്രതിനിധികളായ 135 പേര് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെക്കൂടാതെ ചടങ്ങിന് മേല്‍നോട്ടം വഹിക്കും.
ആകെ 175 പേര്‍ക്കാത്രമാണ് ക്ഷണക്കത്ത് നല്‍കിയിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ ക്ഷണക്കത്ത് നല്‍കിയത് കേസ് കോടതിയിലെത്തിച്ച ഇഖ്ബാല്‍ അന്‍സാരിക്കാണ്. ക്ഷണം സ്വീകരിച്ച ഇഖ്ബാല്‍ അന്‍സാരി പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പുനര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് സരയൂ നദീ തീരത്ത് നിരവധി വേദികള്‍ തീര്‍ത്ത് നദീപൂജയും തര്‍പ്പണവും ചൊവ്വാഴ്ച വിവിധ സന്യാസി സമൂഹങ്ങള്‍ നടത്തി. 11000 ചിരാതുകള്‍ തെളിയിച്ചാണ് ദീപോത്സവവും ആരതിയും നടന്നത്. നിലവില്‍ രാംലാല വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിലും രാമാചര്‍ച്ചന നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: